ഉപതെരഞ്ഞെടുപ്പ്: 20 സീറ്റിൽ എൽ.ഡി.എഫിന് ജയം, 12 ഇടത്ത് ​യു.ഡി.എഫ്, ആറ് സീറ്റിൽ ബി.ജെ.പി

തിരുവനന്തപുരം: സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക്‌ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം വന്നു. 20 സീറ്റുകളിൽ എൽ.ഡി.എഫിന് ജയം. 12 സീറ്റുകളിൽ യു.ഡി.എഫും ആറ് സീറ്റുകളിൽ ബി.ജെ.പിയും വിജയിച്ചു.

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ തെക്കേകുന്നുമ്പ്രം വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ സി.പി.എം സ്ഥാനാർഥി ജയിച്ചു. 457 വോട്ടുകൾ നേടിയ എൽ.ഡി.എഫ് സ്ഥാനാർഥി രമണി 37 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫ് സ്ഥാനാർഥി പി.പി. ബിന്ദുവിനെയാണ് പരാജയപ്പെടുത്തിയത്. ഉപതെരഞ്ഞെടുപ്പിൽ ജയിച്ചതോടെ മുഴപ്പിലങ്ങാട് പഞ്ചായത്തിൽ എൽ.ഡി.എഫിനാണ് കൂടുതൽ സീറ്റുകൾ. എൽഡിഎഫ് ആറ്, യുഡിഎഫ്- 5, എസ്ഡിപിഐ- 4 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷി നില.
ആര്യങ്കാവ് പഞ്ചായത്തിൽ ബി.ജെ.പി നിലപാട് നിർണായകം

ആര്യങ്കാവ് പഞ്ചായത്ത് കഴുതുരുട്ടി വാർഡിൽ സി.പി.എമ്മിലെ മാമ്പഴത്തറ സലീം 245വോട്ടിൻറ ഭൂരിപക്ഷത്തിൽ വിജയിച്ചു. ഇതോടെ യു.ഡി. എഫിൻറ പഞ്ചായത്ത് ഭരണം പ്രതിസന്ധിയിലായി. സലീം വിജയിച്ചതോടെ 13അംഗ പഞ്ചായത്ത് കമ്മിറ്റിയിൽ എൽ.ഡി.എഫിന് ആറും യു.ഡി.എഫിന് അഞ്ചും അംഗങ്ങളായി. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ നിലവിൽ പഞ്ചായത്ത് ഭരണം യു.ഡി.എഫിനായിരുന്നു. കഴിഞ്ഞ തവണ ബി.ജെ.പി സ്ഥാനാർഥിയായി വിജയിച്ച സലീം സ്ഥാനം രാജി വച്ച് സി.പി.എമ്മിൽ ചേർന്നതോടെയാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഇരു കൂട്ടരും തുല്യമായതോടെ ബി.ജെ.പി അംഗത്തിന്റെ നിലപാട് ഭരണം പിടിക്കാൻ നിർണായകമാകും.

കോഴിക്കോട് കൊടുവള്ളി വാരിക്കുഴിതാഴത്ത് സി.പി.എമ്മിലെ കെ.സി. സോജിത്തിന് വിജയം. 14-ാം ഡിവിഷനിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കെ.സി സോജിത്ത് 418 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ കെ.കെ. ഹരിദാസന് 115 വോട്ടും, ബി.ജെ.പി സ്ഥാനാർഥി കെ. അനിൽകുമാറിന് 88 വോട്ടുമാണ് ലഭിച്ചത്.

ഇടുക്കിയിൽ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് പഞ്ചായത്ത് വാർഡുകളിൽ രണ്ടിടത്ത്​ എൽ.ഡി.എഫും ഒരിടത്ത്​ ബി.ജെ.പിയും ജയിച്ചു. ഉടുമ്പന്നൂർ പഞ്ചായത്തിലെ 12ാം വാർഡായ വെള്ളാന്താനത്ത്​ എൽ.ഡി.എഫിലെ ജിൻസി സാജനും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ വാർഡ്​ നാല് ചേമ്പളത്ത്​ എൽ.ഡി.എഫിലെ ഷൈമോൾ രാജനും വിജയിച്ചു. ഇടമലക്കുടി പഞ്ചായത്തിലെ 11ാം വാർഡ്​ ആണ്ടവൻകുടിയിൽ ബി.ജെ.പിയുടെ നിമലാവതി കണ്ണനാണ്​ വിജയിച്ചത്​. ഉടുമ്പന്നൂരിൽ സീറ്റ്​ യു.ഡി.എഫിൽനിന്ന്​ എൽ.ഡി.എഫ്​ പിടിച്ചെടുത്തപ്പോൾ ​ചേമ്പളം എൽ.ഡി.എഫും ആണ്ടവൻകുടി ബി.ജെ.പിയും നിലനിർത്തി.

കൊല്ലം ശൂരനാട് നോർത്ത് ഗ്രാമപഞ്ചായത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലെ സി.പി.ഐ സ്ഥാനാർഥി സുനിൽ കുമാർ169 വോട്ടിൻ്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. യു.ഡി.എഫിലെ കോൺഗ്രസ് സ്ഥാനാർഥി അഡ്വ.സുധി കുമാറിനെയാണ് പരാജയപ്പെടുത്തിയത്.

Top