ആളുകളില്‍ ഭീതിയുണ്ടാക്കുന്ന തരത്തില്‍ പ്രസ്താവന പാടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതാണ് നല്ലതെന്ന തരത്തില്‍ പ്രസ്താവന നടത്തിയ ജില്ലാ കളക്ടറെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ആളുകളില്‍ ഭീതി ഉണ്ടാക്കുന്ന തരത്തിലുള്ള പ്രസ്താവന പാടില്ലെന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന അവലോകനയോഗത്തില്‍ കളക്ടറോട് മുഖ്യമന്ത്രി പറഞ്ഞു.

വീട്ടില്‍ നിന്ന് ആരും പുറത്തിറങ്ങരുത് എന്ന് സര്‍ക്കാര്‍ പറഞ്ഞിട്ടില്ല. അത് കൂടുതല്‍ ആശങ്കയുണ്ടാക്കുക മാത്രമേ ചെയ്യൂ. ഇത്തരം പരിഭ്രാന്തിയുണ്ടാക്കുന്ന പ്രസ്താവനകള്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍വകലാശാലാ പരീക്ഷകള്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നില്ല.

തിരുവനന്തപുരത്ത് മാളുകളോ ബീച്ചുകളോ നിര്‍ബന്ധപൂര്‍വം അടപ്പിക്കില്ല. മാളുകള്‍ അടയ്ക്കണം എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല. ബീച്ചുകളില്‍ ആളുകളെ കൂട്ടത്തോടെ ഒഴിപ്പിക്കുന്ന സാഹചര്യം നിലവിലില്ല. ഇതൊക്കെ കൂടുതല്‍ ആളുകളെ പരിഭ്രാന്തിയിലാക്കുകയേ ഉള്ളൂ. പക്ഷേ ആളുകള്‍ കൂട്ടത്തോടെ ഉള്ള സന്ദര്‍ശനം ഒഴിവാക്കുന്നത് തന്നെയാണ് നല്ലതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Top