Kerala-chief-minister-announce new welfare schemes for nri

ദുബായ്: ഇന്ത്യയിലെ ഒരു ഭരണാധികാരിയും നല്‍കാത്ത സഹായങ്ങള്‍ വാഗ്ദാനം ചെയ്തും പ്രവാസികളെ കയ്യിലെടുത്തും മുഖ്യമന്ത്രി പിണറായി വിജയന്‍.

പ്രവാസികള്‍ക്കായി മുഖ്യമന്ത്രി പ്രഖ്യാപിച്ച ക്ഷേമ പദ്ധതികളില്‍ മലയാളി സമൂഹം സംതൃപ്തരാണെന്നാണ് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മുന്‍പ് പ്രധാനമന്ത്രി നരേന്ദ്രമോദി ദുബായിലെത്തിയപ്പോള്‍ ഏറ്റവും അധികം ആവേശത്തോടെ സ്വീകരിച്ചിരുന്നത് ലക്ഷക്കണക്കിന് വരുന്ന മലയാളികളായിരുന്നു.

എന്നാല്‍ പ്രവാസികള്‍ക്കായി കാര്യമായൊരു വാഗ്ദാനവും മോദിയുടെ ഭാഗത്ത് നിന്നും ഉണ്ടാവാതിരുന്നത് പ്രവാസിസമൂഹത്തെ നിരാശയിലാഴ്ത്തിയിരുന്നു. ഈ നിരാശയ്ക്കാണിപ്പോള്‍ പിണറായി പരിഹാരമുണ്ടാക്കിയിരിക്കുന്നത്.

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്നും ഗള്‍ഫില്‍ മരണമടയുന്ന നിര്‍ധനരായ പ്രവാസികളുടെ മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ഗള്‍ഫില്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങേണ്ടിവരുന്ന പ്രവാസിക്ക് ആറുമാസത്തെ ശമ്പളം നല്‍കും. മറ്റൊരു ജോലി കണ്ടെത്തും വരെയുള്ള ആശ്വാസം എന്ന നിലയ്ക്കാണ് ആറുമാസത്തെ ശമ്പളം നല്‍കുന്നത്.

അടിയന്തര ചികിത്സക്ക് പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള സൗകര്യം ഒരുക്കും. കേസുകളില്‍പ്പെടുന്ന തൊഴിലാളികള്‍ക്ക് നിയമസഹായം നല്‍കാന്‍ അഭിഭാഷക പാനല്‍ രൂപികരിക്കുമെന്നും പിണറായി വിജയന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ദുബായില്‍ മലയാളി സമൂഹം ഒരുക്കിയ സ്വീകരണ യോഗത്തില്‍ സംസാരിക്കവെയായിരുന്നു സഹായപ്രഖ്യാപനം.

മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം നടപ്പായാല്‍ ലക്ഷക്കണക്കിന് മലയാളി പ്രവാസികള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. പ്രത്യേകിച്ച് ഗള്‍ഫില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍.

കുടംബം പോറ്റാന്‍ ഗള്‍ഫ് രാജ്യങ്ങളില്‍ പോയ നിരവധി ഉത്തരേന്ത്യന്‍ തൊഴിലാളികളുടെ മൃതദേഹങ്ങള്‍ ഇപ്പോഴും ഇന്ത്യയിലേക്കെത്തിക്കാന്‍ കഴിയാതെ ഗല്‍ഫിലെ മോര്‍ച്ചറികളില്‍ കിടക്കുന്നതായ വാര്‍ത്തകള്‍ അടുത്തയിടെ പുറത്തു വന്നിരുന്നു.

മൃതദേഹങ്ങള്‍ സര്‍ക്കാര്‍ ചിലവില്‍ നാട്ടിലെത്തിക്കുമെന്ന പിണറായിയുടെ വാഗ്ദാനം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്കും എന്തിനേറെ കേന്ദ്രസര്‍ക്കാരിനു തന്നെയും പ്രചോദനമാകുന്നതാണ്.

പ്രവാസികള്‍ക്കായി സര്‍ക്കാര്‍ ജോബ് പോര്‍ട്ടല്‍ തുടങ്ങുമെന്ന പ്രഖ്യാപനം ഈ രംഗത്തെ തട്ടിപ്പ് അവസാനിപ്പിക്കാനും, നിയമനങ്ങള്‍ സുതാര്യമാക്കാനും വഴിയൊരുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ചെറിയ തെറ്റുകള്‍ക്ക്‌പോലും വലിയ ശിക്ഷ വിധിക്കുന്ന ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലാളികള്‍ക്ക് സൗജന്യ നിയമസഹായം നല്‍കാനുള്ള തീരുമാനവും തൊഴില്‍ നഷ്ട്ട്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് ആറുമാസത്തെ ശമ്പളം നല്‍കാമെന്നുള്ള പ്രഖ്യാപനവുമെല്ലാം വലിയ പ്രതീക്ഷയോടെയാണ് പ്രവാസി സമൂഹം നോക്കികാണുന്നത്.

Top