ഇനി 12-ാംക്ലാസ് വരെ ഒരു ഡയറക്ടറേറ്റിന് കീഴില്‍; ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അംഗീകരിച്ചു

തിരുവനന്തപുരം: നീണ്ട ചര്‍ച്ചകള്‍ക്കവസാനം ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഇനി ഒരു ഡയറക്ടറുടെ കീഴിലായിരിക്കും പ്രവര്‍ത്തിക്കുക. പ്രതിപക്ഷ അധ്യാപക സംഘടനകള്‍ ശക്തമായ എതിര്‍പ്പ് ഉയര്‍ത്തുന്നതിനിടെയാണ് ഖാദര്‍ കമ്മിറ്റിയുടെ പ്രധാന ശുപാര്‍ശകള്‍ നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനം.

റിപ്പോര്‍ട്ടിലെ പ്രധാനനിര്‍ദേശങ്ങള്‍

നിലവിലുള്ള ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി എന്നീ വിഭാഗങ്ങള്‍ അതുപോലെതന്നെ നിലനില്‍ക്കും. ഭരണപരമായ മേന്‍മയിലൂടെ അക്കാദമിക് മകവ് കൊണ്ടുവരികയാണ് ഇതിലൂടെ ലക്ഷ്യംവെക്കുന്നത്.

ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി എന്നിവയ്ക്കായി ഡയറക്ടര്‍ ഓഫ് ജനറല്‍ എജ്യുക്കേഷന്‍ (ഡിജിഇ) എന്ന ഒരു പുതിയ തസ്തിക സൃഷ്ടിച്ച് എല്ലാ സ്‌കൂളുകളെയും ഇതിനു കീഴില്‍ കൊണ്ടുവരിക.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ പൊതുവായ ഒരു പരീക്ഷാ കമ്മീഷണറുടെ കീഴിലാക്കുക. ഡജിഇ ആയിരിക്കും ഈ പരീക്ഷാ കമ്മീഷണര്‍.

ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് പൊതുവായ ഓഫീസ് ആക്കി മാറ്റുക. നിലവില്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഓഫീസ് ഇല്ലാത്ത അവസ്ഥ പരിഹരിക്കുകയാണ് ഇതിന്റെ ഉദ്ദേശം.

ഹയര്‍ സെക്കന്‍ഡറിയും ഹൈസ്‌കൂളും ഉള്ള സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പലിന് സ്‌കൂളിന്റെ മുഴുവന്‍ ചുമതല നല്‍കുക. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്ററുടെ പദവി വൈസ് പ്രിന്‍സിപ്പല്‍ എന്നാക്കി മാറ്റും. പ്രിന്‍സിപ്പലിന്റെ അക്കാദമിക് ജോലി ഭാരം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം.

ജില്ലാതലത്തില്‍ ഡിഡി, ആര്‍ഡിഡി, എഡി, ഡിഇഒ, എഇഒ സംവിധാനങ്ങള്‍ ഇപ്പോള്‍ ഉള്ളതുപോലെ നിലനിര്‍ത്തുക.

ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ണ്ടറി സ്‌കൂളുകള്‍ സംയോജിപ്പിക്കുമെന്ന ആശങ്ക അടിസ്ഥാനരഹിതമാണെന്നും അധ്യാപനത്തിന്റെ കാര്യത്തില്‍ മാറ്റം കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി സി. രവീന്ദ്രനാഥ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Top