Kerala CM to skip statue unveiling with PM

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ആര്‍ ശങ്കര്‍ പ്രതിമാ അനാച്ഛാദന ചടങ്ങില്‍ പങ്കെടുപ്പിക്കാതിരുന്നത് അസഹിഷ്ണുതയുടെ ഭാഗമാണെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് രംഗത്ത്.

പ്രധാനനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രിക്ക് പകരം മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ ആരോപണ വിധേയനായ വെള്ളാപ്പള്ളിയെ അദ്ധ്യക്ഷനാക്കിയതിനെതിരെ പ്രതിഷേധമുയര്‍ത്തി സിപിഎം കൂടി രംഗത്ത് വന്നതോടെ പാര്‍ലമെന്റില്‍ വിഷയം സജീവ ചര്‍ച്ചയാവിഷയമാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

മറ്റു പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയും ഇക്കാര്യത്തിലുണ്ടാവുമെന്നാണ് നേതൃത്വത്തിന്റെ പ്രതീക്ഷ.

മുഖ്യമന്ത്രി പങ്കെടുത്താല്‍ സംഘര്‍ഷമുണ്ടാവുമെന്ന് ഐബി റിപ്പോര്‍ട്ട് ഉണ്ടെന്ന് വെള്ളാപ്പള്ളി പറഞ്ഞത് ആയുധമാക്കി ആഞ്ഞടിക്കാനാണ് കോണ്‍ഗ്രസിന്റെയും ഇടതുപക്ഷത്തിന്റേയും തീരുമാനം.

വെള്ളാപ്പള്ളി- ഉമ്മന്‍ ചാണ്ടി ‘ധാരണയുടെ’ പുറത്താണ് വിലക്ക് നാടകം അരങ്ങേറിയതെന്ന ആക്ഷേപം നിലനില്‍ക്കുന്നുണ്ടെങ്കിലും ആര്‍എസ്എസ് നേതൃത്വവും കേന്ദ്രസര്‍ക്കാരും ഇടപെട്ടാണ് മുഖ്യമന്ത്രിക്ക് വിലക്കേര്‍പ്പെടുത്തിയതെന്ന് ചൂണ്ടിക്കാട്ടി മോദിയെ ‘കടന്നാക്രമിക്കാനാണ്’ പ്രതിപക്ഷത്തിന്റെ പദ്ധതി.

ഫെഡറല്‍ സംവിധാനത്തോടും പ്രോട്ടോകോളിനോടുമുള്ള വെല്ലുവിളിയാണ് ഈ നടപടിയെന്നാണ് അവരുടെ ആരോപണം.

വേദി പങ്കിടാതിരിക്കാന്‍ മാത്രം എന്ത് അയോഗ്യതയാണ് ഉമ്മന്‍ ചാണ്ടിക്കുള്ളതെന്നും ഇതുസംബന്ധമായി എന്ത് രഹസ്യതെളിവാണ് കേന്ദ്രസര്‍ക്കാരിന് ലഭിച്ചതെന്നും വ്യക്തമാക്കണമെന്നും സിപിഎം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നടപടിയായിരിക്കും പാര്‍ലമെന്റില്‍ സ്വീകരിക്കുകയെന്ന് സിപിഎം കേന്ദ്ര നേതൃത്വം വ്യക്തമാക്കി.

പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ പ്രതിഷേധമുയര്‍ത്താന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റും എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ശങ്കര്‍ പ്രതിമ അനാച്ഛാദന ചടങ്ങിലേക്ക് പ്രധാനമന്ത്രിയെ ക്ഷണിച്ച് ഔദ്യോഗികമായി കത്തയച്ചതെന്നിരിക്കെ, ആ ക്ഷണപ്രകാരം സംസ്ഥാനത്തെത്തുന്ന മോഡിക്ക് മുഖ്യമന്ത്രിയുടെ കൂടെ വേദി പങ്കിടാന്‍ എന്താണ് അയോഗ്യതയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം ചോദിക്കുന്നത്.

രാഹുല്‍ ഗാന്ധിക്കും സോണിയാ ഗാന്ധിക്കുമെതിരെ കടുത്ത നിലപാടുകളുമായി മുന്നോട്ട് പോകുന്ന കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാന്‍ പ്രതിമാ വിവാദം നല്ലൊരു ആയുധമായതിനാല്‍ ദേശീയ വ്യാപകമായി കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കുമെതിരെ പ്രതിഷേധിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്റ് സംസ്ഥാന ഘടകങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Top