ഇന്ന് നിശബ്ദ പ്രചാരണത്തിന്‍റെ മണിക്കൂറുകള്‍ ; ആവേശത്തില്‍ മുന്നണികള്‍, നാളെ വിധിയെഴുത്ത്

തിരുവനന്തപുരം : ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. പരസ്യ പ്രചാരണം അവസാനിച്ചതോടെ നിശബ്ദ പ്രചാരണമാണ് ഇനിയുളള മണിക്കൂറുകളില്‍.

അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 9.5 ലക്ഷത്തോളം വോട്ടര്‍മാര്‍ ആണ് നാളെ പോളിംഗ് ബൂത്തിലേക്ക് എത്തുന്നത്. സംസ്ഥാനം ഒരു മാസത്തോളമായി കാത്തിരിക്കുന്ന ജനവിധി കുറിക്കപ്പെടാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.

സര്‍ക്കാറിന്റെ പ്രവര്‍ത്തനം ഉപതെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നതിനാല്‍ തന്നെ മികച്ച ജയമാണ് എല്‍.ഡി.എഫ് ലക്ഷ്യമിടുന്നത്. സിറ്റിംഗ് സീറ്റായ അരൂരിന് പുറമേ ഒരു മണ്ഡലത്തിലെങ്കിലും അധികമായി ജയിക്കാനായാല്‍ മുന്നണിക്കും സര്‍ക്കാറിനും അത് നേട്ടമാകും. നാല് സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തേണ്ടതാണ് യു.ഡി.എഫിന്റെ ഏറ്റവും വലിയ വെല്ലുവിളി. കോന്നിയില്‍ അവസാന ഘട്ടത്തിലും നിലനില്‍ക്കുന്ന ഭിന്നതയും കോണ്‍ഗ്രസിന് ആശങ്കയാണ്. എങ്കിലും അരൂര്‍ കൂടി പിടിച്ചെടുത്ത് ചരിത്ര വിജയം നേടുമെന്നാണ് യു.ഡി.എഫിന്റ അവകാശവാദം.

ശക്തികേന്ദ്രമായ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും മികച്ച പ്രകടനം നടത്തേണ്ടത് ബി.ജെ.പിയുടെയും ബാധ്യതയാണ്. കെ സുരേന്ദ്രന്‍ മത്സരിക്കുന്നതിനാല്‍ കോന്നിയിലും ശക്തിതെളിയിക്കേണ്ടതുണ്ട്. ജാതി രാഷ്ട്രീയം സജീവ ചര്‍ച്ച വിഷയമായ തെരഞ്ഞെടുപ്പ് കൂടിയാണ് ഇത്തവണത്തേത്.

Top