കേരളതീരത്ത് ശക്തമായ കാറ്റിന് സാധ്യത ; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിര്‍ദേശം

കൊച്ചി : കേരള തീരത്തേക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ദമോ അതിപ്രക്ഷുബ്ദമോ ആവാനുള്ള സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇന്ന് രാത്രി 11:30 വരെ പൊഴിയൂര്‍ മുതല്‍ കാസര്‍ഗോഡ് വരെയുള്ള കേരള തീരത്ത് 3.5 മുതല്‍ 4.1 മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന കേന്ദ്രം (INCOIS) അറിയിച്ചിട്ടുണ്ട്.

ജൂലൈ 22 മുതല്‍ ജൂലൈ 23 വരെ പടിഞ്ഞാറന്‍ ദിശയില്‍ നിന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനിടയുള്ള കേരള, കര്‍ണാടക ,തെക്ക് തമിഴ്നാട് ,ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനായി പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

തെക്ക്-പടിഞ്ഞാറന്‍ അറബിക്കടല്‍, മധ്യ അറബിക്കടല്‍ എന്നിവിടങ്ങളിലും ജൂലൈ 24 മുതല്‍ ജൂലൈ 26 വരെ മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍, തെക്ക്-പടിഞ്ഞാറന്‍ അറബിക്കടലിലും മത്സ്യബന്ധനത്തിന് പോകരുതെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു

Top