കര്‍ണാടകത്തില്‍ എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി സമ്മതം അറിയിച്ചു; എച്ച് ഡി ദേവഗൗഡ

ബെംഗളൂരു: കര്‍ണാടകത്തില്‍ ജെഡിഎസ് എന്‍ഡിഎയുമായി സഖ്യം ചേരുന്നതിന് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മതം അറിയിച്ചുവെന്ന് എച്ച് ഡി ദേവഗൗഡ. അതിനാലാണ് കേരളത്തില്‍ ഇപ്പോഴും ഇടത് സര്‍ക്കാരില്‍ ഞങ്ങളുടെ ഒരു മന്ത്രി ഉള്ളത്. ജെഡിഎസ് ബിജെപിക്കൊപ്പം പോയത് പാര്‍ട്ടിയെ രക്ഷിക്കാന്‍ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ബോധ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ ആ സഖ്യത്തിന് അദ്ദേഹം പൂര്‍ണ സമ്മതം തന്നിട്ടുണ്ടെന്നും എച്ച് ഡി ദേവഗൗഡ വ്യക്തമാക്കി.

ജെഡിഎസ് കേരള സംസ്ഥാന ഘടകം ഇപ്പോഴും പാര്‍ട്ടിയില്‍ തന്നെയുണ്ടെന്നും ദേവഗൗഡ പറഞ്ഞു. കേരള സംസ്ഥാന ഘടകം എന്‍ഡിഎയില്‍ ചേരുന്നതിന് സമ്മതം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. എന്‍ഡിഎ സഖ്യത്തെ എതിര്‍ത്ത കര്‍ണാടക സംസ്ഥാന അധ്യക്ഷന്‍ സിഎം ഇബ്രാഹിമിനെ പുറത്താക്കിയെന്ന് പ്രഖ്യാപിച്ചുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ദേവഗൗഡയുടെ ഈ പരാമര്‍ശം.

ജെഡിഎസ് കേരള ഘടകം എന്‍ഡിഎ ബന്ധത്തെ എതിര്‍ത്ത് എല്‍ഡിഎഫില്‍ ഉറച്ച് നില്‍ക്കും എന്ന് പ്രഖ്യാപിച്ചിരുന്നു. സംസ്ഥാനത്തെ ജെഡിഎസ് ഘടകം നിര്‍വാഹക സമിതിയോഗം ചേര്‍ന്ന് എന്‍ഡിഎ സഖ്യത്തില്‍ ചേരാനുള്ള തീരുമാനത്തിനെതിരെ പ്രമേയവും പാസ്സാക്കിയിരുന്നു.

Top