‘പഞ്ചവടി പാലം’ യു.ഡി.എഫ് കടക്കില്ല, പുതിയ കരുനീക്കങ്ങളുമായി ഇടതുപക്ഷം

ഞ്ച് മണ്ഡലങ്ങളിലേക്ക് ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ യു.ഡി.എഫിന്റെ ചങ്കിടിപ്പിക്കുന്നത് വിജിലന്‍സിന്റെ കരു നീക്കം.പ്രചരണത്തിന്റെ ക്ലൈമാക്‌സില്‍ പാലാരിവട്ടം പാലം അഴിമതിയുമായി ബന്ധപ്പെട്ട് മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞ് അറസ്റ്റ് ചെയ്യപ്പെടുമെന്നാണ് യു.ഡി.എഫ് നേതൃത്വം കരുതുന്നത്. ഇത്തരമൊരു സാഹചര്യം ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ ജനവികാരം എതിരാക്കാനാണ് കാരണമാവുക. ഈ യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് എങ്ങനെ പ്രതിരോധിക്കുമെന്നതാണ് യു.ഡി.എഫ് നേതാക്കളിപ്പോള്‍ തല പുകഞ്ഞ് ആലോചിക്കുന്നത്.

രാഷ്ട്രീയ വിരോധം മുന്‍ നിര്‍ത്തിയാണ് ഇബ്രാഹിം കുഞ്ഞിനെ പ്രതിയാക്കിയതെന്ന് പറഞ്ഞാല്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ അത് വിലപ്പോവാനും സാധ്യത കുറവാണ്. ഹൈക്കോടതി പോലും ‘പഞ്ചവടി’ പാലം എന്ന് വിശേഷിപ്പിച്ച പാലം അഴിമതിയെ ജനങ്ങളും ഗൗരവത്തോടെയാണ് നോക്കി കാണുന്നത്.

പാലാ ഉപതിരഞ്ഞെടുപ്പിലും ഇടതുപക്ഷം പാലാരിവട്ടം മേല്‍പ്പാലം അഴിമതി പ്രചരണ വിഷയമാക്കിയിരുന്നു. പാലാ കൈവിട്ട ഷോക്കില്‍ നില്‍ക്കുന്ന യു.ഡി.എഫിനെ സംബന്ധിച്ച് ഇനി മുന്‍ മന്ത്രി അറസ്റ്റിലാവുക കൂടി ചെയ്താല്‍ ‘പണി’ ശരിക്കും പാളും. പാലാരിവട്ടം പാലം നിര്‍മാണത്തില്‍ കരാറുകാരന് മുന്‍കൂറായി പണം അനുവദിച്ചതില്‍ ഇബ്രാഹിം കുഞ്ഞിന് ഗൂഢലക്ഷ്യമുണ്ടായിരുന്നതായാണ് വിജിലന്‍സിപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

നാലാംപ്രതിയും പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുമായ ടി ഒ സൂരജിനെ ജയിലില്‍ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന അധിക സത്യവാങ്മൂലത്തിലാണ് ഈ വിവരം ഉള്‍പ്പെടുത്തിയിരിക്കുന്നത്. മുന്‍കൂര്‍ പണം നല്‍കാന്‍ മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞ് ഇടപെട്ടതിന്റെ രേഖകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്.

കരാറെടുത്ത ആര്‍ഡിഎസ് പ്രോജക്ടിന് മൊബിലൈസേഷന്‍ അഡ്വാന്‍സായി 8.25 കോടി രൂപ നല്‍കിയതിലൂടെ വര്‍ഷം തോറും പലിശയിനത്തില്‍ ഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. നാല് വര്‍ഷത്തിനിടയില്‍ 2.24 കോടിയാണ് കണക്കാക്കുന്ന നഷ്ടം. 2014ലെ അക്കൗണ്ടന്റ് ജനറലിന്റെ റിപ്പോര്‍ട്ടില്‍ ഇത് വ്യക്തമാക്കിയതായും വിജിലന്‍സ് ചൂണ്ടിക്കാട്ടുന്നുണ്ട്. പണം കൈമാറുന്നതിനായി ഇബ്രാഹിംകുഞ്ഞ് ഒപ്പിട്ട ഫയലുകളും വിജിലന്‍സിന് ലഭിച്ചിട്ടുണ്ട്. കമ്പനി എം.ഡി സുമിത് ഗോയലിന്റെ അപേക്ഷയില്‍ ധ്രുദഗതിയിലാണ് കാര്യങ്ങള്‍ നടന്നിരിക്കുന്നത്.

റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് സുമിത് അപേക്ഷ നല്‍കിയിരുന്നത്. അവ അന്നത്തെ എം.ഡി എ.പി.എം മുഹമ്മദ് ഹനീഷ് വകുപ്പിന് കൈമാറുകയായിരുന്നു. മന്ത്രി പറഞ്ഞിട്ടാണ് പണം നല്‍കിയതെന്നാണ് ടി ഒ സൂരജ് കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. വിജിലന്‍സിനും സമാന മൊഴിയാണ് നല്‍കിയിരിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന ടി ഒ സൂരജ് ഉള്‍പ്പെടെയുള്ളവരുടെ ജാമ്യഹര്‍ജി തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വിജിലന്‍സ് ഹൈക്കോടതിയിലിപ്പോള്‍ പുതുക്കിയ സത്യവാങ്മൂലവും നല്‍കുന്നത്.

ഈ സാഹചര്യത്തില്‍ കാര്യങ്ങള്‍ മുന്‍ മന്ത്രിയുടെ അറസ്റ്റിലേക്കെത്തുമെന്ന് തന്നെയാണ് നിയമ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നത്. മുന്നണിയിലെ പ്രധാന ഘടകകക്ഷി നേതാക്കളുടെ നടപടിയാണിപ്പോള്‍ കോണ്‍ഗ്രസ്സിനെയും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.

പാലായില്‍ കേരള കോണ്‍ഗ്രസ്സിലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ തല്ലിയതും മേല്‍പ്പാലം വിവാദവുമാണ് ‘വിക്കറ്റ്’ തെറിക്കുന്നതിന് പ്രധാന കാരണമായിരുന്നത്. മടുത്തിട്ടാണ് വോട്ട് ചെയ്യാതിരുന്നതെന്നാണ് ഉറച്ച യു.ഡി.എഫ് വോട്ടര്‍മാര്‍ പോലും തുറന്നടിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മറ്റു അഞ്ച് മണ്ഡലങ്ങളിലും പാലാരിവട്ടം മേല്‍പ്പാലമാണ് ഏറെ വെല്ലുവിളി ഉയര്‍ത്തുവാന്‍ പോകുന്നത്. ഇതിലെ വില്ലന്‍ ആകട്ടെ മുസ്ലിം ലീഗ് നേതാവായ ഇബ്രാഹിം കുഞ്ഞുമാണ്.

പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട്ടെയും ഏറ്റവും വിശ്വസ്തനാണ് ഈ മുന്‍ മന്ത്രി. ഐസ്‌ക്രീം കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് രാജി വയ്‌ക്കേണ്ടി വന്നപ്പോള്‍ പകരക്കാരനായി കയറിയ ഇബ്രാഹിം കുഞ്ഞിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. ലീഗിലെ ഈ കരുത്തനെ ലീഗ് കൈവിടാത്തടത്തോളം കോണ്‍ഗ്രസ്സിനും കൈവിടാന്‍ കഴിയുകയില്ല.

ഇപ്പോള്‍ തന്നെ ലീഗ് മത്സരിക്കുന്ന മഞ്ചേശ്വരത്ത് വിമതശല്യവും രൂക്ഷമാണ്. ഇവിടെ മൂന്നാം സ്ഥാനത്ത് നിന്നും ഒന്നാം സ്ഥാനത്ത് എത്താനാണ് സി.പി.എം ശങ്കര്‍ റേയെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. ശക്തമായ ത്രികോണ മത്സരമാണ് മഞ്ചേശ്വരത്ത് അരങ്ങേറാന്‍ പോകുന്നത്. ബി ജെ പി സ്ഥാനാര്‍ത്ഥി വിജയിക്കുമെന്ന് കണ്ട് വിട്ടുവീഴ്ച ചെയ്യുന്ന പഴയ ഏര്‍പ്പാട് ഇത്തവണ സി.പി.എം ചെയ്യില്ലന്നും വ്യക്തം. ലീഗ് മുന്‍ മന്ത്രി നടത്തിയ പാലം അഴിമതി മഞ്ചേശ്വരത്ത് പ്രധാന പ്രചരണ വിഷയമാകുന്ന കാഴ്ചയാണ് നിലവില്‍ ഇപ്പോള്‍ കണ്ട് വരുന്നത്.

പാലം സ്ഥിതി ചെയ്യുന്ന എറണാകുളത്തും യു.ഡി.എഫ് കടുത്ത മത്സരമാണ് നേരിടുന്നത്. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ടി.ജെ വിനോദി നെതിരെ ഇടതുപക്ഷം സ്ഥാനാര്‍ത്ഥിയാക്കിയത് അഡ്വ.മനു റോയിയെ ആണ്. സാമുദായിക പിന്തുണ ഇത്തവണ ഇടതിനെ തുണച്ചാല്‍ ഈ യു.ഡി.എഫ് കോട്ടയില്‍ അട്ടിമറിക്കുള്ള സാധ്യത വളരെ കൂടുതലാണ്.

പാലാരിവട്ടം മേല്‍പ്പാലത്തില്‍ നിന്നും അധികം ദൂരമില്ലാത്ത അരൂരിലെ സിറ്റിംഗ് സീറ്റ് നിലനിര്‍ത്താനും പാലം അഴിമതി വിവാദം തുണയാകുമെന്ന പ്രതീക്ഷയിലാണ് ഇടതുപക്ഷം. അരൂരില്‍ ലോകസഭ തിരഞ്ഞെടുപ്പില്‍ നടത്തിയ മുന്നേറ്റത്തില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ വീണ്ടും രംഗത്തിറങ്ങിയിരിക്കുന്നത്. എന്നാല്‍ യുവ നേതാവ് മനു സി പുളിക്കലിലൂടെ മണ്ഡലം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ചെമ്പട.

ശക്തമായ ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവിലും കോന്നിയിലും ജയത്തില്‍ കുറഞ്ഞ് മറ്റൊന്നും തന്നെ സി.പി.എം ചിന്തിക്കുന്നില്ല. മേയര്‍ വി.കെ പ്രശാന്തിനെ വട്ടിയൂര്‍ക്കാവില്‍ ഇറക്കിയത് തന്നെ ഇത്തവണ കപ്പ് അടിച്ചെടുക്കുന്നതിനു വേണ്ടിയാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാനത്ത് ആയി പോയതിന്റെ ക്ഷീണം തീര്‍ക്കാന്‍ സകല ശക്തിയും ഉപയോഗിച്ചാണ് സി.പി.എം ഇവിടെ രംഗത്തിറങ്ങിയിരിക്കുന്നത്.

തീപാറുന്ന മത്സരം നടക്കുന്ന മറ്റൊരു മണ്ഡലം കോന്നിയാണ്. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച ബി.ജെ.പിയെ കൂടി മറി കടന്നു വേണം ഇവിടെ ഇടതുപക്ഷത്തിന് ജയിയിച്ച് കയറാന്‍.

ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ജനീഷ് കുമാറിനെ സ്ഥാനാര്‍ത്ഥിയാക്കിയത് കോന്നി മണ്ഡലം പിടിച്ചെടുക്കുന്നതിന് വേണ്ടിയാണ്. സിറ്റിംഗ് എം.എല്‍.എ ആയിരുന്ന അടൂര്‍ പ്രകാശിന്റെ നോമിനി സ്ഥാനാര്‍ത്ഥിയാകാതിരുന്നത് കോണ്‍ഗ്രസ്സിലും രൂക്ഷമായ ഭിന്നതക്ക് കാരണമായിട്ടുണ്ട്. ഇതും ഇടതുപക്ഷത്തെ സംബന്ധിച്ച് പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.

പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുക കൂടി ചെയ്താല്‍ ഈ പ്രതിപക്ഷ മണ്ഡലങ്ങളില്‍ അട്ടിമറി വിജയം സാധ്യമാകുമെന്നാണ് ഇടതുപക്ഷം കണക്ക് കൂട്ടുന്നത്. പാലാ നല്‍കിയ പാലത്തില്‍ കയറി പാലാരിവട്ടം മേല്‍പ്പാലത്തിലെത്തി യു.ഡി.എഫിനെ പൊളിച്ചടുക്കുകയാണ് ചെമ്പടയുടെ ലക്ഷ്യം.

Political Reporter

Top