മേയര്‍ ബ്രോ ഇനി എംഎല്‍എ ബ്രോ; വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ വിജയം

തിരുവനന്തപുരം: ശക്തമായ ത്രികോണമത്സരം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മേയര്‍ വികെ പ്രശാന്ത് അട്ടിമറി വിജയം. ഇഞ്ചോടിച്ച് പോരാട്ടം നടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും തുടക്കം മുതല്‍ തടുക്കാനാവാത്ത ലീഡ് നിലനിര്‍ത്തിയ വികെ പ്രശാന്തിന്റെ ഭൂരിപക്ഷം 14,000 കടന്നു.സിറ്റിംഗ് സീറ്റായ വട്ടിയൂര്‍ക്കാവ് നിലനിര്‍ത്തുമെന്ന കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്കേറ്റ വന്‍ തിരിച്ചടിയായി മാറി വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫ് വിജയം.

എന്‍എസിന്റെ സമൂദായ സ്വാധീനം വളരെയുള്ള വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിനെതിരായ എന്‍എസ്എസ് നിലപാട് കോണ്‍ഗ്രസിനും ബിജെപിക്കും ഗുണം ചെയ്യുമെന്ന് തന്നെയായിരുന്നു കണക്കുകൂട്ടുലുകളും. എന്നാല്‍ മേയര്‍ പ്രശാന്തിന്റെ ജനകീയതയ്ക്ക് മുന്നില്‍ സമുദായ വോട്ടുകളേക്കാള്‍ രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായത്.

2019ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മേയര്‍ വികെ പ്രശാന്ത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ സ്ഥാനാര്‍ഥിക്ക് മികച്ച പ്രതിച്ഛായ ഉണ്ടാക്കിയിട്ടുണ്ട്. അതിനാല്‍ തന്നെ പാര്‍ട്ടിയേക്കാള്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയ വോട്ടുകളാണ് എല്‍ഡിഎഫിന് ഗുണം ചെയ്തതെന്ന് കരുതേണ്ടിവരും. സമുദായ വോട്ടുകള്‍ യുഡിഎഫിന് ഗുണം ചെയ്യുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഈ മേഖലകളിലും വികെ പ്രശാന്തിന് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കാനായത്. ഇതാണ് വട്ടിയൂര്‍ക്കാവിലെ തിരഞ്ഞെടുപ്പ് ഫല പ്രതീക്ഷകളെ കീഴ്മേല്‍ മറിച്ചത്. എന്‍എസ്എസ്, എസ്എന്‍ഡിപി വോട്ടുകള്‍ക്കൊന്നും മേയര്‍ പ്രശാന്തിന്റെ വിജയത്തിന്റെ മാറ്റ് കുറയ്ക്കാനായിട്ടില്ല.

68 പോളിങ് ബൂത്തുകളിലായാണ് വട്ടിയൂര്‍ക്കാവ് നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് നടന്നത്.62.66 ശതമാനമായിരുന്നു പോളിങ് ശതമാനം. വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലെ മണ്ഡലത്തിലെ 1,97,570 വോട്ടര്‍മാരില്‍ 1,23,804 പേരാണ് വോട്ട് ചെയ്തത്.

Top