കോൺഗ്രസ്സിൽ ശക്തനായി ഉമ്മൻചാണ്ടി, ഐ ഗ്രൂപ്പും ചെന്നിത്തലയും ത്രിശങ്കുവിൽ

ട്ടിയൂര്‍ക്കാവില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് നിയമോപദേശം കൂടി ലഭിച്ചതോടെ കോണ്‍ഗ്രസ്സില്‍ അടി തുടങ്ങി. ആറ് നിയമസഭ മണ്ഡലങ്ങളിലേക്കാണ് ഉടന്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. വട്ടിയൂര്‍ക്കാവ്, അരൂര്‍, പാല, കോന്നി, എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളാണിവ. ഇതില്‍ അരൂര്‍ ഒഴികെ ബാക്കി അഞ്ചും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലായില്‍ കേരള കോണ്‍ഗ്രസ്സും മഞ്ചേശ്വരത്ത് മുസ്ലീം ലീഗുമാണ് വിജയിച്ചത്. രണ്ടും യു.ഡി.എഫ് ഘടകകക്ഷികളാണെങ്കിലും സ്ഥാനാര്‍ത്ഥികളെ അതാത് പാര്‍ട്ടികള്‍ തന്നെയാണ് തീരുമാനിക്കുക. പാലായില്‍ നിഷ ജോസ് കെ. മാണിക്കാണ് മുന്‍തൂക്കം. രാജ്യസഭ അംഗത്വം രാജിവച്ച് ജോസ് കെ. മാണി മത്സരിക്കാനും സാധ്യത ഏറെയാണ്. പക്ഷേ അതിന് യു.ഡി.എഫ് നേതൃത്വത്തിന്റെ അനുമതി ആവശ്യമാണ്. ജോസഫ് വിഭാഗം ഉടക്കി നില്‍ക്കുന്നത് തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന് മുന്നണി നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്.

മഞ്ചേശ്വരത്ത് യുവ നേതാവിന് അവസരം നല്‍കണമെന്ന ആവശ്യം മുസ്ലിം ലീഗിലും ശക്തമാണ്. ബാക്കി വരുന്ന നാല് മണ്ഡലങ്ങളിലും കഴിഞ്ഞ തവണ ഐ ഗ്രൂപ്പിനാണ് മത്സരിക്കാന്‍ നല്‍കിയിരുന്നത്. ഇതില്‍ അരൂരില്‍ ഇടതു സ്ഥാനാര്‍ത്ഥി ആരിഫിനെതിരെ മത്സരിച്ച എ.എ ഷുക്കൂര്‍ മാത്രമാണ് പരാജയപ്പെട്ടത്. ഇവിടെ ഷാനിമോള്‍ ഉസ്മാന്‍ സീറ്റ് കിട്ടിയേ പറ്റൂ എന്ന വാശിയിലാണ്. മുന്‍ ഡി.സി.സി അദ്ധ്യക്ഷന്‍ കൂടിയായ ഷുക്കൂര്‍ ഇത്തവണയും ശക്തമായി തന്നെ രംഗത്തുണ്ട്.

കോന്നിയിലും എറണാകുളത്തും സ്ഥാനാര്‍ത്ഥിയാവാന്‍ ഐ ഗ്രൂപ്പില്‍ തന്നെ പൊരിഞ്ഞ അടിയാണ് നടക്കുന്നത്. എറണാകുളത്ത് ഹൈബിയുടെ പിന്‍ഗാമിയെ ഹൈബി തന്നെ നിശ്ചയിക്കുമെന്നാണ് അനുയായികള്‍ പറയുന്നത്. സമാന അഭിപ്രായ പ്രകടനമാണ് കോന്നിയില്‍ അടൂര്‍ പ്രകാശിന്റെ അനുയായികളും നടത്തുന്നത്. എ ഗ്രൂപ്പാകട്ടെ തന്ത്രപരമായ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. കോണ്‍ഗ്രസ്സ് മത്സരിക്കുന്ന നാല് സീറ്റില്‍ രണ്ടെണ്ണം ലഭിക്കണമെന്നതാണ് എ ഗ്രൂപ്പിന്റെ ആവശ്യം.

ഐ ഗ്രൂപ്പുകാരനാണെങ്കിലും വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കൂടിയായ കെ. മുരളീധരന്‍ എ വിഭാഗത്തിന്റെ നിലപാടിനൊപ്പമാണ്. ഐ ഗ്രൂപ്പ് നേതാവായ അടൂര്‍ പ്രകാശ് കോന്നി സീറ്റ് എ ഗ്രൂപ്പിന് ലഭിക്കുന്നതിന് അനുകൂലവുമാണ്. തങ്ങള്‍ക്ക് കൂടി സ്വീകാര്യനായ വ്യക്തിയെ മാത്രമേ സ്ഥാനാര്‍ത്ഥിയാക്കാവൂ എന്നത് മാത്രമാണ് ഈ രണ്ടു നേതാക്കളുടെയും ഡിമാന്റ്. എറണാകുളത്ത് തന്റെ അനുയായിയെ രംഗത്തിറക്കാന്‍ മുന്‍ കേന്ദ്രമന്ത്രി കെ.വി തോമസും ശക്തമായ ചരട് വലിയാണ് നടത്തുന്നത്. ഹൈബി ഈഡന് ലോക്‌സഭ സീറ്റ് നല്‍കിയതിനാല്‍ കെ.വി തോമസിന്റെ ആവശ്യം കോണ്‍ഗ്രസ്സ് നേതൃത്വത്തിന് അത്ര പെട്ടെന്ന് തള്ളിക്കളയാന്‍ കഴിയുന്നതല്ല.

ഇതോടെ ആകെ വെട്ടിലായിരിക്കുന്നത് ഐ ഗ്രൂപ്പും ചെന്നിത്തലയുമാണ് നാല് സീറ്റില്‍ അരൂര്‍ മാത്രമാണ് ഐ ഗ്രൂപ്പിന് മത്സരിക്കാന്‍ ലഭിക്കുക. ഷാനിമോള്‍ ഉസ്മാനാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ ഐ ഗ്രൂപ്പിന്റെ അക്കൗണ്ടില്‍ ഉറപ്പിക്കാനും പറ്റില്ല. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ചെന്നിത്തലയുടെ ഹരിപ്പാടില്‍ ഷാനിമോള്‍ക്ക് വലിയ തിരിച്ചടി ഉണ്ടായത് ഗ്രൂപ്പിലെ പാര മൂലമായിരുന്നു. ഇതോടെ ഇപ്പോള്‍ മാനസികമായി രമേശ് ചെന്നിത്തലയോടും ഐ ഗ്രൂപ്പിനോടും ഈ വനിതാ നേതാവ് അകല്‍ച്ചയിലാണ്. രമേശ് ചെന്നിത്തല കെ.പി.സി.സി അദ്ധ്യക്ഷനായ ശേഷം ആര്‍ജിച്ച ശക്തിയാണ് ഐ ഗ്രൂപ്പിന് ഇപ്പോള്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നത്.

നിലവില്‍ കെ.സി വേണുഗോപാല്‍ ചെന്നിത്തലയേക്കാള്‍ വലിയ നേതാവായി മാറിക്കഴിഞ്ഞു. സ്വന്തമായ ഒരു ഗ്രൂപ്പ് തന്നെ ചെന്നിത്തലയുടെ പഴയ ഈ അനുയായിക്ക് ഇപ്പോഴുണ്ട്. മറ്റൊരു ഐ വിഭാഗം നേതാവായ കെ. മുരളീധരനും ചെന്നിത്തലയെ അംഗീകരിക്കുന്നില്ല. ഉമ്മന്‍ ചാണ്ടി വിഭാഗത്തിനോടാണ് അദ്ദേഹത്തിനും ഏറെ താല്‍പ്പര്യം. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറില്‍ ചെന്നിത്തല ഇടപെട്ട് റവന്യൂ വകുപ്പ് മന്ത്രിയാക്കിയ അടൂര്‍ പ്രകാശും ചെന്നിത്തലയെ കൈവിട്ടു കഴിഞ്ഞു. ഇതോടെ ആകെ വെട്ടിലായിരിക്കുന്നത് ഐ ഗ്രൂപ്പാണ്. നേതാക്കള്‍ മലക്കം മറയുന്നത് ഗ്രൂപ്പിന് അവകാശപ്പെട്ട സീറ്റുകള്‍ നഷ്ടപ്പെടുത്തുമെന്നാണ് ചെന്നിത്തലയുടെ ഭയം. അടുത്ത മുഖ്യമന്ത്രി കുപ്പായവും തുന്നി ഇരിക്കുന്ന രമേശ് ചെന്നിത്തലക്കുള്ള ആദ്യ പ്രഹരമായിരിക്കും ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ ലഭിക്കുക. അക്കാര്യം ഉറപ്പാണ്.

കഴിഞ്ഞ സര്‍ക്കാറില്‍ ആഭ്യന്തരവും റവന്യൂവും അടക്കം സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്ത ഐ ഗ്രൂപ്പിപ്പോള്‍ ശരിക്കും പ്രതിരോധത്തിലായി കഴിഞ്ഞു. വാശി പിടിച്ച് മത്സരിക്കാന്‍ സീറ്റ് വാങ്ങിയാല്‍ എ ഗ്രൂപ്പ് കാലുവാരി തോല്‍പ്പിക്കുമെന്ന ഭയവും ഐ ഗ്രൂപ്പിനുണ്ട്. നഷ്ടപ്പെടാന്‍ ഐ ഗ്രൂപ്പിന് മാത്രമാണ് സീറ്റുകള്‍ ഉള്ളത് എന്നത് ഗ്രൂപ്പ് നേതൃത്വത്തെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. ഐ ഗ്രൂപ്പിന്റെ ഈ പരിമിതി മനസ്സിലാക്കി സീറ്റുകള്‍ തട്ടിയെടുക്കാനാണ് എ ഗ്രൂപ്പ് കരുക്കള്‍ നീക്കുന്നത്. ഉമ്മന്‍ ചാണ്ടി തന്നെയാണ് ഇവിടെ കളം നിയന്ത്രിക്കുന്നത്.

അതേസമയം കോണ്‍ഗ്രസ്സിലെ ഈ ഗ്രൂപ്പ് പോര് ഇടതുപക്ഷത്തിനാണ് ഗുണം ചെയ്യുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ഇപ്പോഴത്തെ അവസ്ഥ നഷ്ടപ്പെട്ട ന്യൂനപക്ഷ വോട്ടുകള്‍ തിരികെ ഇടതു പാളയത്തിലെത്താനാണ് വഴി ഒരുക്കുക. കര്‍ണ്ണാടകയിലും ഗോവയിലും ഖദര്‍ കാവിയണിഞ്ഞത് കേരളത്തിലെ മത ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ മാറ്റത്തിന് തന്നെ കാരണമാകും. രക്ഷകന് വോട്ട് ചെയ്തവരിപ്പോള്‍ രക്ഷകന്‍ ഓടിയൊളിച്ചത് കണ്ട് അന്തംവിട്ട അവസ്ഥയിലാണ്.

ശബരിമല വിഷയത്തില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്ന് പറഞ്ഞ് വോട്ട് പിടിച്ച ബി.ജെ.പിയും വെട്ടിലായി കഴിഞ്ഞു. വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ നിലവില്‍ രണ്ടാം സ്ഥാനത്തുള്ള ബി.ജെ.പി മൂന്നാം സ്ഥാനത്തേക്ക് തഴയപ്പെട്ടാല്‍ കവിപടക്കും അത് വലിയ പ്രഹരമായി മാറും. വെല്ലുവിളികള്‍ക്കിടയിലും ഇടതുപക്ഷം ശക്തമായ മുന്നേറ്റം ഉണ്ടാക്കിയാല്‍ അത് കേരള രാഷ്ട്രീയത്തെ സംബന്ധിച്ച് മറ്റൊരു മാറ്റത്തിനുള്ള വഴിത്തിരിവാകും.

Political Reporter

Top