‘സവർക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാൻ ശ്രമം’: മുഖ്യമന്ത്രി

തൃശ്ശൂർ: രാഹുൽ ഗാന്ധിക്കും കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയ്ക്കും എതിരെ വീണ്ടും ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയുടെ പ്രത്യയശാസ്ത്രം എത്ര മാത്രം കോൺഗ്രസ് ഉൾക്കൊള്ളുന്നു എന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിലെ സവർക്കറുടെ ചിത്രമെന്ന് മുഖ്യമന്ത്രി. സവർക്കറെ ധീര ദേശാഭിമാനി ആയി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു.

ബിജെപിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാൻ കോൺഗ്രസിന് ആകുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. ബിജെപിക്ക് കരുത്തുള്ളിടത്ത് കോൺഗ്രസ് എന്തെങ്കിലും ചെയ്യുന്നുണ്ടോ. ഭാരത് ജോഡോ യാത്ര പോലും ക്രമീകരിച്ചിരിക്കുന്നത് കേരളത്തിൽ 19 ദിവസവും, യുപിയിൽ 4 ദിവസവും എന്ന നിലയിലാണ്. ബിജെപിയെ തോൽപ്പിക്കാൻ താൽപ്പര്യം ഉള്ളവർ അതാത് സംസ്ഥാനങ്ങളിൽ ഒരുമിച്ചു നിൽക്കണം. തെരഞ്ഞെടുപ്പിന് ശേഷം എല്ലാവരും ചേർന്ന് ബിജെപിയെ പുറത്താക്കുന്ന കാര്യം ആലോചിക്കണം. കോൺഗ്രസ്‌ എന്നത് ഇന്ന് വലിയ ഒരു പാർട്ടിയല്ല. എന്നാൽ എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ ബിജെപി ഇതര പാർട്ടികൾ ഉണ്ട്.

കേരളത്തിൽ നിന്നും പോയ കോൺഗ്രസ്‌ എംപിമാർ കേരളത്തിന്‌ വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. അടുത്ത 25 വർഷം കൊണ്ട് കേരളത്തെ മധ്യവർഗ വരുമാനമുള്ള രാജ്യങ്ങളുടെ നിലവാരത്തിൽ എത്തിക്കും. പക്ഷെ ഇതനുവദിക്കില്ല എന്ന നിലപാടാണ് കോൺഗ്രസിനും ബിജെപിക്കും എന്ന് മുഖ്യമന്ത്രി തൃശ്ശൂരിൽ പറഞ്ഞു.

Top