സംസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കുന്നു; ജനജീവിതം ഭദ്രമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ നിലവിലെ സാഹചര്യങ്ങളില്‍ കൂടുതല്‍ ശക്തമായ നിയന്ത്രണങ്ങളിലേക്ക് പോവേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയന്ത്രണം ശക്തമാക്കുന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാനുള്ള സാഹചര്യം ഭദ്രമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രോഗം പകരുന്നത് സമ്പര്‍ക്കത്തിലൂടെയാണ്. റോഡുകള്‍, പൊതുസ്ഥലങ്ങള്‍ എന്നിവ ആളില്ലാത്ത ഇടങ്ങളായി മാറണം. നാടാകെ നിശ്ചലമാകണം. പൂര്‍ണസമയവും വീട്ടില്‍ കഴിയണം. പൊലീസ് ആണ് ഇക്കാര്യം ഉറപ്പുവരുത്തേണ്ടത്. വീട്ടില്‍ നിന്ന് പുറത്തിറങ്ങുന്നവര്‍ തിരിച്ചറിയല്‍ കാര്‍ഡോ അതേപോലെ പാസോ കൈയില്‍ കരുതണം. അതില്ലാത്തവരോട് എന്തിനാണ് പുറത്തിറങ്ങിയത് എന്തിനെന്ന് പൊലീസ് അന്വേഷിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ന്യായമായ, ഒഴിച്ചൂകൂടാന്‍ പറ്റാത്ത കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂയെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

സാധാരണ ഗതിയിലുളള സൗഹൃദ സന്ദര്‍ശനങ്ങള്‍, മാറ്റിവെക്കാവുന്ന എല്ലാ യാത്രകളും മാറ്റിവെക്കുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് പൂര്‍ണമായി നടപ്പാക്കല്‍ ജില്ലാ പൊലീസ് മേധാവിയുടെ വ്യക്തിപരമായ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരത്തില്‍ ഇടപെടാന്‍ പൊലീസിന് സാധിക്കണം. ഇതിന്റെ പേരിലുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കളക്ടര്‍ അടക്കുമുള്ള ജില്ലയിലെ ഉദ്യോഗസ്ഥര്‍ ധാരണയോടെ കൈകാര്യം ചെയ്യണമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top