ഈ പോക്കു പോയാൽ തിരിച്ചടിക്കുമെന്ന് ലീഗ്, ചെന്നിത്തലയുടെ ഇടപെടൽ പോരന്ന്

യു.ഡി.എഫിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യം മുസ്ലീം ലീഗില്‍ ശക്തമാവുന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയുടെ പ്രവര്‍ത്തനങ്ങളില്‍ ലീഗിലെ പ്രബല വിഭാഗങ്ങള്‍ തൃപ്തരല്ല.

ഇടുക്കിയിലെ ലോക്കപ്പ് മരണം കൈകാര്യം ചെയ്യുന്ന രീതിയിലും ഭിന്നത പ്രകടമാണ്. എസ്.പിയെ സംരക്ഷിക്കുന്ന ഭരണപക്ഷ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന ആവശ്യമാണ് ലീഗ് ഉന്നയിക്കുന്നത്. നിരാഹാരം അടക്കമുള്ള പ്രത്യക്ഷ സമരത്തിലേക്ക് പ്രതിപക്ഷ നേതാവ് തന്നെ പോവണമായിരുന്നു എന്നതാണ് ലീഗ് നേത്യത്വത്തിലെ വികാരം. സഭയില്‍ പറയുന്നതിനുമപ്പുറം ഇത്തരം പ്രത്യക്ഷ സമരങ്ങള്‍ ജനങ്ങളെ സ്വാധീനിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വാദം അവര്‍ ഉന്നയിക്കുന്നത്.

പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ചെന്നിത്തല ക്ഷോഭിക്കുന്നില്ലെന്ന വിലയിരുത്തല്‍ തുടക്കം മുതല്‍ തന്നെ ലീഗ് പ്രവര്‍ത്തകരിലും വ്യാപകമായിരുന്നു. അതിപ്പോള്‍ കൂടുതല്‍ ശക്തമായിരിക്കുകയാണ്. ലീഗ് നടത്തുന്ന സംഘടനാ പ്രവര്‍ത്തനത്തിന്റെ കാല്‍ ഭാഗം പോലും പ്രവര്‍ത്തനങ്ങള്‍ കോണ്‍ഗ്രസ്സ് നടത്തുന്നില്ലന്ന വിമര്‍ശനവും ലീഗ് നേത്യത്വത്തിനുണ്ട്.

ലോക്‌സഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ലഹരിയില്‍ നിയമസഭാ ഉപതെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ തിരിച്ചടിക്കുമെന്നാണ് ഈ ഘടക കക്ഷിയുടെ മുന്നറിയിപ്പ്. തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന ആറ് നിയമസഭ മണ്ഡലങ്ങളില്‍ അഞ്ചും യു.ഡി.എഫിന്റെ സിറ്റിംഗ് സീറ്റുകളാണ്. ഇതില്‍ മൂന്നെണ്ണവും കോണ്‍ഗ്രസ്സിന്റെയാണ്. മഞ്ചേശ്വരം മാത്രമാണ് ലീഗിന് മുന്നിലെ വെല്ലുവിളി. പാലായില്‍ കേരള കോണ്‍ഗ്രസ്സാണ് മത്സരിക്കുന്നത്.

ഇതിനകം തന്നെ മഞ്ചേശ്വരം സീറ്റ് നിലനിര്‍ത്താന്‍ ലീഗ് പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ അവസ്ഥ ദയനീയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ട് കളത്തില്‍ ഇറങ്ങാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ്സ് നേതൃത്വം. നാല് സീറ്റിലേക്കുമായി ഡസന്‍കണക്കിന് സ്ഥാനാര്‍ത്ഥി മോഹികളാണ് കോണ്‍ഗ്രസ്സില്‍ ഇപ്പോഴേ സജീവമായിരിക്കുന്നത്.

എ- ഐ ഗ്രൂപ്പുകള്‍ക്ക് പുറമെ മുല്ലപ്പള്ളിയും ആന്റണിയും സുധീരനുമെല്ലാം ഇഷ്ടക്കാരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ആഗ്രഹിക്കുന്നുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി വിജയിച്ചു കഴിഞ്ഞാല്‍ പിന്നെ ആ മണ്ഡലം കുത്തകയാക്കി വയ്ക്കാമെന്ന കണക്കുകൂട്ടലിലാണ് സ്ഥാനാര്‍ത്ഥി മോഹികള്‍. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ നല്‍കിയ കേസ് പിന്‍വലിച്ചാല്‍ മാത്രമേ ഈ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പുണ്ടാകൂ. അങ്ങനെ വന്നാല്‍ പി.സി വിഷ്ണുനാഥിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നതാണ് ഉമ്മന്‍ ചാണ്ടിയുടെ താല്‍പ്പര്യം.

കോന്നി മണ്ഡലത്തില്‍ ഐ ഗ്രൂപ്പ് പിടിമുറുക്കുന്നുണ്ടെങ്കിലും എ ഗ്രൂപ്പ് ഇത്തവണ സീറ്റ് കിട്ടണമെന്ന വാശിയിലാണ്. അരൂരിന് വേണ്ടി ഐ ഗ്രൂപ്പിലെ ഷാനിമോള്‍ ഉസ്മാന്‍ തന്നെയാണ് രംഗത്തുള്ളത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അരൂര്‍ മണ്ഡലത്തില്‍ ഒന്നാമതെത്താന്‍ ഷാനിമോള്‍ക്ക് കഴിഞ്ഞിരുന്നു. എറണാകുളത്ത് ഐ ഗ്രൂപ്പ് ആണ് അവകാശവാദം ഉന്നയിക്കുന്നതെങ്കിലും കെ.വി തോമസ് ഉള്‍പ്പെടെയുള്ളവരുടെ നിലപാടായിരിക്കും ഇവിടെ നിര്‍ണ്ണായകമാവുക. നിലവില്‍ ഈ സിറ്റിംഗ് സീറ്റുകളെല്ലാം ഐ ഗ്രൂപ്പിന്റെ കൈവശമാണുള്ളത്. ഇതില്‍ എന്തു വിട്ടുവീഴ്ച ചെയ്താലും അത് ആത്യന്തികമായി കോണ്‍ഗ്രസ്സില്‍ കലാപത്തിന് തന്നെ കാരണമാകും.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് 20ല്‍ 19 ഉം നേടിയതിലാണ് കോണ്‍ഗ്രസ്സിന്റെ ആത്മവിശ്വാസം. എന്നാല്‍ ഈ ആത്മവിശ്വാസം ലീഗിനും കേരള കോണ്‍ഗ്രസ്സിനും ഇല്ല. ഈ ഘടക കക്ഷികള്‍ മത്സരിക്കുന്ന മഞ്ചേശ്വരത്തും പാലായിലും കടുത്ത മത്സരമാണ് നേതൃത്വം മുന്നില്‍ കാണുന്നത്. മഞ്ചേശ്വരത്ത് ഇത്തവണ നടക്കാന്‍ പോകുന്ന ശക്തമായ ത്രികോണ മത്സരത്തെ ആശങ്കയോടെയാണ് ലീഗ് കാണുന്നത്.

കേന്ദ്ര ഭരണത്തിലെ സാധ്യതകളും, കര്‍ണ്ണാടകയിലെ സംഘടനാ സ്വാധീനവും ബി.ജെ.പി ഉപയോഗപ്പെടുത്തുമെന്ന് തന്നെയാണ് കണക്കു കൂട്ടല്‍. ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എം ലീഗിന് വോട്ട് ചെയ്യുമെന്ന പ്രതീക്ഷയും ഇത്തവണ ലീഗിനെ സംബന്ധിച്ച് അസ്ഥാനത്താണ്. മഞ്ചേശ്വരത്ത് അട്ടിമറി വിജയം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കാനാണ് സി.പി.എം അണികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

പാലായില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാക്ഷാല്‍ മാണി പോലും കഷ്ടിച്ചാണ് വിജയിച്ചത്. ഈ കുത്തക മണ്ഡലത്തില്‍ വിജയിക്കേണ്ടത് ജോസ് കെ. മാണി വിഭാഗത്തെ സംബന്ധിച്ച് നിലനില്‍പ്പിന്റെ കൂടി പ്രശ്‌നമാണ്. കേരള കോണ്‍ഗ്രസ്സിലെ ഭിന്നത വോട്ടിങ്ങില്‍ പ്രതിഫലിച്ചാല്‍ പാലായില്‍ ഇത്തവണ ചെങ്കൊടിയാകും പാറുക.

അപകടം മുന്നില്‍ കണ്ട് വെടി നിര്‍ത്തലിന് ജോസഫിനോടും ജോസിനോടും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ജോസഫ് വിഭാഗത്തെ പുണരുന്ന കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ നിലപാടില്‍ രോഷത്തിലാണ് ജോസ് കെ. മാണി വിഭാഗം. ഇവിടെ ആരാകും സ്ഥാനാര്‍ത്ഥി എന്നതും വിജയത്തിന് നിര്‍ണ്ണായകമാകും. രാജ്യസഭ അംഗത്വം രാജിവച്ച് ജോസ് കെ. മാണി സ്ഥാനാര്‍ത്ഥിയാകുമോ അതോ ഭാര്യ നിഷയാകുമോ സ്ഥാനാര്‍ത്ഥി എന്നതാണ് ഇനി അറിയാനുള്ളത്.

കോണ്‍ഗ്രസ്സ് സിറ്റിംഗ് സീറ്റുകളായ കോന്നി, എറണാകുളം, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലും സ്ഥിതി ഗൗരവകരമാണ്. എളുപ്പത്തില്‍ വിജയിക്കാന്‍ പറ്റാവുന്ന സാഹചര്യമല്ല നിലവില്‍ ഈ മണ്ഡലങ്ങളില്‍ യു.ഡി.എഫിന് ഉള്ളത്. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റായ അരൂരില്‍ അട്ടിമറി വിജയം നേടാനും കോണ്‍ഗ്രസ്സിന് എളുപ്പത്തില്‍ കഴിയില്ല.

ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ സംബന്ധിച്ച് കേഡര്‍ സംഘടനാ സംവിധാനം ഏറെ ഗുണം ചെയ്യും. കോന്നി, വട്ടിയൂര്‍ക്കാവ്, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്കും സംഘടനാ അടിത്തറയുണ്ട്. മഞ്ചേശ്വരത്ത് ലീഗിനും പാലായില്‍ കേരള കോണ്‍ഗ്രസ്സിനും സംഘടനാ പിന്‍ബലമുണ്ട്.

എന്നാല്‍ കോണ്‍ഗ്രസ്സിനെ സംബന്ധിച്ച് ശക്തി വ്യക്തി കേന്ദ്രീകൃതമാണ്. ആരാണ് സ്ഥാനാര്‍ത്ഥി, ഏത് ഗ്രൂപ്പുകാരനാണ് മത്സരിക്കുന്നത് എന്നൊക്കെ നോക്കിയാണ് അവരുടെ പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിന് പോലും ഇറങ്ങാറുള്ളത്. ഭരണപക്ഷ വിരുദ്ധ വികാരത്തില്‍ വിജയിച്ച് പോവുന്ന പഴയ ഏര്‍പ്പാട് ഇനി നടക്കില്ലെന്ന് ലീഗിന് പോലും മുന്നറിയിപ്പ് നല്‍കേണ്ടി വരുന്നതും ഈ യാഥാര്‍ത്ഥ്യം ഉള്‍കൊണ്ടാണ്.

തിരിച്ചടി ഭയന്നാണ് പ്രതിപക്ഷമെന്ന നിലയില്‍ ശക്തമായ പ്രവര്‍ത്തനം നടത്തണമെന്ന് ലീഗ് നേതാക്കള്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും രമേശ് ചെന്നിത്തലയെ മാറ്റാന്‍ ലീഗ് ആവശ്യപ്പെടുമെന്നാണ് സൂചന. ഉമ്മന്‍ ചാണ്ടി പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുക്കണമെന്നതാണ് ലീഗിലെയും പൊതുവികാരം.

Staff Reporter

Top