ക്ഷേമ പെന്‍ഷന്‍ ഉടന്‍; നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 1000 രൂപയുടെ പലവ്യജ്ഞന കിറ്റ്

തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഉടന്‍ ആരംഭിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. 20 രൂപയ്ക്കു ഭക്ഷണം വിതരണം ചെയ്യുന്ന 1000 ഭക്ഷണശാലകള്‍ ആരംഭിക്കാനുള്ള പ്രവര്‍ത്തനം ത്വരിതപ്പെടുത്തും. ഇവിടെ നിന്ന് ഹോം ഡെലിവറിയും ഉണ്ടാകും. ഒരിടത്ത് 5 പേരില്‍ കൂടുതല്‍ ഉണ്ടാകരുതെന്ന നിര്‍ദേശം വിവാഹച്ചടങ്ങിന് ഇളവു ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

സംസ്ഥാനത്തിനു പുറത്തുള്ളവര്‍ അവിടങ്ങളില്‍ത്തന്നെ കഴിയണം. കേന്ദ്ര നിര്‍ദേശം അനുസരിച്ച് 21 ദിവസം ഈ സ്ഥിതി തുടരും. കേരളത്തില്‍ പ്രവേശിച്ചവരെ പ്രത്യേക കേന്ദ്രത്തില്‍ 14 ദിവസം നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമെന്ന നയത്തില്‍ മാറ്റമില്ല. തദ്ദേശ സ്ഥാപനങ്ങള്‍, വനം വകുപ്പ്, ഹോര്‍ട്ടികോര്‍പ് എന്നിവയെ അവശ്യ സര്‍വീസില്‍ ഉള്‍പ്പെടുത്തി.സന്നദ്ധ പ്രവര്‍ത്തകരെ വാര്‍ഡ് തലത്തില്‍ വിന്യസിക്കുകയും കൂടുതല്‍ പേരെ ഇതിലേക്കു കണ്ടെത്തുകയും ചെയ്യും. സംഘടനകളുടെ നിറവും മേന്മയും കാണിക്കാനുള്ള സന്ദര്‍ഭമായി ഇതിനെ എടുക്കരുത്. ആശുപത്രികളില്‍ കഴിയുന്നവര്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സൗജന്യ ഭക്ഷണം നല്‍കുന്നതിന്റെ ചുമതല ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്ക്.

ഹൃദ്രോഗം, വൃക്ക, കരള്‍ രോഗങ്ങള്‍ എന്നിവ ഉള്ളവര്‍ക്കു മരുന്ന് ഉറപ്പാക്കും.പാചകവാതകം, പാല്‍, പത്രം എന്നിവ വിതരണം ചെയ്യുന്നവര്‍ക്കു ബോധവല്‍ക്കരണം നടത്തണം.അത്യാവശ്യ സര്‍വീസ് നടത്തുന്നവര്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലെങ്കില്‍ ജില്ലാ ഭരണകൂടം താല്‍ക്കാലിക കാര്‍ഡ് നല്‍കും. ഓണ്‍ലൈനില്‍ അപേക്ഷ സ്വീകരിച്ച് ഉടന്‍ കാര്‍ഡ് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. സ്ഥാപനങ്ങള്‍ക്കും തിരിച്ചറിയല്‍ രേഖ നല്‍കാം.

പ്രൈമറി ഹെല്‍ത്ത് സെന്ററുകളിലും കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സ്ഥിരമായി വിതരണം ചെയ്യുന്ന മരുന്നുകള്‍ക്കു മുടക്കം ഉണ്ടാകില്ല. വീടുകളില്‍ത്തന്നെ കഴിയുമ്പോള്‍ അതു പരിസരത്തു പച്ചക്കറിക്കൃഷി വ്യാപകമാക്കാനുള്ള സന്ദര്‍ഭമായി മാറ്റണമെന്നു മുഖ്യമന്ത്രി നിര്‍ദേശിച്ചു. ഇപ്പോള്‍ കൃഷി നടത്തുന്നവര്‍ മെച്ചപ്പെടുത്തണം. ഭക്ഷ്യസാധനങ്ങളുടെ കുറവില്ല. 25 ഗോഡൗണുകളിലായി 8 മാസത്തേക്കുള്ള ഭക്ഷണമുണ്ട്.

കോവിഡ് വ്യാപനം തടയുന്ന നടപടികള്‍ക്കായി എല്ലാ കലക്ടര്‍മാര്‍ക്കും 50 ലക്ഷം രൂപ വീതം ദുരന്തനിവാരണ നിധിയില്‍നിന്ന് അനുവദിച്ചു. സംസ്ഥാനത്ത് ഒരു കുടുംബവും പട്ടിണി കിടക്കാതെ നോക്കും. രോഗികള്‍, പ്രായാധിക്യമുള്ളവര്‍, ഒറ്റയ്ക്കു താമസിക്കുന്നവര്‍ എന്നിവര്‍ക്കെല്ലാം അതതു തദ്ദേശ സ്ഥാപനങ്ങള്‍ ഭക്ഷണമെത്തിക്കും. ഇതിനു കമ്യൂണിറ്റി കിച്ചനുകള്‍ ആരംഭിക്കും.

സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും പലവ്യഞ്ജന കിറ്റുകള്‍ നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനു വ്യാപാരികളുടെ സഹായം തേടും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് 1000 രൂപയുടെ ഭക്ഷ്യവസ്തു കിറ്റ് സൗജന്യമായി നല്‍കാന്‍ രാവിലെ മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചിരുന്നു. വൈകിട്ട് അവലോകന യോഗത്തിനു ശേഷമാണ് മുന്‍ഗണനാ ലിസ്റ്റില്‍ പെടാത്തവര്‍ക്കു മാസം 15 കിലോ അരി വീതം ഓരോ കുടുംബത്തിനും കൊടുക്കുമെന്നും പുറമേ, എല്ലാവര്‍ക്കും പലവ്യഞ്ജന കിറ്റ് കൊടുക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

Top