ഈ പോരാട്ടത്തിൽ പിടഞ്ഞ് വീഴുന്നവർ കേരള രാഷ്ട്രീയത്തിൽ നിന്നും ഔട്ടാകും . .

കേരളം ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക് പോകുമ്പോള്‍ ചങ്കിടിക്കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കാണ്. ഒക്ടോബറിലാണ് ആറ് നിയമസഭ മണ്ഡലങ്ങളിലേക്കും തിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വിജ്ഞാപനം സെപ്റ്റംബര്‍ പകുതിയോടെയിറങ്ങും. ഇതു സംബന്ധമായ ശുപാര്‍ശ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെ അറിയിച്ചു കഴിഞ്ഞു.

ഇടത് – വലത് മുന്നണികള്‍ക്ക് മാത്രമല്ല ബി.ജെ.പിക്കും ഈ ഉപതിരഞ്ഞെടുപ്പ് ഏറെ നിര്‍ണ്ണായകമാണ്.ലോകസഭ തിരഞ്ഞെടുപ്പ് ഫലത്തിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ നിലവില്‍ മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത്. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളാണിവ.

ഇടതുപക്ഷത്തിന് നിലവില്‍ അരൂര്‍ മാത്രമാണ് സിറ്റിംഗ് സീറ്റായുള്ളത്. ഒരു സീറ്റില്‍ കൂടുതല്‍ എത്ര സീറ്റുകള്‍ കിട്ടിയാലും അത് ഇടതുപക്ഷത്തിന് രാഷ്ട്രീയ നേട്ടമായി മാറും. ഒരു സീറ്റ് പിടിച്ചാല്‍ ബിജെപിയും കറുത്ത കുതിരയായി മാറും.

ആറില്‍ അഞ്ചു മണ്ഡലങ്ങളും കൈവശമുള്ള യു.ഡി.എഫില്‍ മൂന്നെണ്ണം കോണ്‍ഗ്രസ്സിനും ഓരോന്ന് വീതം കേരള കോണ്‍ഗ്രസ്സ്, ലീഗ് പാര്‍ട്ടികള്‍ക്കുമാണുള്ളത്. ഇതില്‍ പാലായില്‍ കേരള കോണ്‍ഗ്രസ്സും മഞ്ചേശ്വരത്ത് മുസ്ലീം ലീഗും തന്നെയാണ് വീണ്ടും മത്സരിക്കാന്‍ പോകുന്നത്.

സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ രണ്ട് പാര്‍ട്ടിയിലും ഇപ്പോള്‍ തന്നെ ഭിന്നതയുണ്ട്. പാലായില്‍ മാണിയുടെ പിന്‍ഗാമി മാണിയുടെ കുടുംബത്തില്‍ നിന്നും തന്നെ വരണമെന്നതാണ് മുന്നണിയിലെ പൊതു താല്‍പ്പര്യം. എന്നാല്‍ ജോസഫ് വിഭാഗം ഇതിന് എതിരാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തെ ശക്തമായാണ് അവര്‍ എതിര്‍ക്കുന്നത്. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ്സ് നിലപാടായിരിക്കും ഇനി നിര്‍ണ്ണായകമാവുക. സിറ്റിംഗ് സീറ്റിന് വേണ്ടി കലഹിച്ചാല്‍ ഇടതുപക്ഷം മണ്ഡലം പിടിച്ചെടുക്കുമെന്ന ആശങ്ക കോണ്‍ഗ്രസ്സിനുണ്ട്. ഇക്കാര്യം ജോസഫ് വിഭാഗത്തെ ഉമ്മന്‍ ചാണ്ടി അടക്കമുള്ളവര്‍ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.

കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സ് നേതൃത്വം ജോസ് കെ മാണി വിഭാഗത്തിന് അനുകൂലമായാണ് തീരുമാനം എടുത്തിരുന്നത്. ഇതില്‍ എതിര്‍പ്പുള്ള ജോസഫ് അനുകൂലികള്‍ പാലായില്‍ പാലം വലിക്കണമെന്ന നിലപാടിലാണിപ്പോള്‍. യു.ഡി.എഫിനെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണിത്.

മഞ്ചേശ്വരത്ത് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന ആവശ്യമാണ് മുസ്ലീം ലീഗില്‍ ഉയരുന്നത്. ഇത്തവണ ബി.ജെ.പി സകല ശക്തിയും ഉപയോഗിക്കുകയും സി.പി.എം സ്വന്തം വോട്ട് സമാഹരിക്കാന്‍ മുന്നിട്ടിറങ്ങുകയും ചെയ്താല്‍ ‘പണി’ പാളുമെന്ന ഭയം ലീഗ് നേതൃത്വത്തിനുണ്ട്.

ഇടതുപക്ഷത്തിനു മേല്‍ യു.ഡി.എഫ് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പുലര്‍ത്തിയ ആധിപത്യം വച്ച് നോക്കിയാല്‍ ആറില്‍ ആറ് സീറ്റിലും യു.ഡി.എഫാണ് ജയിക്കേണ്ടത്. ഇടതുപക്ഷത്തിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ ഉള്‍പ്പെടെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനാണ് മേധാവിത്വം ലഭിച്ചിരിക്കുന്നത്. എന്നിട്ടും ട്വന്റി ട്വന്റി എന്നു പറഞ്ഞ നാവുകള്‍ക്ക് ഇപ്പോള്‍ ആറില്‍ ആറും എന്ന് ഉറപ്പിച്ച് പറയാന്‍ പറ്റാത്ത സാഹചര്യമാണുള്ളത്.
ഇടതുപക്ഷം സിറ്റിംഗ് സീറ്റായ അരൂര്‍ എന്തായാലും നിലനിര്‍ത്തുമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കു പോലും സംശയം ഇല്ല. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ നേടിയ 648 വോട്ട് മറികടക്കാന്‍ സി.പി.എമ്മിന് വിചാരിച്ചാല്‍ എളുപ്പത്തില്‍ സാധിക്കുകയും ചെയ്യും.

എന്നാല്‍ യു.ഡി.എഫിന്റെ കൈവശമുള്ള മറ്റു അഞ്ച് മണ്ഡലങ്ങളിലെയും സ്ഥിതി അതല്ല, കോണ്‍ഗ്രസ് നേതൃത്വത്തെ സംബന്ധിച്ച് ഏറെ ആശങ്ക ഉയര്‍ത്തുന്ന കാര്യമാണിത്. ശക്തമായ ത്രികോണ മത്സരങ്ങള്‍ ഈ മണ്ഡലങ്ങളില്‍ നടക്കുമെന്ന കാര്യവും ഉറപ്പാണ്. വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളില്‍ അട്ടിമറി ലക്ഷ്യമിട്ടാണ് ബി.ജെ.പി നീങ്ങുന്നത്. പാലായില്‍ പി.സി ജോര്‍ജും ബി.ജെ.പിയും ഒരുമിച്ചാലും ത്രികോണ മത്സരം സാധ്യമാകും.

പത്തനംതിട്ടയില്‍ കെ.സുരേന്ദ്രന് ഏറ്റവും കുറവ് വോട്ട് ലഭിച്ചത് ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ആയതിനാല്‍ ജോര്‍ജിനും ഇത് അഭിമാന പോരാട്ടമാണ്. സാക്ഷാല്‍ മാണി തന്നെ കുത്തക മണ്ഡലത്തില്‍ കഴിഞ്ഞ തവണ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. അതും 4703 വോട്ടിന് മാത്രമായിരുന്നു ജയം. ഇവിടെ ശക്തമായ ത്രികോണ മത്സരം വന്നാല്‍ അത് ഇടതുപക്ഷത്തിനാകും തുണയാകുക.

അതേസമയം പാലാ സീറ്റ് എന്‍.സി.പിക്ക് നല്‍കാതെ പാര്‍ട്ടി ഏറ്റെടുക്കണമെന്ന ആവശ്യം സി.പി.എമ്മില്‍ തന്നെ ഉയര്‍ന്നു കഴിഞ്ഞിട്ടുണ്ട്. ഒരു ജീപ്പില്‍ കയറ്റാന്‍ പോലും പ്രവര്‍ത്തകര്‍ ഇവിടെ എന്‍.സി.പിക്ക് ഇല്ലെന്നാണ് സി.പി.എം പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്. സി.പി.എം സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കുകയാണെങ്കില്‍ തീ പാറുന്ന മത്സരം തന്നെ പാലായിലും ഇത്തവണ പ്രതീക്ഷിക്കാം.

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളായ കോന്നി, വട്ടിയുര്‍ക്കാവ്, മഞ്ചേശ്വരം, എറണാകുളം മണ്ഡലങ്ങളിലും തീ പാറുന്ന മത്സരമാണ് നടക്കുക. തിരിച്ചുവരവിനുള്ള തിരഞ്ഞെടുപ്പായി കണ്ട് സകല ശക്തിയും ഉപയോഗിച്ച് പ്രവര്‍ത്തിക്കാനാണ് സി.പി.എം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ശക്തമായ സംഘടനാ സംവിധാനം ഇക്കാര്യത്തില്‍ സി.പി.എമ്മിന് തുണയാകും. ബി.ജെ.പിയും കേഡര്‍ സംവിധാനം ഉപയോഗിച്ച് കരുത്ത് തെളിയിക്കാനുള്ള ശ്രമത്തിലാണ്.ലോക്സഭ തിരഞ്ഞെടുപ്പില്‍ ഉണ്ടായ മേധാവിത്വം എന്തായാലും ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനും യു.ഡി.എഫിനും ലഭിക്കില്ലെന്നാണ് സി.പി.എം വിലയിരുത്തുന്നത്. കോണ്‍ഗ്രസിലാവട്ടെ ഉപതിരഞ്ഞെടുപ്പ് മുന്‍ നിര്‍ത്തി ഇപ്പോഴേ അടിയും തുടങ്ങിയിട്ടുണ്ട്.

കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റുകളായ കെ. മുരളീധരന്റെ വട്ടിയൂര്‍ക്കാവ്, അടൂര്‍ പ്രകാശിന്റെ കോന്നി, ഹൈബി ഈഡന്റെ എറണാകുളം മണ്ഡലങ്ങളിലും സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായ അരൂരിലുമാണ് കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥിമോഹികള്‍ രംഗത്തുള്ളത്. ആലപ്പുഴയില്‍ ആരിഫിനോട് പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന് അരൂര്‍ സീറ്റ് നല്‍കണമെന്ന ആവശ്യം മഹിളാകോണ്‍ഗ്രസ് ഉന്നയിച്ചു കഴിഞ്ഞു. കാലുവാരലെന്ന ഷാനിമോളുടെ പരാതി പരിഹരിക്കാന്‍ അരൂരില്‍ സ്ഥാനാര്‍ത്ഥിത്വം നല്‍കി തലയൂരാനാണ് ഐ ഗ്രൂപ്പും ശ്രമിക്കുന്നത്. അതേസമയം അരൂര്‍ സീറ്റ് ലഭിക്കാന്‍ വേണ്ടി കഴിഞ്ഞ തവണ ആരിഫിനോട് പരാജയപ്പെട്ട മുന്‍ ഡി.സി.സി പ്രസിഡന്റ് എ.എ ഷുക്കൂറും ശക്തമായി രംഗത്തിറങ്ങിയിട്ടുണ്ട്.

മുരളീധരന്‍ രണ്ടുതവണ വിജയിച്ച വട്ടിയൂര്‍ക്കാവിനുവേണ്ടി എ.ഐ.സി.സി സെക്രട്ടറി പി.സി വിഷ്ണുനാഥും മുരളീധരന്റെ സഹോദരി പത്മജ വേണുഗോപാലും ഉള്‍പ്പെടെ രംഗത്തുണ്ട്. അടൂര്‍ പ്രകാശിന്റെ സീറ്റായ കോന്നിയാണ് നേതാക്കളുടെ തമ്മിലടി രൂക്ഷമായ മറ്റൊരു മണ്ഡലം. പത്തനംതിട്ട ലോക്‌സഭാ സീറ്റിനായി ശ്രമിച്ച ഡി.സി.സി പ്രസിഡന്റ് ബാബുജോര്‍ജ് ഇതിനകം തന്നെ കോന്നിയില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മുന്‍ ഡി.സി.സി പ്രസിഡന്റ് മോഹന്‍രാജ്, പി.സി വിഷ്ണുനാഥ്, കെ.പി.സി.സി സെക്രട്ടറി പഴകുളം മധു എന്നിവരുടെ പേരുകളും ഇവിടെ സജീവമാണ്.

ഇതിനിടെ കോന്നി സീറ്റ് ഐ ഗ്രൂപ്പിനാണെന്നു പറഞ്ഞ് സീറ്റിനായി ഗ്രൂപ്പ് നേതൃത്വം അവകാശവാദം ഉന്നയിച്ചുകഴിഞ്ഞു. എന്നാല്‍ അടൂര്‍ പ്രകാശ് ഐ ഗ്രൂപ്പ് വിട്ട്, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് മുതല്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമായിരുന്നു. അതിനാല്‍ കോന്നിയില്‍ എ ഗ്രൂപ്പും പിടിമുറുക്കുന്നുണ്ട്. ചെങ്ങന്നൂരില്‍ മത്സരിക്കാതെ മാറിനിന്ന പി.സി വിഷ്ണുനാഥിന് തിരുവനന്തപുരമോ കോന്നിയോ നല്‍കണമെന്ന നിലപാടാണ് ഉമ്മന്‍ചാണ്ടിക്കുമുള്ളത്.

ഹൈബി ഈഡന്‍ പ്രതിനിധീകരിച്ചിരുന്ന എറണാകുളം സീറ്റിനായി ലോക്‌സഭാ സീറ്റ് നഷ്ടമായ മുന്‍ കേന്ദ്രമന്ത്രികൂടിയായ പ്രഫ കെ.വി തോമസ്, ഡൊമനിക് പ്രസന്റേഷന്‍, ഡി.സി.സി പ്രസിഡന്റ് ടി.ജെ വിനോദ്, മുന്‍ മേയര്‍ ടോണി ചമ്മിണി എന്നിവരാണ് രംഗത്തുള്ളത്. കോണ്‍ഗ്രസ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളും ഐ ഗ്രൂപ്പിന്റെ കണക്കില്‍ അവര്‍ക്കവകാശപ്പെട്ടതാണ്. എന്നാല്‍ ഇതില്‍ രണ്ട് സീറ്റിലെങ്കിലും ഉറച്ച എ വിഭാഗം നേതാക്കളെ സ്ഥാനാര്‍ത്തിയാക്കാനാണ് ഉമ്മന്‍ ചാണ്ടിയുടെ ശ്രമം. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനം നഷ്ടപ്പെടുമെന്നതിനാല്‍ ചെകുത്താനും കടലിനുമിടയില്‍പ്പെട്ട അവസ്ഥയിലാണിപ്പോള്‍ രമേശ് ചെന്നിത്തല. സീറ്റുകളില്‍ വിട്ടുവീഴ്ച്ച ചെയ്തില്ലെങ്കില്‍ എ ഗ്രൂപ്പ് പാലം വലിക്കാനുള്ള സാധ്യതയും ഏറെയാണ്.

അതേസമയം, സീറ്റുകള്‍ വിട്ട് നല്‍കിയാല്‍ അത് ഐ ഗ്രൂപ്പില്‍ തന്നെ വലിയ പൊട്ടിത്തെറിക്കും കാരണമാകും. യഥാര്‍ത്ഥത്തില്‍ ഈ ഉപതെരഞ്ഞെടുപ്പ് ചെന്നിത്തല എന്ന നേതാവിന്റെ ഭാവിയെക്കൂടിയാണ് നിര്‍ണ്ണയിക്കാന്‍ പോകുന്നത്.

ഉപതിരഞ്ഞെടുപ്പില്‍ നിലവിലെ സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്താന്‍ യു.ഡി.എഫിന് കഴിഞ്ഞില്ലെങ്കില്‍ അത് 2021ലെ നിയമസഭ തിരഞ്ഞെടുപ്പിലെ അവരുടെ പ്രതീക്ഷകളെയാണ് തകര്‍ക്കുക. ഒരു സീറ്റെങ്കിലും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ബി.ജെ.പിയുടെ നിലയും കൂടുതല്‍ പരുങ്ങലിലാകും. എന്നാല്‍ അരൂര്‍ സീറ്റ് നില നിര്‍ത്തി ഒരു സീറ്റ് കുടുതല്‍ പിടിച്ചാല്‍ പോലും ഇടതുപക്ഷത്തെ സംബന്ധിച്ച് അത് ഭരണതുടര്‍ച്ചക്കുള്ള ആത്മവിശ്വാസമാണ് വര്‍ദ്ധിപ്പിക്കുക.

Political Reporter

Top