ഇടതുമുന്നണി വിജയക്കൊടി പാറിച്ചാല്‍ പ്രതിപക്ഷ അസ്തമയവും സുനിശ്ചിതം !!

പതെരഞ്ഞെടുപ്പില്‍ പിണറായി ‘ചിരിച്ചാല്‍’ തെറിക്കുക ഒരു ഡസനോളം നേതാക്കള്‍. പ്രതിപക്ഷ പാര്‍ട്ടിയിലെ മാത്രമല്ല സാമുദായിക നേതാക്കളെ സംബന്ധിച്ചും ജീവന്‍ മരണ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്. അഞ്ചില്‍ ഒന്ന് കിട്ടിയാല്‍ പോലും അത് ഇടതുപക്ഷത്തിന് നേട്ടമാണ്. സര്‍ക്കാറിനെതിരെ ജനവികാരമില്ലന്ന് ചൂണ്ടിക്കാണിക്കാന്‍ അതു തന്നെ ധാരാളമാണ്. ഒരു സീറ്റും കിട്ടാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ ഇടതുപക്ഷത്തിന് തിരിച്ചടിയാവുകയള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതിനുള്ള സാധ്യത വളരെ കുറവാണ്.

തിരഞ്ഞെടുപ്പ് നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍ , എറണാകുളം, മഞ്ചേശ്വരം മണ്ഡലങ്ങളില്‍ തുടക്കം മുതല്‍ പ്രചരണത്തില്‍ അധിപത്യം പുലര്‍ത്തിയത് ഇടതുപക്ഷമാണ്. സി.പി.എമ്മിന്റെ മുഴുവന്‍ സംഘടനാ മെഷിനറിയും ഇവിടങ്ങളില്‍ എണ്ണയിട്ട യന്ത്രം പോലെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്.

കോണ്‍ഗ്രസ്സിന്റെ ഉരുക്ക് കോട്ടയായി അറിയപ്പെടുന്ന എറണാകുളം മണ്ഡലത്തില്‍ പോലും ഒടുവില്‍ ചെമ്പട നല്ല മുന്നേറ്റമാണ് നടത്തിയിരിക്കുന്നത്. ജില്ലയിലെ പ്രധാന സി.പി.എം കേഡര്‍മാരെല്ലാം മണ്ഡലത്തില്‍ തമ്പടിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇത് എറണാകുളത്തെ സംബന്ധിച്ചും വിധി പ്രവചനാതീതമാക്കിയിട്ടുണ്ട്.

സി.പി.എമ്മിനെ സംബന്ധിച്ച് ഭയക്കേണ്ട ഒരു സാഹചര്യവും നിലവില്‍ ഇല്ലന്നാണ് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നത്. ഇനി ഉള്ള സിറ്റിംഗ് സീറ്റ് പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടായാല്‍ പോലും പിണറായിയും കോടിയേരിയുമൊന്നും തെറിക്കാനും സാധ്യതയില്ല. തെറ്റു തിരുത്തല്‍ നടപടി സ്വീകരിച്ച് മുന്നോട്ട് പോകാനാണ് അത്തരമൊരു സാഹചര്യത്തില്‍ സി.പി.എം ശ്രമിക്കുക. എന്നാല്‍ യു.ഡി.എഫിന്റെ അവസ്ഥ അതല്ല, ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍, 2021 അവരെ സംബന്ധിച്ച് പേടി സ്വപ്നമായി മുന്നിലുണ്ടാകും.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെയും കസേരകളും തെറിക്കും. കോന്നിയില്‍ വീണാല്‍ അടൂര്‍ പ്രകാശ് എം.പിയുടെ അവസ്ഥയും മോശമാകും. വലിയ പൊട്ടിതെറിയിലേക്കാണ് അപ്പോള്‍ കാര്യങ്ങള്‍ നീങ്ങുക. കോണ്‍ഗ്രസ്സ് മത്സരിക്കുന്ന നാല് മണ്ഡലങ്ങളില്‍ മൂന്നും ഐ ഗ്രൂപ്പിന്റെതായതിനാല്‍ നഷ്ടം കൂടുതലും ഈ ഗ്രൂപ്പിന് തന്നെയായിരിക്കും.

2021 ലെ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കസേര സ്വപ്നം കാണുന്ന ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കും വീട്ടിലിരിക്കേണ്ട അവസ്ഥയും അതോടെ വരും. യു.ഡി.എഫിലെ മറ്റൊരു പ്രധാന പാര്‍ട്ടിയായ മുസ്ലീം ലീഗിനെ സംബന്ധിച്ചും നിര്‍ണ്ണായകമാണ് മഞ്ചേശ്വരം തിരഞ്ഞെടുപ്പ്. ഇവിടെ സി.പി.എം ശക്തമായ മത്സരമാണ് കാഴ്ച്ചവയ്ക്കുന്നത്. ത്രികോണ മത്സരത്തില്‍ മണ്ഡലം കൈവിട്ട് പോകുമോയെന്ന ആശങ്ക ലീഗ് നേതൃത്വത്തിലും ശക്തമാണ്.

ബി.ജെ.പി വിജയിക്കാതിരിക്കാന്‍ ഇടതു അനുഭാവികള്‍ വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും കഴിഞ്ഞ തവണ കാട്ടിയ പരിഗണന ഇത്തവണ എന്തായാലും ഉണ്ടാകില്ല. വിജയം മാത്രം ലക്ഷ്യമിട്ടാണ് ഈ മണ്ഡലങ്ങളില്‍ ഇടതുപക്ഷം ഇത്തവണ മത്സരിക്കുന്നത്. പ്രചരണത്തില്‍ കോണ്‍ഗ്രസ്സിനെ മറികടക്കാനും ഇവിടങ്ങളില്‍ ചെമ്പടക്ക് കഴിഞ്ഞിട്ടുണ്ട്.

ലീഗ് എം.പിമാരായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീര്‍, രാജ്യസഭാംഗം പി.വി അബ്ദുള്‍ വഹാബ് എന്നിവരാണ് മഞ്ചേശ്വരത്തെ ഒരു പ്രധാന ചര്‍ച്ച. സമുദായത്തിന് വേണ്ടി ഈ ലീഗ് നേതാക്കള്‍ പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്താത്തത് എതിരാളികള്‍ ശരിക്കും ഉപയോഗപ്പെടുത്തുന്നുണ്ട്. പാര്‍ലമെന്റില്‍ പോലും കൃത്യമായി ഹാജരാകാതെ ഒളിച്ചോടുന്നവരുടെ പാര്‍ട്ടിക്ക് എന്തിനാണ് വോട്ട് ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം.

മഞ്ചേശ്വരത്ത് അടിതെറ്റിയാല്‍ ഈ ലീഗ് എം.പിമാരുടെ കാര്യവും പരുങ്ങലിലാകും. ഇപ്പോള്‍ തന്നെ തലമുറ മാറ്റത്തിനായി ലീഗില്‍ മുറവിളി ശക്തമാണ്. മഞ്ചേശ്വരത്ത് പരാജയപ്പെട്ടാല്‍ പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്താന്‍ തന്നെയാണ് യൂത്ത് ലീഗിന്റെയും തീരുമാനം.

ബി.ജെ.പിയാണ് തിരിച്ചടി നേരിട്ടാല്‍ പ്രതിസന്ധിയിലാകാന്‍ പോകുന്ന മറ്റൊരു പാര്‍ട്ടി. സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയാണ് ആദ്യം തെറിക്കുക. പാര്‍ട്ടിയിലെ ഗ്രൂപ്പിസത്തിന് നേതാക്കള്‍ തന്നെ വലിയ വില നല്‍കേണ്ടി വരികയും ചെയ്യും.ആര്‍.എസ്.എസ് താല്‍പ്പര്യം പരിഗണിക്കാതെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയതും ചോദ്യം ചെയ്യപ്പെടും.

തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന കേന്ദ്ര മന്ത്രി മുരളീധരനും റിസള്‍ട്ട് ഒരു വെല്ലുവിളിയാണ്. മുരളീധര- കൃഷ്ണദാസ് വിഭാഗങ്ങളുടെ പോരാണ് പാര്‍ട്ടിക്ക് പ്രതിസന്ധിയുണ്ടാക്കുന്നതെന്ന വികാരമാണ് ആര്‍.എസ്.എസിനുള്ളത്. തിരിച്ചടി നേരിട്ടാലും വിജയിച്ചാലും നേതൃതലത്തില്‍ വലിയ അഴിച്ചുപണിയാണ് ബി.ജെ.പിയെ നിലവില്‍ കാത്തിരിക്കുന്നത്.

മത്സരിച്ചില്ലങ്കിലും ഉപതെരഞ്ഞെടുപ്പില്‍ അഗ്‌നിപരീക്ഷണം ശരിക്കും നേരിടുന്നത് എന്‍.എസ്.എസ് ആണ്. പരസ്യമായി വട്ടിയൂര്‍ക്കാവില്‍ യു.ഡി.എഫിനു വേണ്ടി രംഗത്തിറങ്ങിയ എന്‍.എസ്.എസിന് തിരിച്ചടി നേരിട്ടാല്‍ അത് വലിയ പ്രഹരമാകും. സുകുമാരന്‍ നായരുടെ ഏകാധിപത്യ നിലപാടുകള്‍ സംഘടനയ്ക്കകത്ത് തന്നെ ചോദ്യം ചെയ്യപ്പെടുകയും ചെയ്യും.

ഒരേസമയം കേന്ദ്ര – കേരള സര്‍ക്കാറുകളെ വെറുപ്പിച്ചതിന്റെ പരിണിത ഫലവും എന്‍.എസ്.എസ് നേതൃത്വം ഇനി അനുഭവിക്കേണ്ടി വരും. ഉപ തെരഞ്ഞെടുപ്പില്‍ എസ്.എന്‍.ഡി.പി യോഗം നിഷ്പക്ഷ നിലപാടാണ് സ്വീകരിച്ചത് എന്നതിനാല്‍ വെള്ളാപ്പള്ളി നടേശനും തൃശങ്കുവിലാണ്.

ഇടതുപക്ഷം വിജയിച്ചാല്‍ വെളളാപ്പള്ളിക്കും ഇനി അവകാശവാദം ഉന്നയിക്കാന്‍ പറ്റില്ല. എസ്.എന്‍.ഡി.പി യോഗം പരസ്യമായി എതിര്‍ത്ത ഘട്ടത്തില്‍ പോലും ഈഴവ വോട്ടുകളില്‍ ഭൂരപക്ഷവും നേടിയ ചരിത്രമാണ് ഇടതുപക്ഷത്തിനുള്ളത്. ബി.ഡി.ജെ.എസ് ആകട്ടെ ബി.ജെ.പിക്ക് ഒപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. രണ്ട് തോണിയില്‍ കാല് വയ്ക്കുന്ന ഇരു വെള്ളാപ്പള്ളിമാരും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തന്നെ അപ്രസക്തരാകാനാണ് ഇനി സാധ്യത.

Political Reporter

Top