മൂന്ന് മണ്ഡലങ്ങളിൽ പോരാട്ടം ഞെട്ടിക്കും, സകല ശക്തിയും പ്രയോഗിച്ച് ബി.ജെ.പി

ബി.ജെ.പി ഭിന്നത ആഘോഷിക്കുന്നവര്‍ കാണാതെ പോകുന്നത് അവരുടെ ജയസാധ്യതയാണ്. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നടക്കാന്‍ പോകുന്നത് പ്രവചനാതീതമായ ഒരു ത്രികോണ മത്സരമാണ്. ഈ യുദ്ധത്തില്‍ ആര് ജയിച്ചാലും അത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെയാണ് സ്വാധീനിക്കുക.മുന്‍ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ മണ്ഡലങ്ങള്‍ പിടിച്ചെടുക്കുക എന്ന ഒറ്റ ലക്ഷ്യം മുന്‍ നിര്‍ത്തിയാണ് സി.പി.എം ഇവിടെ രംഗത്തിറങ്ങിയിരിക്കുന്നത്.

ഈ മൂന്ന് മണ്ഡലങ്ങളിലും കിട്ടാവുന്നതില്‍ ഏറ്റവും മികച്ച സ്ഥാനാര്‍ത്ഥികളെയാണ് ഇടതുപക്ഷം രംഗത്തിറക്കിയിരിക്കുന്നത്. ഇത് പ്രതികൂലമായി ബാധിക്കുക യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെയാണ്. ബി.ജെ.പി വിജയിക്കുമെന്ന് കണ്ട് കിട്ടി കൊണ്ടിരുന്ന വോട്ടുകളില്‍ ഒരു ഭാഗം ഇടതു സ്ഥാനാര്‍ത്ഥികള്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും തിരിച്ചു പിടിക്കാനാണ് സാധ്യത.

ഇവിടങ്ങളില്‍ ബി.ജെ.പി – സി.പി.എം നേരിട്ടുള്ള മത്സരമാക്കി മാറ്റാനാണ് ഇടതുപക്ഷം ശ്രമിക്കുന്നത്. കോന്നിയിലും ഇതേ രാഷ്ട്രീയ നിലപാടായിരിക്കും സി.പി.എം സ്വീകരിക്കുക. ഈ മൂന്ന് മണ്ഡലങ്ങളിലും തുല്യശക്തികള്‍ തമ്മില്‍ നടക്കുന്ന പോരാട്ടം തീപാറുമെന്ന കാര്യത്തില്‍ ഒരു സംശയവുമല്ല.മതേതര വോട്ടുകളുടെ ഭിന്നതയില്‍ ബി.ജെ.പി തല്‍ക്കാലം വിജയിച്ചാലും ഒന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചു പിടിക്കാന്‍ കഴിയുമെന്ന കണക്ക് കൂട്ടലും സി.പി.എമ്മിനുണ്ട്.

മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും താമര വിരിയാതിരിക്കുവാന്‍ കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സി.പി.എം കേഡര്‍മാരാണ് വിട്ടു വീഴ്ച ചെയ്തിരുന്നത്. എക്കാലത്തും ഇത്തരം വിട്ടുവീഴ്ചകള്‍ ചെയ്താല്‍ എന്നും മൂന്നാം സ്ഥാനത്ത് ഒതുങ്ങി പോകുമെന്ന് കണ്ടാണ് ഇപ്പോഴത്തെ പുനര്‍വിചിന്തനം.

നിയമസഭയില്‍ താമര വിരിയിക്കില്ലന്ന വാശിയില്‍ മുന്‍പെടുത്ത തീരുമാനത്തിന് നേമത്ത് തിരിച്ചടി നേരിട്ടതിനാല്‍ ഇനി പ്രസക്തിയുമില്ല. സി.പി.എം സകല ശക്തിയും ഉപയോഗിച്ച് ജയിക്കാന്‍ ശ്രമിക്കുന്നതോടെ മൂന്ന് മണ്ഡലങ്ങളിലും മൂന്നാം സ്ഥാനത്തായി പോകുമോ എന്ന ആശങ്കയിലാണിപ്പോള്‍ കോണ്‍ഗ്രസ്സ്.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി കോന്നിയിലും മഞ്ചേശ്വരത്തും യു.ഡി.എഫിലും തര്‍ക്കം രൂക്ഷമാണ്. കോന്നിയിലും വട്ടിയൂര്‍ക്കാവിലും സ്ഥലം എം.പിമാര്‍ ആഗ്രഹിച്ചവരെയല്ല ഹൈക്കമാന്റ് സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നത്. മഞ്ചേശ്വരത്ത് മത്സരിക്കുന്ന മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിക്കെതിരെ ആ പാര്‍ട്ടിയില്‍ തന്നെയാണ് ശക്തമായ എതിര്‍പ്പുയര്‍ന്നിരിക്കുന്നത്.

നിലവില്‍ ബി.ജെ.പി രണ്ടാം സ്ഥാനത്തുള്ള വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി ഭിന്നതകളുണ്ട്. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന് ഒ.രാജഗോപാല്‍ എം.എല്‍.എ പ്രഖ്യാപിച്ചതിന് ശേഷമാണ് എസ്. സുരേഷ് സ്ഥാനാര്‍ത്ഥിയായത്.

മഞ്ചേശ്വരത്ത് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ഒഴിവാക്കിയാണ് രവീശ തന്ത്രിയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. കെ.സുരേന്ദ്രനെ കോന്നിയില്‍ മത്സരിപ്പിക്കുന്ന കാര്യത്തില്‍ മാത്രമാണ് തര്‍ക്കമുണ്ടാവാതിരുന്നത്. മഞ്ചേശ്വരത്ത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് സംഘടനാ സെക്രട്ടറിയെ തന്നെ പ്രവര്‍ത്തകര്‍ ബന്ദിയാക്കുന്ന സാഹചര്യവുമുണ്ടായി. എന്നാല്‍ ഈ എതിര്‍പ്പുകളെ പോലും രാഷ്ട്രീയപരമായ നേട്ടമാക്കി മാറ്റാനാണ് ബി.ജെ.പി ഇപ്പോള്‍ ശ്രമിക്കുന്നത്.

ആഭ്യന്തര തര്‍ക്കവും പ്രതിഷേധവും പുറത്ത് വരുന്നത് സ്ഥാനാര്‍ത്ഥികള്‍ക്ക് നിഷ്പക്ഷ വോട്ടുകള്‍ ലഭിക്കാന്‍ കാരണമാകുമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. മാത്രമല്ല ബി.ജെ.പിക്ക് ഇടതുപക്ഷവും യു.ഡി.എഫും വിജയ സാധ്യത കാണാത്തത് വോട്ട് മറിക്കലിന് ഇടയാക്കില്ലന്നും കാവി പട കണക്ക് കൂട്ടുന്നു. ഇതാണിപ്പോള്‍ ബി.ജെ.പിയുടെ പ്രതീക്ഷകള്‍ക്ക് അടിസ്ഥാനം.

എത്ര ശക്തമായ മത്സരം നടത്തിയാലും ഒടുവില്‍ ഇടത് – വലത് മുന്നണികള്‍ ചേര്‍ന്ന് പരാജയപ്പെടുത്തുന്ന അവസ്ഥ മാറിയാല്‍ തന്നെ താമര കൂടുതല്‍ വിരിയാനുള്ള സാധ്യതയുണ്ട്. വട്ടിയൂര്‍ക്കാവിലെയും മഞ്ചേശ്വരത്തെയും കണക്കുകളും അതാണ് സൂചിപ്പിക്കുന്നത്.വട്ടിയൂര്‍കാവില്‍ കുമ്മനം രാജശേഖരന് പകരം വന്ന ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്.സുരേഷ് അപകടകാരിയാണ്. വോട്ട് നല്ലപോലെ പിടിക്കാനും കേഡര്‍മാരെ പ്രവര്‍ത്തനത്തിനിറക്കാനും ശേഷിയുള്ള നേതാവാണദ്ദേഹം.ഇവിടെ മേയര്‍ വി.കെ പ്രശാന്തിനെ തന്നെ രംഗത്തിറക്കിയതോടെ യു.ഡി.എഫിന്റെ ഈ സിറ്റിംഗ് സീറ്റില്‍ ബി.ജെ.പി – സി.പി.എം പോരാട്ടമെന്ന പൊതു ചിത്രമാണ് ഉയര്‍ന്നിരിക്കുന്നത്.

മഞ്ചേശ്വരത്തെ സി.പി.എം സ്ഥാനാര്‍ത്ഥി ശങ്കര്‍ റേ ശക്തനാണ്. മതേതര വോട്ടുകള്‍ സമാഹരിക്കാന്‍ ശേഷിയുള്ള നേതാവാണ് അദ്ദേഹം. ഇവിടെയും ബി.ജെ.പി – സി.പി.എം പോരാട്ടമായി മാറിയാല്‍ യു.ഡി.എഫ് ശരിക്കും വെള്ളം കുടിക്കും. കഴിഞ്ഞ തവണ 89 വോട്ടിന് മാത്രമാണ് മഞ്ചേശ്വരത്ത് ബി.ജെ.പി പരാജയപ്പെട്ടത്. പ്രവചനാതീതമായ കോന്നിയിലും ബി.ജെ.പിയുമായാണ് ഇടത് വലത് മുന്നണികള്‍ ഏറ്റുമുട്ടുക. സിറ്റിംഗ് എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ നോമിനിയെ തഴഞ്ഞത് വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ യു.ഡി.എഫിന് ഇവിടെയും അടിപതറും.

കഴിഞ്ഞ ലോകസഭ തിരഞ്ഞെടുപ്പില്‍ രണ്ട് മുന്നണികള്‍ക്കും ഒപ്പം എത്തിയ കുതിപ്പാണ് സുരേന്ദ്രനിലൂടെ കോന്നിയില്‍ ബി.ജെ.പി നടത്തിയിരുന്നത്. ശബരിമല തന്നെയാകും ഇത്തവണയും പ്രധാന വിഷയമെന്ന് സുരേന്ദ്രന്‍ വ്യക്തമാക്കിയും കഴിഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ കാര്യത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ ഭിന്നത ഉണ്ടെങ്കിലും ബി.ജെ.പിയെ അവഗണിക്കാന്‍ ഒരു പാര്‍ട്ടിക്കും കഴിയില്ല. സി.പി.എമ്മിനെ പോലെ കേഡര്‍ സംവിധാനം ഉള്ളതിനാല്‍ തര്‍ക്കം പെട്ടന്ന് പരിഹരിക്കാനും പ്രചരണത്തില്‍ മേല്‍ക്കോയ്മ നേടാനും അവര്‍ക്ക് എളുപ്പത്തില്‍ കഴിയും. ഇപ്പോഴത്തെ ഈ തര്‍ക്കം പോലും രാഷ്ട്രിയ തന്ത്രത്തിന്റെ ഭാഗമാണോ എന്ന സംശയം പോലും ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

സൈലന്റായി നിന്ന് ബി.ജെ.പി നേട്ടമുണ്ടാക്കുമോ എന്ന ആശങ്ക ഇടതുപക്ഷത്തും യു.ഡി.എഫിലും ശക്തമാണ്. ഇതില്‍ കൂടുതല്‍ ആശങ്ക യു.ഡി.എഫിനാണ്. ഇടതുപക്ഷം മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയതാണ് അവരുടെ ചങ്കിടിപ്പിക്കുന്നത്. നേമത്ത് ശിവന്‍കുട്ടിയെ പോലെ കരുത്തനായ സ്ഥാനാര്‍ത്ഥിയെ സി.പി.എം കളത്തിലിറക്കിയപ്പോയാണ് ഒ.രാജഗോപാല്‍ വിജയിച്ചിരുന്നത്. സി.പി.എം സ്വന്തം വോട്ടുകള്‍ മുഴുവന്‍ പിടിച്ചാല്‍ മഞ്ചേശ്വരത്തും വട്ടിയൂര്‍ക്കാവിലും വീഴുക യു.ഡി.എഫാണ്. കോന്നിയിലും ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏറെ വെല്ലുവിളി നേരിടുന്നതും ആ മുന്നണി തന്നെയാണ്.

ഒന്നര വര്‍ഷത്തെ ഇടവേളയേ പൊതു തിരഞ്ഞെടുപ്പിന് ഒള്ളൂ എന്നതിനാല്‍ സി.പി.എമ്മിന് അതി നിര്‍ണ്ണായകമാണ് ഈ തിരഞ്ഞെടുപ്പ്. ബി.ജെ.പി മൂന്നില്‍ ഒരു സീറ്റില്‍ വിജയിച്ചാല്‍ പോലും അവിടെ രണ്ടാമത് എത്താന്‍ കഴിഞ്ഞാല്‍ അത് ചെമ്പടക്ക് നേട്ടമാകും. പിന്നീട് നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണക്കുന്ന ന്യൂനപക്ഷ വോട്ടുകള്‍ വരെ അനുകൂലമാവാന്‍ അത്തരമൊരു സാഹചര്യവും കാരണമാകും.

Political Reporter

Top