സംഘപരിവാർ വോട്ടുകളെ ചൊല്ലിയുള്ള വിവാദങ്ങൾ യു.ഡി.എഫ് സൃഷ്ടി മാത്രം

ത്ര തിരിച്ചടി കിട്ടിയാലും അതിന് ന്യായീകരണം കണ്ടെത്തുന്നതില്‍ വിദഗ്ദരാണ് യു.ഡി.എഫ് നേതാക്കള്‍. കോണ്‍ഗ്രസ്സ് നേതാക്കള്‍ക്ക് ഇക്കാര്യത്തില്‍ പ്രത്യേക കഴിവു തന്നെയുണ്ട്. ആടിനെ പട്ടിയാക്കുകയും പട്ടിയെ പേപ്പട്ടിയാക്കി തല്ലിക്കൊല്ലുന്നതുമായ മാനസികാവസ്ഥയാണ് ഇത്തരം നേതാക്കളെ മുന്നോട്ട് നയിക്കുന്നത്.

ഉപതിരഞ്ഞെടുപ്പ് തിരിച്ചടികള്‍ക്ക് കോണ്‍ഗ്രസ്സ് നേതാക്കള്‍ കാണുന്ന കാരണങ്ങള്‍ തന്നെ ഏറെ വിചിത്രമാണ്.

വട്ടിയൂര്‍ക്കാവില്‍ ഇടതുപക്ഷത്തിന്റെ വിജയത്തിനു കാരണം ആര്‍.എസ്.എസ് വോട്ടുകള്‍ ആണെന്നാണ് ഇപ്പോഴത്തെ പ്രധാന കണ്ടുപിടിത്തം. വട്ടിയൂര്‍ക്കാവ് മുന്‍ എം.എല്‍.എ കൂടിയായ കെ.മുരളീധരനാണ് ഈ പ്രചരണത്തിന് ചുക്കാന്‍ പിടിക്കുന്നത്.

ഇത്തരം കോണ്‍ഗ്രസ്സ് നേതാക്കള്‍ ഇവിടെ കാണാതെ പോകുന്നത് സ്വന്തം അടിത്തറ തകര്‍ന്ന് തരിപ്പണമാകുന്നതാണ്.

വട്ടിയൂര്‍ക്കാവ് മാത്രമല്ല കഴിഞ്ഞ 23 വര്‍ഷം കോണ്‍ഗ്രസ്സ് കുത്തകയാക്കി വച്ച കോന്നിയിലും ഇടതുപക്ഷം അട്ടിമറി വിജയം തന്നെയാണ് നേടിയിരിക്കുന്നത്. നിങ്ങള്‍ എന്താണ് ഈ മണ്ഡലത്തില്‍ വോട്ട് കച്ചവടം ആരോപിക്കാത്തത് ?


കോന്നിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥിക്ക് കിട്ടിയ വോട്ടിന് അടുത്ത് തന്നെ വോട്ട് ബി.ജെ.പിയും സമാഹരിച്ചിട്ടുണ്ട്.

ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് വോട്ടുകളില്‍ വിള്ളലുണ്ടാക്കിയത് ബി.ജെ.പിയാണ്. അതുകൊണ്ടാണ് കെ.സുരേന്ദ്രന് 39,786 വോട്ട് നേടാന്‍ കഴിഞ്ഞിരിക്കുന്നത്.

ഇടതുപക്ഷ വോട്ടുകളില്‍ ഒരു ചെറു ചലനം പോലും സൃഷ്ടിക്കാന്‍ എതിരാളികള്‍ക്ക് കഴിയാത്തത് കൊണ്ടാണ് ജിനീഷ് കുമാറിന് 9,953 വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിക്കാന്‍ സാധിച്ചിരിക്കുന്നത്.

ശബരിമല വിഷയത്തില്‍ ഇടതുപക്ഷത്തോട് അകന്നവരുടെ വോട്ടുകള്‍ പോലും നേടിയാണ് കോന്നിയിലിപ്പോള്‍ ചെങ്കൊടി പാറുന്നത്. വട്ടിയൂര്‍ക്കാവിലാവട്ടെ മൂന്നാം സ്ഥാനത്തില്‍ നിന്നുമാണ് ഇടതുപക്ഷം കപ്പടിച്ചിരിക്കുന്നത്.

തലസ്ഥാനത്തെ ചുവപ്പ് പെട്ടിയില്‍ വീണ വോട്ടുകളില്‍ രാഷ്ട്രീയ കക്ഷി ഭേദമന്യേ എല്ലാ വിഭാഗത്തിന്റെയുമുണ്ട്. അല്ലായിരുന്നുവെങ്കില്‍ ഒരിക്കലും 14,465 വോട്ടിന്റെ ഭൂരിപക്ഷത്തിന് വി.കെ പ്രശാന്ത് വിജയിക്കില്ലായിരുന്നു.

എന്‍.എസ്.എസ് പരസ്യമായി വോട്ട് പിടിച്ചിട്ടും ദയനീയമായി പരാജയപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണമാണ് യു.ഡി.എഫ് ഇനിയെങ്കിലും പരിശോധിക്കേണ്ടത്.

അതല്ലാതെ ആര്‍.എസ്.എസ് – സി.പി.എം ധാരണ എന്നൊക്കെ പറഞ്ഞാല്‍ സ്വന്തം അനുയായികള്‍ പോലും വിശ്വസിച്ചെന്ന് വരില്ല.

അരൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന്‍ 2,137 വോട്ടിന് വിജയിച്ചത് എങ്ങനെയാണെന്നതും ഈ ഘട്ടത്തില്‍ പ്രസക്തമായ ചോദ്യമാണ്. കാരണം ഇവിടെ ബി.ജെ.പി മുന്നണിയുടെ വോട്ടുകളില്‍ പതിനായിരത്തോളം വോട്ടിന്റെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

അരൂര്‍ മണ്ഡലത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് വോട്ടുകള്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചിട്ടുണ്ടെന്ന് പറഞ്ഞാല്‍ ആര്‍ക്കും തന്നെ നിഷേധിക്കുവാന്‍ കഴിയുകയില്ല.

തമ്മില്‍ തല്ലുന്ന കോണ്‍ഗ്രസ്സിനെയല്ല, ഒത്തൊരുമയോടെ മുന്നോട്ട് പോകുന്ന കമ്യൂണിസ്റ്റുകളിലാണ് ഉപതെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാര്‍ വിശ്വാസമര്‍പ്പിച്ചിരിക്കുന്നത്.

ലോകസഭ തിരഞ്ഞെടുപ്പില്‍ പറ്റിയ പിഴവ് ഉപതിരഞ്ഞെടുപ്പില്‍ അവര്‍ തിരുത്തി എന്നു പറയുന്നതാകും കൂടുതല്‍ ശരി.

സംസ്ഥാന സര്‍ക്കാറിന്റെ നേട്ടങ്ങളും നിലപാടുകളും പറഞ്ഞാണ് ഇടതുപക്ഷം വോട്ട് പിടിച്ചത്. യു.ഡി.എഫിന് ഇത്തവണ ചൂണ്ടി കാണിക്കാന്‍ ഒരു കാര്യവും തന്നെ ഉണ്ടായിരുന്നില്ല. പ്രതിപക്ഷ ആരോപണങ്ങളെ വെറും ആരോപണങ്ങളായി തന്നെ കണ്ടുകൊണ്ടാണ് ജനം വിധിയെഴുതിയിരിക്കുന്നത്.

യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ എറണാകുളത്ത് കഷ്ടിച്ചാണ് ഇത്തവണ ടി.ജെ വിനോദ് ജയിച്ച് കയറിയത്. അതും 3673 വോട്ടിന്റെ ദയനീയ വിജയമായിരുന്നു. യുഡിഎഫിനെ സംബന്ധിച്ച് ഇതൊരു അപകട സിഗ്നല്‍ തന്നെയാണ്. പാലായിലെ ‘പാലം’ തകര്‍ന്നതിന് നിങ്ങള്‍ പറയുന്ന ന്യായീകരണങ്ങളെല്ലാം ഈ ഉപതെരഞ്ഞെടുപ്പില്‍ കടപുഴകി വീണു കഴിഞ്ഞു. യുഡിഎഫിന്റെ കോട്ടകളാണ് ഇവിടെ തകര്‍ക്കപ്പെട്ടിരിക്കുന്നത്.

ഇനിയും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ അധികം താമസിയാതെ തന്നെ യു.ഡി.എഫ്. സംവിധാനം തന്നെ തകര്‍ന്ന് തരിപ്പണമാവും.

ഇനിയെങ്കിലും പരാജയത്തിന് കാരണം ആര്‍.എസ്.എസ് – സി.പി.എം സഖ്യമാണെന്ന വില കുറഞ്ഞ ആരോപണങ്ങള്‍ എഴുന്നള്ളിക്കരുത്. അത് വിലപ്പോവില്ല. ഇത് കേരളമാണ്. ഇവിടുത്തെ ജനങ്ങള്‍ പ്രബുദ്ധരാണ് അവര്‍ക്ക് കാര്യങ്ങള്‍ പകല്‍ പോലെ വ്യക്തവുമാണ്.

രക്തത്തില്‍ അലിഞ്ഞ പകയാണ് കമ്യൂണിസ്റ്റുകളും സംഘപരിവാറും തമ്മിലുള്ളത്. പിടഞ്ഞ് വീണ രക്തസാക്ഷികളും ബലിദാനികളും ഓര്‍മ്മിപ്പിക്കും ആ പകയുടെ ആഴത്തെ.

ആരുടെ വോട്ട് ഇടതുപക്ഷം തേടിയാലും ഒരിക്കലും ഒരു ആര്‍.എസ്.എസ് കാരന്റെ വോട്ട് ചോദിക്കുകയില്ല, അതു പോലെ ആര്‍ക്ക് വോട്ട് മറിച്ച് നല്‍കിയാലും ഒരു കമ്യൂണിസ്റ്റിനും ആര്‍.എസ്.എസുകാരന്‍ വോട്ട് ചെയ്യുകയുമില്ല. അതാണ് ചരിത്രം. പ്രത്യേയശാസ്ത്ര പരമായ പകയാണ് ഇരു വിഭാഗത്തെയും മുന്നോട്ട് നയിക്കുന്നത്.

ഈ യാഥാര്‍ത്ഥ്യം പ്രബുദ്ധരായ കേരള ജനതക്കറിയാം. എന്തിനേറെ മുരളീധരന്റെ നേതാവായ രാഹുല്‍ ഗാന്ധിക്ക് പോലും ഇക്കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ല.

ലോകസഭ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തില്‍ വന്നപ്പോള്‍ പോലും ഒരക്ഷരം സി.പി.എമ്മിനെതിരെ പറയില്ലന്ന് മൊഴിഞ്ഞത് രാഹുല്‍ ഗാന്ധിയാണ്. ഇക്കാര്യം മുരളീധരനും മുല്ലപ്പള്ളിയും മറന്നു പോകരുത്. ബി.ജെ.പി ശക്തിയാര്‍ജിച്ച എല്ലാ സംസ്ഥാനങ്ങളിലും അവര്‍ക്ക് വളമായത് കോണ്‍ഗ്രസ്സ് നേതാക്കളാണ്. ഖദര്‍ കാവിയണിയുന്ന വേഗത ആരെയും അമ്പരിപ്പിക്കുന്നതാണ്.


മോദിയെ പുകഴ്ത്തിയതിന് സി.പി.എം പുറത്താക്കിയ അബ്ദുള്ളക്കുട്ടിയെ മാറോട് ചേര്‍ത്തതും കോണ്‍ഗ്രസ്സാണ്.

കണ്ണൂരില്‍ നിന്നും എം.എല്‍.എയാക്കി വീണ്ടും അദ്ദേഹത്തെ യുഡിഎഫ് അത്ഭുതക്കുട്ടിയാക്കി. ഒടുവില്‍ പഴയ സ്വഭാവം വീണ്ടും അബ്ദുള്ളക്കുട്ടി പുറത്തെടുത്തപ്പോഴും രണ്ടഭിപ്രായം ആ മുന്നണിക്കകത്ത് തന്നെയുണ്ടായിരുന്നു.

കോണ്‍ഗ്രസ്സിനോട് ഗുഡ് ബൈ പറഞ്ഞ ഈ അത്ഭുതക്കുട്ടി ഇപ്പോള്‍ ചേക്കേറിയിരിക്കുന്നതും ബി.ജെ.പിയിലേക്കാണ്. ഇന്ന് ആ പാര്‍ട്ടിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനാണ് ഈ കുട്ടി.
കെ.പി.സി.സി അംഗമുള്‍പ്പെടെ നിരവധി കോണ്‍ഗ്രസ്സ് നേതാക്കള്‍ കേരളത്തില്‍ പോലും ഇതിനകം കാവിയണിഞ്ഞു കഴിഞ്ഞിട്ടുണ്ട്.

എന്നിട്ടാണിപ്പോള്‍ നട്ടാല്‍ മുളക്കാത്ത നുണയുമായി മുരളീധരനും മുല്ലപ്പള്ളിയും ചെന്നിത്തലയുമെല്ലാം രംഗത്തിറങ്ങിയിരിക്കുന്നത്. സംഘപരിവാര്‍-സിപിഎം സഖ്യമെന്ന വാക്ക് ഉപയോഗിക്കുന്നതോടെ നിങ്ങള്‍ തന്നെയാണ് പൊതു സമൂഹത്തില്‍ അപഹാസ്യരാവുന്നത്. സിപിഎമ്മിനോടും കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാരിനോടും ഉള്ള സംഘപരിവാര്‍ പക ഈ രാജ്യത്തിന് തന്നെ അറിയാവുന്നകാര്യമാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ കേരളത്തിന് പുറത്ത് കാല് കുത്തിക്കില്ലെന്ന് പറഞ്ഞ് പ്രതിഷേധകൊടി ഉയര്‍ത്തിയത് പരിവാര്‍ സംഘടനകളാണ്. പിണറായിയുടെ തലക്ക് കോടികള്‍ ഇനാം പ്രഖ്യാപിച്ചതാകട്ടെ ഒരു ആര്‍.എസ്.എസ് നേതാവുമായിരുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഈ നേതാവിനെ പിന്നീട് അവര്‍ക്ക് തന്നെ സസ്പെന്റ് ചെയ്യേണ്ടിയും വന്നിരുന്നു.

മമത ബാനര്‍ജി സര്‍ക്കാറിനെതിരെ പോലും നടത്താത്ത പ്രതിഷേധമാണ് കേരളത്തില്‍ ബി ജെ.പി ദേശീയ നേതൃത്വം ഇടപെട്ട് നടത്തിയിരുന്നത്. ചുവപ്പ് ഭീകരത ആരോപിച്ച് കണ്ണൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് നയിക്കാന്‍ അമിത് ഷാ തന്നെയാണ് രംഗത്തിറങ്ങിയിരുന്നത്. രാജ്യത്തെ മുഴുവന്‍ ബി.ജെ.പി മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പങ്കെടുത്ത ഈ മാര്‍ച്ച് ദേശീയ തലത്തില്‍ തന്നെ വലിയ മാധ്യമ ശ്രദ്ധ പിടിച്ച് പറ്റിയ സംഭവമായിരുന്നു. ഇതെല്ലാമാണ് കോണ്‍ഗ്രസ്സിന്റെ സംസ്ഥാന അദ്ധ്യക്ഷന്‍ ബോധപൂര്‍വ്വം ഇപ്പോള്‍ മറക്കാന്‍ ശ്രമിക്കുന്നത്. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ വീണ്ടും ഇവിടെ ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത്. ജന്മിത്വത്തിന് എതിരെ മാത്രമല്ല, ജാതീയതക്കും, വര്‍ഗ്ഗീയതക്കും എതിരെ കൂടി പോരാടിയാണ് കമ്യൂണിസ്റ്റുകള്‍ കേരളത്തിന്റെ മണ്ണ് ചുവപ്പിച്ചിരിക്കുന്നത്.

അമിത് ഷാ മുതല്‍ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് വരെ ഏറ്റവും കൊടിയ ശത്രുവായി കാണുന്നതും കമ്യൂണിസ്റ്റുകളെയാണ്. അവസാനത്തെ കമ്യൂണിസ്റ്റുകളെയും തുരത്തും വരെയും വിശ്രമമില്ലന്ന് ഈ സംഘപരിവാര്‍ നേതാക്കള്‍ പറയുന്നത് തന്നെ കമ്യൂണിസ്റ്റ് പ്രത്യേയശാസ്ത്രത്തോടുള്ള വിരോധം ഒന്നുകൊണ്ടുമാത്രമാണ്.

കേരളമാണ് തങ്ങളുടെ അടുത്ത ടാര്‍ഗറ്റ് എന്ന് പറഞ്ഞ് ബി.ജെ.പി ദേശീയ നേതൃത്വം മുന്നോട്ട് പോകുന്നത് കോണ്‍ഗ്രസ്സിനെ ലക്ഷ്യമിട്ടല്ല, കമ്യൂണിസ്റ്റുകളെ ലക്ഷ്യമിട്ടാണ്. പിണറായി സര്‍ക്കാര്‍ പോകണം എന്ന് രാജ്യത്ത് ഏറ്റവും അധികം ആഗ്രഹിക്കുന്നതും സംഘപരിവാര്‍ നേതൃത്വം തന്നെയാണ്. ഈ യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞ് കൂടിയാണ് ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നത്.

Political Reporter

Top