സംസ്ഥാനത്ത് ഇന്ന് കൊറോണ സ്ഥിരീകരിച്ചത് 19 പേര്‍ക്ക്; നിലവില്‍ ചികിത്സയിലുള്ളത് 126 പേര്‍

തിരുവനന്തപുരം: 19 പേര്‍ക്കുകൂടി സംസ്ഥാനത്ത് ഇന്ന് കോവിഡ് ബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതോടെ സംസ്ഥാനത്തു രോഗം ബാധിച്ചവരുടെ എണ്ണം 138 ആയി. ഇതില്‍ 126 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. വയനാട് ജില്ലയില്‍ ആദ്യമായി ഒരാള്‍ക്കു കൊറോണ വൈറസ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ ഒമ്പത് പേര്‍ക്ക്, കാസര്‍കോട് മൂന്ന് പേര്‍ക്ക്, മലപ്പുറം മൂന്ന്, തൃശൂര്‍ രണ്ട്, ഇടുക്കി ഒന്ന് എന്നിങ്ങനെയാണ് ഇന്നു വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം ഭേദമായതിനെ തുടര്‍ന്ന് എറണാകുളത്ത് ചികില്‍സയിലായിരുന്ന മൂന്നു കണ്ണൂര്‍ സ്വദേശികളെയും രണ്ടു വിദേശ പൗരന്‍മാരെയും ഇന്ന് ആശുപത്രിയില്‍നിന്ന് വിട്ടയച്ചു.

പത്തനംതിട്ടയില്‍ ചികില്‍സയിലായിരുന്ന ഒരാളുടെ ഫലം നെഗറ്റീവായി. 1,20,003 ആളുകള്‍ നിരീക്ഷണത്തിലുണ്ട്. 1,01402 പേര്‍ വീടുകളിലും 601 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഇന്നു മാത്രം 136 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് 1342 സാംപിള്‍ പരിശോധനയ്ക്ക് അയച്ചു. കേന്ദ്രത്തിന്റെ കോവിഡ് പാക്കേജ് സ്വാഗതം ചെയ്യുന്നതായി സര്‍ക്കാര്‍ അറിയിച്ചു. ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ സര്‍ക്കാര്‍ സജ്ജമാണ്.

സര്‍ക്കാര്‍ ആശുത്രികള്‍ക്കു പുറമേ സംസ്ഥാനത്ത് 879 സ്വകാര്യ ആശുപത്രികളില്‍ 69,434 കിടക്കകള്‍ ഉണ്ട്. 5,607 ഐസിയു സൗകര്യമുണ്ട്. 716 ഹോസ്റ്റലുകളില്‍ 15,333 മുറികളുണ്ട്. കമ്മ്യൂണിറ്റി കിച്ചന്റെ പ്രവര്‍ത്തനം ചിലയിടങ്ങളില്‍ ആരംഭിച്ചു. മറ്റിടങ്ങളില്‍ സ്ഥലവും ഭക്ഷണ വിതരണത്തിന് ആളുകളെ കണ്ടെത്തി.

715 പഞ്ചായത്തുകള്‍ ഹെല്‍പ്പ് ലൈന്‍ സജ്ജീകരിച്ചിട്ടുണ്ട്. 15,433 വാര്‍ഡ് തല സമിതികള്‍ രൂപീകരിച്ചു. റേഷന്‍ കാര്‍ഡില്ലാതെ വാടക വീട്ടില്‍ കഴിയുന്നവര്‍ക്ക് ആധാര്‍ നമ്പര്‍ പരിശോധിച്ച് റേഷന്‍ കടകള്‍ വഴി ഭക്ഷ്യധാന്യം നല്‍കാന്‍ തീരുമാനമായി. ക്ഷേമപെന്‍ഷനുകളുടെ വിതരണം ആരംഭിച്ചു.

2,36,000 പേരുള്ള സന്നദ്ധസേന കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി രംഗത്തിറങ്ങും. പഞ്ചായത്തുകളില്‍ 200 പേരും മുനിസിപ്പാലിറ്റിയില്‍ 500പേരും 6 കോര്‍പ്പറേഷനുകളില്‍ 750 പേരും രംഗത്തുണ്ടാകും. 22 മുതല്‍ 40 വയസുവരെയുള്ളവരാണ് സന്നദ്ധസേനയില്‍ ഉണ്ടാകുക. സര്‍ക്കാരിന്റെ പോര്‍ട്ടല്‍ വഴി ഇതിനായി റജിസ്റ്റര്‍ ചെയ്യാം. ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും യാത്രാചെലവും നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Top