സ്ത്രീ സൗഹൃദ പദ്ധതികളുമായി സംസ്ഥാന ബജറ്റ്; എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ്

തിരുവനന്തപുരം: വനിതാ ക്ഷേമപദ്ധതികളുമായി സംസ്ഥാന ബജറ്റ്. സ്ത്രീകളും കുട്ടികളും അനുഭവിക്കുന്ന എല്ലാ അടിച്ചമര്‍ത്തലുകള്‍ക്കും സമാധാനമുണ്ടാക്കേണ്ട കര്‍ത്തവ്യം സമൂഹത്തിന് ഉണ്ടെന്ന ബോധ്യത്തോടെയാണ് ബജറ്റിന്റെ സമീപനമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. സ്ത്രീ സൗഹൃദ പദ്ധതികള്‍ക്കായി 1509 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.

എല്ലാ നഗരങ്ങളിലും ഷീ ലോഡ്ജ് ആരംഭിക്കുമെന്നും നിര്‍ഭയ ഹോമുകളുടെ സഹായം പത്തുകോടി രൂപയായി ഉയര്‍ത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.

കെട്ടിട സൗകര്യവും കുട്ടികളുമില്ലാത്ത അംഗനവാടികളും യോജിപ്പിച്ച് പകല്‍ മുഴുവന്‍ പ്രവര്‍ത്തിക്കുന്ന മാതൃകാ കേന്ദ്രങ്ങളുണ്ടാക്കും. തിരഞ്ഞെടുക്കപ്പെടുന്ന അംഗനവാടികളില്‍ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി സൗകര്യം ഒരുക്കും. സ്മാര്‍ട്ട് അംഗനവാടി പദ്ധതി തുടരുമെന്നും ബജറ്റില്‍ മന്ത്രി പ്രഖ്യാപിച്ചു.

വര്‍ക്കിങ് വിമന്‍ ഹോസ്റ്റലുകളില്‍ യാത്രക്കാരികള്‍ക്ക് സുരക്ഷിത മുറികള്‍ ഒരുക്കും. വനിതാ സിനിമാ സംവിധായകര്‍ക്ക് 3 കോടി രൂപ ധനസഹായം തുടരും. കുടുംബശ്രീക്ക് 4 ശതമാനത്തില്‍ 3000 കോടി രൂപ വായ്പ അനുവദിക്കുമെന്നും ധനമന്ത്രി തോമസ് ഐസക്ക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.

ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനായി സംസ്ഥാന ബജറ്റില്‍ പ്രത്യേക പ്രഖ്യാപനം. ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന്റെ ഉന്നമനം ലക്ഷ്യമാക്കിയുള്ള മഴവില്ല് പരിപാടിക്ക് അഞ്ച് കോടി രൂപ വകയിരുത്തി.സ്ത്രീകള്‍ ഉല്പാദിപ്പിക്കുന്ന വസ്തുക്കളുടെ പ്രചരണത്തിനായി ജെന്‍ഡര്‍ പാര്‍ക്കുകളില്‍ ഇന്റര്‍നാഷണല്‍ ട്രേഡ് സെന്റര്‍ ആരംഭിക്കും. ദൃശ്യവും അദൃശ്യവുമായ എല്ലാ ചങ്ങലകളില്‍ നിന്നും സ്ത്രീകളെ മോചിപ്പിക്കുക എന്നുള്ളത് ഇടതുപക്ഷ സര്‍ക്കാരിന്റെ സുപ്രധാന ദൗത്യമാണെന്നും ധനമന്ത്രി പറഞ്ഞു.

Top