‘പാഠപുസ്തകങ്ങളിൽ ചരിത്രം തിരുത്താനുള്ള ആർഎസ്എസ് ശ്രമം കേരളത്തിൽ അനുവദിക്കില്ല’; മുഖ്യമന്ത്രി

മലപ്പുറം: ആർഎസ്എസ് പാഠപുസ്തകങ്ങളിലെ ചരിത്രം തിരുത്തി എഴുതുന്നുവെന്നും കേരളത്തിലെ പാഠപുസ്തകങ്ങളിൽ ഒരു മാറ്റവും വരുത്താൻ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വഭേദഗതി നിയമം ഒരു കാലത്തും ഇവിടെ നടപ്പാക്കില്ല. ഇത്തരത്തിലുള്ള വർഗീയ നീക്കങ്ങൾ വരുമ്പോൾ മതനിരപേക്ഷർ എന്ന് പറയുന്ന ചിലർ എതിർക്കാൻ തയ്യാറാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക വകുപ്പ്, തുഞ്ചൻ സ്മാരക ട്രസ്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിൽ തുഞ്ചൻ പറമ്പിൽ എം ടി ക്ക് ആദരം സമർപ്പിക്കുന്ന പരിപായിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

സാംസ്കാരിക പ്രവർത്തനം എങ്ങനെയാകണമെന്നുള്ള മാതൃക എം ടി തന്റെ പ്രവർത്തനതിലൂടെ കാഴ്ച വെച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതനിരപേക്ഷതയുടെ ഇടമായി തുഞ്ചൻ പറമ്പിനെ മാറ്റി. എം.ടി. കേരളീയർക്ക് അഭിമാനമാണ്. അക്ഷര മഹത്വം ആണ് മലയാളിക്ക് എം.ടി. എഴുത്തുകാർക്ക് ഇന്ന് സമൂഹത്തിലെ ജീർണത തുറന്നു കാണിക്കാൻ പറ്റുന്നില്ല. ഭരണഘടന വിരുദ്ധ ശക്തികൾ അനുവദിക്കുന്നില്ലെന്നും പിണറായി വിജയൻ പറഞ്ഞു. മന്ത്രിമാരായ സജി ചെറിയാൻ, അബ്ദുറഹ്മാൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. നടൻ മമ്മൂട്ടി മുഖ്യാതിഥിയായിരുന്നു.

Top