മന്ത്രിസഭാ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് ബി കത്ത് നല്‍കി

തിരുവനന്തപുരം : രണ്ടാം പിണറായി മന്ത്രിസഭയുടെ പുനഃസംഘടന വേഗത്തില്‍ വേണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് (ബി) എല്‍.ഡി.എഫ് മുന്നണി നേതൃത്വത്തിന് കത്ത് നല്‍കി. നവകേരള സദസിന് മുന്‍പ് പുനഃസംഘടന വേണമെന്നാണ് ഗണേഷ് കുമാര്‍ വിഭാഗത്തിന്റെ ആവശ്യം. കേരളാ കോണ്‍ഗ്രസ് ബി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായരാണ് കത്ത് നല്‍കിയത്. മുന്‍ ധാരണ പ്രകാരം നവംബറില്‍ ഗണേഷിന് മന്ത്രിസ്ഥാനം കിട്ടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് കേരള കോണ്‍ഗ്രസ് (ബി).

ആദ്യ രണ്ടര വര്‍ഷം കെ കൃഷ്ണന്‍കുട്ടി, ആന്റണി രാജു എന്നിവര്‍ക്കും രണ്ടാമത്തെ രണ്ടര വര്‍ഷം ഗണേഷ് കുമാറിനും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിസ്ഥാനം നല്‍കുമെന്നത് എല്‍.ഡി.എഫ് നേതൃത്വം നേരത്തെ നല്‍കിയ ഉറപ്പാണ്. അത് ലംഘിക്കുമെന്ന് കേരള കോണ്‍ഗ്രസ് ബി കരുതുന്നില്ല. നവംബറില്‍ സര്‍ക്കാര്‍ രണ്ടര വര്‍ഷം പൂര്‍ത്തിയാകും വരെ മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് കത്ത് നല്‍കാതിരുന്നത് പാര്‍ട്ടിയിലെ ധാരണ പ്രകാരമാണ്. സമയപരിധി തീരാനായതോടെയാണ് ഔദ്യോഗികമായി ആവശ്യപ്പെട്ടുള്ള സമ്മര്‍ദ്ദങ്ങളിലേക്ക് പാര്‍ട്ടിയും ഗണേഷും കടന്നത്.

Top