മന്ത്രിസഭായോഗം ഉദ്യോഗാര്‍ത്ഥികളുടെ പ്രതീക്ഷ തകര്‍ത്തെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് വൈരനിര്യാതന ബുദ്ധിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്ത്രിസഭാ യോഗം ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷ തകര്‍ത്തു. ഡി.വൈ.എഫ്.ഐ. മുന്നോട്ടുവെച്ച ഉപാധി അംഗീകരിക്കാത്തതിലുളള വൈരാഗ്യമാണെന്നും മുല്ലപ്പള്ളി പറഞ്ഞു. പിന്‍വാതില്‍ നിയമന വിവാദത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

പിഎസ്സിക്ക് വിട്ട ഏതെങ്കിലും തസ്തികകളില്‍ താല്ക്കാലികരെ സ്ഥിരപ്പെടുത്തിയോ എന്ന് പരിശോധിക്കാനുളള തീരുമാനം, ഉദ്യോഗാര്‍ഥികളെ കബളിപ്പിക്കാനുളള വാചാടോപം മാത്രമാണെന്നും മുല്ലപ്പള്ളി തുറന്നടിച്ചു.

വിവിധ വകുപ്പുകളിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനാണ് ഇന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്. താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുമ്പോള്‍ പി എസ് സിയ്ക്ക് വിട്ടതല്ലെന്ന് ഉറപ്പു വരുത്തും. പി എസ് സി ലിസ്റ്റിലുള്ള താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ടൂറിസം വകുപ്പ് അടക്കമുള്ളവയില്‍ 10 വര്‍ഷം പൂര്‍ത്തിയാക്കിയവരെ സ്ഥിരപ്പെടുത്തി. ലാസ്റ്റ് ഗ്രേഡ് പട്ടികയുടെ കാലാവധി നീട്ടേണ്ടതില്ല. നേരത്തെ, നിലവിലുള്ള റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറ് മാസം നേരത്തെ തന്നെ നീട്ടിയിരുന്നു. കാലാവധി കഴിഞ്ഞ റാങ്ക് ലിസ്റ്റ് സംബന്ധിച്ച് ഒന്നും ചെയ്യാനില്ല എന്ന നിലപാടാണ് മന്ത്രിസഭാ യോഗത്തിന്റേത്. താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മറ്റു കാര്യങ്ങള്‍ ബുധനാഴ്ച മന്ത്രി സഭാ യോഗത്തില്‍ തീരുമാനിയ്ക്കും.

 

 

Top