വെള്ളാപ്പള്ളിമാർ ചതിച്ചാൽ വൻ തിരിച്ചടി, നിരീക്ഷണം ശക്തമാക്കി കേന്ദ്രവും . . . !

ബി.ഡി.ജെ.എസും വെള്ളാപ്പള്ളിമാരും കേന്ദ്ര നിരീക്ഷണത്തില്‍. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നാല്‍ ബി.ഡി.ജെ.എസ് ബന്ധത്തില്‍ നിര്‍ണ്ണായക തീരുമാനം ബി.ജെ.പി തന്നെ എടുക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ആര്‍.എസ്.എസ് നേത്യത്വവുമായി ബി.ജെ.പിയിലെ മുതിര്‍ന്ന നേതാക്കള്‍ ആശയ വിനിമയം നടത്തിയിട്ടുണ്ട്.

ബി.ഡി.ജെ.എസിന്റെ ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് പരിവാര്‍ നേതൃത്വം. എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഇടതുപക്ഷ അനുകൂല നിലപാട് സ്വീകരിക്കുമ്പോള്‍ മകന്‍ വെള്ളാപ്പള്ളിയുടെ നിലപാടിന് പ്രസക്തി ഉണ്ടാകില്ലന്നാണ് കാവി പടയുടെ നിഗമനം. എസ്.എന്‍.ഡി.പി യോഗത്തിന്റെ രാഷ്ട്രീയ വിഭാഗമായാണ് ബി.ഡി.ജെ.എസ് അറിയപ്പെടുന്നതെന്ന കാര്യവും പരിവാര്‍ നേതാക്കള്‍ ഓര്‍മ്മിപ്പിക്കുന്നുണ്ട്.

രണ്ട് വള്ളത്തില്‍ കാല് വച്ചുള്ള വെള്ളാപ്പള്ളിമാരുടെ നിലപാടുകള്‍ പാര്‍ട്ടിക്ക് ക്ഷീണമാണ് ഉണ്ടാക്കുന്നതെന്ന വികാരവും ബി.ജെ.പിക്കുണ്ട്.

നിലവില്‍ ബി.ഡി.ജെ.എസിനെ ഇടതുപക്ഷത്തേക്ക് എത്തിക്കാനാണ് വെള്ളാപ്പള്ളി ശ്രമിക്കുന്നതെന്നാണ് ബി.ജെ.പി കരുതുന്നത്. 2021 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്‍പ് അത്തരമൊരു സാധ്യത അവര്‍ മുന്നില്‍ കാണുന്നുമുണ്ട്. ഈ സാഹചര്യത്തില്‍ ബി.ഡി.ജെ.എസിന് നല്‍കിയ സ്പൈസസ് ബോര്‍ഡ് ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ള പദവികള്‍ തിരിച്ച് വാങ്ങണമെന്ന ആവശ്യവും പാര്‍ട്ടിയില്‍ ശക്തമാണ്.

ഉപതിരഞ്ഞെടുപ്പ് വരെ ഇക്കാര്യത്തില്‍ പരസ്യ പ്രതികരണം നടത്തില്ലങ്കിലും തിരഞ്ഞെടുപ്പിന് ശേഷം പ്രതികരണമുണ്ടാകുമെന്നാണ് സൂചന. എന്‍.ഡി.എയിലെ മറ്റു ഘടക കക്ഷികള്‍ക്കും ബി.ഡി.ജെ.എസിന്റെ അവസരവാദ നിലപാടില്‍ ശക്തമായ എതിര്‍പ്പാണുള്ളത്. തുഷാറിനെ എന്‍.ഡി.എ കണ്‍വീനര്‍ സ്ഥാനത്ത് നിന്നും മാറ്റി പി.സി ജോര്‍ജോ, പി.സി തോമസോ ആ സ്ഥാനത്ത് വരണമെന്നതാണ് ഘടകകക്ഷികളുടെയും നിലപാട്.

ബി.ഡി.ജെ.എസിനെ എന്‍.ഡി.എയില്‍ നിലനിര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച അമിത് ഷാ തന്നെ നിലവിലെ സംഭവ വികാസങ്ങളില്‍ കടുത്ത അതൃപ്തിയിലാണുള്ളത്. മുന്നണിമാറ്റ സൂചന നല്‍കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ പ്രസ്താവനയെ വിലപേശല്‍ തന്ത്രമായാണ് ബി.ജെ.പി കേന്ദ്ര നേതൃത്വവും വിലയിരുത്തുന്നത്. സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലന്നതാണ് അവരുടെയും തീരുമാനം. ഈ സന്ദേശം വ്യക്തമായി തന്നെ ബി.ഡി.ജെ.എസ് നേതൃത്വത്തിന് ബി.ജെ.പി നേതൃത്വം കൈമാറിയിട്ടുണ്ട്. സാഹസത്തിന് മുതിര്‍ന്നാല്‍ കേന്ദ്രം പക പോക്കല്‍ നടത്തുമെന്ന ആശങ്കകൂടി ഉയര്‍ന്നതോടെയാണ് പുതിയ പ്രതികരണവുമായിപ്പോള്‍ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത് വന്നിരിക്കുന്നത്.

മൂന്ന് മണ്ഡലങ്ങളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്നും ബി.ഡി.ജെ.എസ് സജീവമാണെന്നുമാണ് തുഷാറിന്റെ പുതിയ പ്രതികരണം. കോന്നിയില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി കെ സുരേന്ദ്രനുമൊത്തുള്ള പ്രചരണത്തിലും ബി.ഡി.ജെ.എസ് അദ്ധ്യക്ഷന്‍ പങ്കെടുക്കുകയുണ്ടായി.

കേന്ദ്ര സര്‍ക്കാര്‍ പകപോക്കല്‍ നടപടി ഭയന്നാണ് ഈ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകരും നിരീക്ഷിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത കോണ്‍ഗ്രസ് നേതാക്കളായ പി. ചിദംബരവും ഡി.കെ ശിവകുമാറുമെല്ലാം ഇപ്പോഴും ജയിലിലാണുള്ളത്. ഇതില്‍ ശിവകുമാറിനെ അറസ്റ്റ് ചെയ്തത് തന്നെ കള്ളപ്പണ കേസിലായിരുന്നു.

ഇവിടെ മൈക്രോ ഫിനാന്‍സ് തട്ടിപ്പ് മുതല്‍ ശാശ്വതീകാനന്ദ സ്വാമികളുടെ മരണത്തില്‍വരെ ആരോപണമുയര്‍ന്നിരുന്നത് വെള്ളാപ്പള്ളിക്ക് നേരെയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് പിണറായി സര്‍ക്കാരിനോട് വെള്ളാപ്പള്ളി നടേശന്‍ അടുപ്പം കാണിച്ചിരുന്നത്. ഇതേ സംഭവങ്ങളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം നടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയൊന്നും ആവശ്യമില്ല. അതിന് കോടതി ഇടപെടല്‍ മാത്രം മതിയാകും. ഇക്കാര്യമാവശ്യപ്പെട്ട് ഏത് ബി.ജെ.പി അനുഭാവിക്കും കോടതിയെ സമീപിക്കാനും അവകാശമുണ്ട്.

കള്ളപ്പണം സംബന്ധിച്ചും അവിഹിത സ്വത്ത് സമ്പാദനം സംബന്ധിച്ചുമാണെങ്കില്‍ അന്വേഷണം നടത്താന്‍ കോടതിയുടെ അനുമതിപോലും കേന്ദ്ര ഏജന്‍സികള്‍ക്ക് നിലവില്‍ ആവശ്യമില്ല. ഈ യാഥാര്‍ത്ഥ്യംകൂടി ഉള്‍കൊണ്ടാണ് ബി.ഡി.ജെ.എസിന്റെ ഇപ്പോഴത്തെ മലക്കം മറിച്ചിലെന്ന ആരോപണമാണ് ഉയരുന്നത്.

മാത്രമല്ല, ബി.ഡി.ജെ.എസ് സഹായമില്ലാതെ ഒരു സീറ്റില്‍ ബി.ജെ.പി വിജയിച്ചാല്‍ അതും വെള്ളാപ്പള്ളിമാര്‍ക്ക് തിരിച്ചടിയാകും. ഉപതിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നേടുന്ന വോട്ടുകളുടെ പങ്കിലും ബി.ഡി.ജെ.എസിന് അവകാശവാദം ഉന്നയിക്കാന്‍ കഴിയുകയില്ല. ഇക്കാര്യങ്ങളെല്ലാം മുന്നില്‍കണ്ടാണ് തുഷാര്‍ തന്നെ നേരിട്ട് കളത്തിലിറങ്ങിയിരിക്കുന്നത്.

എന്നാല്‍ തുഷാര്‍ വന്നത് കൊണ്ടോ ബി.ഡി.ജെ.എസ് ഒപ്പമുള്ളത് കൊണ്ടോ പ്രത്യേകിച്ച് ഒരു ഗുണവും ബി.ജെ.പിക്ക് ഉണ്ടാകില്ലന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. സാക്ഷാല്‍ വെള്ളാപ്പള്ളി നടേഷന് തന്നെ ഈഴവ വിഭാഗത്തില്‍ സ്വാധീനമില്ലന്ന നിലപാടിലാണവര്‍.ഈഴവ വോട്ട് ബി.ഡി.ജെ.എസിനെ മുന്‍ നിര്‍ത്തിയാല്‍ കിട്ടുമെന്ന് കരുതുന്നവര്‍ നായര്‍ വോട്ടുകളാണ് നഷ്ടപ്പെടുത്തുന്നത് എന്ന മുന്നറിയിപ്പും രാഷ്ട്രീയ നിരീക്ഷകര്‍ നല്‍കുന്നുണ്ട്.

ബി.ഡി.ജെ.എസിനെ സഹകരിപ്പിക്കുന്നുണ്ടെങ്കിലും അവരെ പൂര്‍ണ്ണമായും വിശ്വാസത്തിലെടുക്കാതെയാണ് ബി.ജെ.പിയുടെ പ്രവര്‍ത്തനം. ആര്‍.എസ്.എസ് പ്രവര്‍ത്തകരെ കൂടുതലായി കോന്നി, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. മഞ്ചേശ്വരത്ത് കര്‍ണ്ണാടകയിലെ ബി.ജെ.പി പ്രവര്‍ത്തകരും രംഗത്തിറങ്ങിയിട്ടുണ്ട്. ഈ മൂന്ന് സീറ്റില്‍ ഒരു സീറ്റെങ്കിലും പിടിച്ചെടുക്കാന്‍ കഴിഞ്ഞാല്‍ അത് ബി.ജെ.പിയെ സംബന്ധിച്ച് വലിയ നേട്ടമാകും.

അരൂര്‍ സീറ്റ് നിലനിര്‍ത്തി മറ്റു സീറ്റുകളില്‍ അട്ടിമറി വിജയമാണ് സി.പി.എമ്മും ലക്ഷ്യമിടുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും മഞ്ചേശ്വരത്തും ബി.ജെ.പിയുമായി നേരിട്ടുള്ള ഏറ്റുമുട്ടല്‍ എന്ന പ്രതീതി സൃഷ്ടിക്കാന്‍ ഇതിനകം തന്നെ സി.പി.എമ്മിന് കഴിഞ്ഞിട്ടുണ്ട്. യു.ഡി.എഫ് ആണ് ഇവിടെ ഏറെ പ്രതിരോധത്തിലായിരിക്കുന്നത്. അവരുടെ ഏക പ്രതീക്ഷ എന്‍.എസ്.എസ് വോട്ടുകളിലാണ്.

ശരിദൂരം സ്വീകരിക്കുമെന്ന സുകുമാരന്‍ നായരുടെ പ്രസ്താവനയണ് കോണ്‍ഗ്രസ് നേതൃത്വത്തിന് ആത്മവിശ്വാസം പകരുന്നത്. എന്നാല്‍ നായര്‍ വിഭാഗത്തിന്റെ വോട്ടുകളില്‍ നല്ലൊരു പങ്കും ലഭിക്കുമെന്ന പ്രതീക്ഷ ബി.ജെ.പിയും വച്ച് പുലര്‍ത്തുന്നുണ്ട്. നേതൃത്വത്തിന്റെ ആഹ്വാനത്തിനെതിരായ നിലപാട് നായര്‍ സമുദായ അംഗങ്ങള്‍ സ്വീകരിക്കുമെന്നാണ് സി.പി.എമ്മും പ്രതീക്ഷിക്കുന്നത്.

Political Reporter

Top