ആള്‍ക്കൂട്ട ആക്രമണം; കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കണമെന്ന്…

ന്യൂഡല്‍ഹി: ആള്‍ക്കൂട്ട ആക്രമണം തടയുന്നതിനായി കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരുകളും എന്ത് നടപടി സ്വീകരിച്ചുവെന്ന് വ്യക്തമാക്കണമെന്ന് സുപ്രീംകോടതി. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിനുള്ള സുപ്രീംകോടതിയുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാരുകള്‍ നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ചുകൊണ്ട് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്.

ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചാണ് കേന്ദ്രസര്‍ക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷനോടും ഉത്തര്‍പ്രദേശ്, ആന്ധ്രാപ്രദേശ്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവയടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കും കോടതി നോട്ടീസ് അയച്ചത്.

ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഇത് തടയുന്നതിനായി സുപ്രീംകോടതി നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇത്തരം കുറ്റകൃത്യങ്ങള്‍ തടയുന്നതിന് നിയമനിര്‍മാണം നടത്തണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നാരോപിച്ചാണ് സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

രാജ്യത്ത് വര്‍ധിച്ചുവരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം 49 പ്രമുഖ വ്യക്തികള്‍ കേന്ദ്രസര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇതിനെ വിമര്‍ശിച്ചുകൊണ്ടും കേന്ദ്രസര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും 62 പേരടങ്ങുന്ന മറ്റൊരു സംഘവും കത്തെഴുതി. ഇതിനിടയിലാണ് ആള്‍ക്കൂട്ട ആക്രമണ വിഷയത്തില്‍ സുപ്രീം കോടതിയുടെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്.

Top