തലസ്ഥാന നഗരിയില്‍ ‘തീ’പാറും പോര് . . ആര് വിജയിച്ചാലും അത് ഇനി വഴിത്തിരിവാകും !

ഉപതിരഞ്ഞെടുപ്പ് ഫലം ജാതി ശക്തികളുടെ കേരളത്തിലെ ശക്തിയും വിലയിരുത്തപ്പെടുന്നതായി മാറും. വട്ടിയൂര്‍ക്കാവില്‍ സി.പി.എം വിജയിച്ചാലും ബി.ജെ.പി വിജയിച്ചാലും അത് എന്‍.എസ്.എസിനാണ് വലിയ തിരിച്ചടിയായി മാറുക. അതേസമയം കോണ്‍ഗ്രസ്സ് വിജയിച്ചാല്‍ എന്‍.എസ്.എസിന്റെ ശക്തിയായാണ് വിലയിരുത്തപ്പെടുക.

തീ പാറുന്ന മത്സരത്തില്‍ നിന്നും പ്രവചനാതീതമായ മത്സരത്തിലേക്ക് വട്ടിയൂര്‍ക്കാവ് ഇതിനകം തന്നൈ മാറിയിട്ടുണ്ട്.സി.പി.എം – ബി.ജെ.പി ഏറ്റുമുട്ടലില്‍ നിന്നും മാറി, ത്രികോണ മത്സരത്തിലേക്ക് എത്തിയത് തന്നെ വൈകിയായിരുന്നു. അതാകട്ടെ എന്‍.എസ്.എസ് പരസ്യമായ പിന്തുണ യു.ഡി.എഫിന് പ്രഖ്യാപിച്ച ശേഷവുമായിരുന്നു.

പരമ്പരാഗതമായി നായര്‍ സമുദായത്തിന് മേല്‍ക്കോയ്മയുള്ള മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഈ വിഭാഗത്തില്‍പ്പെട്ട കെ.മോഹന്‍ കുമാറിനെ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിയാക്കിയതും മണ്ഡലത്തിന്റെ പ്രത്യേകത പരിഗണിച്ചാണ്.

സി.പി.എമ്മും ബി.ജെ.പിയും അട്ടിമറി വിജയം നേടാന്‍ കരുത്തുള്ള സ്ഥാനാര്‍ത്ഥികളെ തന്നെയാണ് വട്ടിയൂര്‍ക്കാവില്‍ രംഗത്തിറക്കിയിരിക്കുന്നത്. മേയര്‍ എന്ന പദവിയിലിരുന്ന് സ്റ്റാറായ വ്യക്തിയാണ് സി.പി.എം സ്ഥാനാര്‍ത്ഥി വി.കെ പ്രശാന്ത്. അതുകൊണ്ട് തന്നെ സിപിഎം പ്രതീക്ഷയും വലുതാണ്. നിരവധി കാലമായി ബി.ജെ.പി ജില്ലാ പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് എസ് സുരേഷ്.

മണ്ഡലത്തിലെ എല്ലാ പ്രദേശങ്ങളിലും വ്യക്തിപരമായി തന്നെ ബന്ധങ്ങളുള്ള സ്ഥാനാര്‍ത്ഥികളാണ് ഇരുവരും. ഈ യാഥാര്‍ത്ഥ്യമാണ് കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റില്‍ മത്സരമിപ്പോള്‍ കടുപ്പമാക്കിയിരിക്കുന്നത്.

കെ.മുരളീധരന്റെ വ്യക്തി പ്രഭാവം കൂടി മുന്‍ നിര്‍ത്തിയാണ് കഴിഞ്ഞ തവണ കോണ്‍ഗ്രസ്സ് ഇവിടെ വിജയിച്ചു കയറിയിരുന്നത്. ബി.ജെ.പി വിജയിക്കാതിരിക്കാന്‍ സി.പി.എമ്മിനു കിട്ടേണ്ടിയിരുന്ന വേട്ടുകള്‍ പോലും കഴിഞ്ഞ തവണ കിട്ടിയത് കോണ്‍ഗ്രസ്സിനായിരുന്നു.

എന്നാല്‍ ഇത്തവണ സ്ഥിതി അതല്ല, പ്രചരണ രംഗത്ത് മുന്നില്‍ സി.പി.എം തന്നെയാണ്. തൊട്ട് പിന്നാലെയുള്ള ബി.ജെ.പിയും കഴിഞ്ഞേ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി വരികയുള്ളു. ഈ മേധാവിത്വം വോട്ടെടുപ്പിലും പ്രതിഫലിച്ചാല്‍ സിറ്റിംഗ് മണ്ഡലം കോണ്‍ഗ്രസ്സിനെ കൈവിടുക തന്നെ ചെയ്യും.

വികെ പ്രശാന്തിന് കിട്ടേണ്ട വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യപ്പെടാനാണ് സാധ്യത. അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് മണ്ഡലത്തില്‍ ഇടതുപക്ഷ പ്രവര്‍ത്തകര്‍ നിലവില്‍ നടത്തിവരുന്നത്.

താമര വിരിയിക്കാതിരിക്കാന്‍ കോണ്‍ഗ്രസ്സിന് ‘കൈ’ കെടുക്കുന്ന ഏര്‍പ്പാടൊക്കെ ഇനി സ്വപ്നത്തില്‍ മാത്രമേ നടക്കൂ എന്ന് വ്യക്തം. അട്ടിമറി വിജയം മാത്രമാണ് സി.പി.എം വട്ടിയൂര്‍ക്കാവില്‍ ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസ്സിന് ലഭിച്ചു കൊണ്ടിരുന്ന ന്യൂനപക്ഷ വോട്ടുകള്‍ ഇത്തവണ തങ്ങള്‍ക്ക് കിട്ടുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

ലോകസഭ തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷത്തിന് പറ്റിയ ‘അബദ്ധം’ ഉപതിരഞ്ഞെടുപ്പില്‍ അവര്‍ തിരുത്തുമെന്നാണ് സിപിഎം നേതൃത്വം അവകാശപ്പെടുന്നത്. ഈ അപകടം മുന്നില്‍ കണ്ട് ബി.ജെ.പി – സി.പി.എം ധാരണയുണ്ടെന്ന പ്രചരണവുമായി കോണ്‍ഗ്രസ്സുമിപ്പോള്‍ രംഗത്ത് വന്നിട്ടുണ്ട്. നായര്‍ വോട്ടിനൊപ്പം ന്യൂനപക്ഷ വോട്ട് കൂടി ഉറപ്പിച്ചു നിര്‍ത്തുകയാണ് കോണ്‍ഗ്രസ് ലക്ഷ്യം. എന്നാല്‍ ഇത് എത്രമാത്രം ഫലവത്താകുമെന്ന കാര്യം കണ്ട് തന്നെ അറിയണം.

കാരണം ഈ പ്രചരണങ്ങളുടെ മുനയൊടിക്കുന്ന ക്യാമ്പയിനാണ് സി.പി.എം മണ്ഡലത്തില്‍ നടത്തിവരുന്നത്. ബേപ്പൂരും വടകരയും മുതല്‍ മുന്‍കാലങ്ങളിലുണ്ടായ കോലീബി സഖ്യമാണ് അതില്‍ പ്രധാനം. കോണ്‍ഗ്രസ്സ് എം.എല്‍.എ ആയിരുന്ന എ.പി അബ്ദുള്ളക്കുട്ടി അടുത്തയിടെ ബിജെപിയില്‍ ചേര്‍ന്നതും സി.പി.എം പ്രചരണായുധമാക്കുന്നുണ്ട്.

രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ്സ് നേതാക്കള്‍ കാവിയണിയുന്നതായ പ്രചരണത്തിന് ഫലപ്രദമായി മറുപടി പറയാന്‍ പോലും കോണ്‍ഗ്രസിന് ഇവിടെ കഴിയുന്നില്ല.

ബി.ജെ.പിയാകട്ടെ സ്വന്തം കേഡര്‍ വോട്ടുകള്‍ ഉറപ്പിച്ച് നിര്‍ത്തി യു.ഡി.എഫ് വോട്ട് ബാങ്കില്‍ വിള്ളലുണ്ടാക്കാനാണ് പ്രധാനമായും ഇപ്പോള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇടതു വോട്ടുകള്‍ കോണ്‍ഗ്രസ്സിന് പോയില്ലങ്കില്‍ വിജയം സുനിശ്ചിതമെന്നാണ് കാവിപ്പടയുടെയും ആത്മവിശ്വാസം. മണ്ഡലത്തില്‍ സി.പി.എം പ്രചരണ രംഗത്ത് മുന്നേറിയതില്‍ ഏറെ സന്തോഷിക്കുന്നതും ബി.ജെ.പിയാണ്.

ഇത്തവണ വട്ടിയൂര്‍ക്കാവില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലങ്കില്‍ ഇനി ഒരിക്കലും അത് സാധ്യമാകില്ലന്ന ഭയവും ബി.ജെ.പിക്കുണ്ട്. സി.പി.എം ഇത്തവണ മണ്ഡലം പിടിച്ചാല്‍ പിന്നെ തിരിച്ച് പിടിക്കുക കോണ്‍ഗ്രസ്സിനെ സംബന്ധിച്ചും പ്രയാസകരമാകും.

പ്രതികൂല സാഹചര്യത്തില്‍ പോലും യു.ഡി.എഫ് വിജയിച്ച മണ്ഡലത്തില്‍ ഇത്തവണയില്ലങ്കില്‍ ഇനിയൊരിക്കലും ഇല്ലന്ന് നേതാക്കള്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്. എന്‍.എസ്.എസ് എടുത്തിരിക്കുന്നതും വലിയ റിസ്‌ക്കാണ്. കോണ്‍ഗ്രസ്സിനെ പിന്തുണയ്ക്കുക വഴി കേന്ദ്ര – കേരള സര്‍ക്കാറുകളുടെ കണ്ണിലെ കരടായാണ് അവര്‍ മാറിയിരിക്കുന്നത്.

പക പോക്കല്‍ രാഷ്ട്രീയം ഇരു സര്‍ക്കാറുകളും പയറ്റിയാല്‍ എന്‍.എസ്.എസ് നേതൃത്വമാണ് കുരുക്കിലാകുക. അതേസമയം എന്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദ്ദേശം ലംഘിച്ച് സമുദായംഗങ്ങള്‍ വോട്ട് ചെയ്യുമെന്നാണ് ഭരണപക്ഷത്തിന്റെ വിലയിരുത്തല്‍. ശക്തമായ ത്രികോണ മത്സരം നടക്കുന്ന കോന്നിയിലും പ്രവചനാതീതമായ മത്സരമാണ് ഇപ്പോള്‍ നടക്കുന്നത്. ഈഴവ വിഭാഗത്തിന് നിര്‍ണ്ണായക സ്വാധീനമാണ് ഈ മണ്ഡലത്തിലുള്ളത്.ഗ്രൂപ്പിസമാണ് ഇവിടെ കോണ്‍ഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളി.

വെള്ളാപ്പള്ളിമാര്‍ ‘രണ്ട് വള്ളത്തില്‍’ കാല് വച്ചാണ് ഇവിടെ നിലപാട് സ്വീകരിച്ചിരിക്കുന്നത്. ബി.ഡി.ജെ.എസ് പിന്തുണ ബി.ജെ.പിക്കാണെന്ന് തുഷാര്‍ പറയുമ്പോള്‍ അതില്‍ കാവിപ്പടക്ക് തന്നെ സംശയങ്ങളുണ്ട്. എസ്.എന്‍.ഡി.പി യോഗം ആരെയും പിന്തുണക്കുന്നില്ലന്ന് പറയുന്ന വെള്ളാപ്പള്ളി നടേശനെയും സംശയത്തോടെ മാത്രമെ വീക്ഷിക്കാന്‍ കഴിയുകയുള്ളു.

ഇടതുപക്ഷത്തോടാണ് വെള്ളാപ്പള്ളിയുടെ കൂറെന്നാണ് കോണ്‍ഗ്രസ്സും ബി.ജെ.പിയും കരുതുന്നത്. എന്നാല്‍ ഈ കൂറ് കിട്ടുന്ന വോട്ടുകള്‍ പോലും ഇല്ലാതാക്കുമോ എന്ന ആശങ്കയാണ് ഇടതുപക്ഷത്തിപ്പോള്‍ വിതച്ചിരിക്കുന്നത്. ബി.ഡി.ജെ.എസിനെ മുന്നണിയിലെടുക്കുന്നതിന് എതിരായ നിലപാട് സി.പി.ഐ സ്വീകരിച്ചതും ഈ സാഹചര്യത്തിലാണ്.കോന്നിയില്‍ എത് സ്ഥാനാര്‍ത്ഥി വിജയിച്ചാലും അതില്‍ വെള്ളാപ്പള്ളി മാര്‍ക്ക് അവകാശവാദം ഉന്നയിക്കാന്‍ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.


Political Reporter

Top