തിരുവനന്തപുരം എയര്‍പോര്‍ട്ട് ‘അങ്ങനെ’ അദാനിക്ക് കൊടുക്കേണ്ട

തിരുവനന്തപുരം എയര്‍പോര്‍ട്ട് 50 വര്‍ഷത്തേക്ക് അദാനി എന്റര്‍പ്രൈസസിന് കൈമാറാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനത്തെ വെല്ലുവിളിച്ച് കേരളം സുപ്രീംകോടതിയില്‍. ലേലനടപടികളില്‍ അവസാന നിമിഷം വരെ സംസ്ഥാന സര്‍ക്കാരിന്റെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ (കെഎസ്‌ഐഡിസി) പങ്കെടുത്തെങ്കിലും ഉയര്‍ന്ന വില രേഖപ്പെടുത്തിയ അദാനി കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ലേലത്തില്‍ വിജയിച്ചു.

അദാനിയുടെ ലേലത്തുകയ്ക്ക് തുല്യമായ തുക രേഖപ്പെടുത്തി എയര്‍പോര്‍ട്ട് നടത്തിപ്പ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചെന്നാണ് കേരളത്തിന്റെ വാദം. കൂടാതെ തങ്ങള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും, എയര്‍പോര്‍ട്ട് നടത്തിപ്പില്‍ അനുഭവസമ്പത്തുള്ളതായും കേരളം പറയുന്നു. നേരത്തെ ഈ വിഷയത്തില്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചില്ലെങ്കിലും ഇത് തള്ളിയിരുന്നു.

സ്വകാര്യ പാര്‍ട്ടിയെ ഏര്‍പ്പെടുത്തുന്നതിന് മുന്‍പ് സംസ്ഥാന സര്‍ക്കാരിനെ കണ്‍സള്‍ട്ട് ചെയ്യുമെന്ന് 2003ല്‍ കേന്ദ്രം ഉറപ്പ് നല്‍കിയിരുന്നെന്നാണ് ഹൈക്കോടതിയില്‍ കേരളം വാദിച്ചത്. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ഓപ്പറേറ്റ് ചെയ്യാനും, നിയന്ത്രിക്കാനും, വികസിപ്പിക്കാനും മുന്‍പ് എയര്‍പോര്‍ട്ട് നടത്തിയിട്ടില്ലാത്ത അദാനിയെ ഏല്‍പ്പിക്കുന്നത് പൊതുതാല്‍പര്യത്തിന് വിരുദ്ധമാണെന്ന് കേരള സര്‍ക്കാര്‍ ആരോപിച്ചു.

മുന്‍ തിരുവിതാംകൂര്‍ രാജ്യം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കിയ ഭൂമി ആയതിനാല്‍ എയര്‍പോര്‍ട്ട് നടത്തിപ്പ് സ്വകാര്യ സ്ഥാപനത്തെ ഏല്‍പ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമാകുമെന്നും കേരളം പറയുന്നു.

Top