ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചു; കെട്ടിട നികുതിയും വര്‍ധിപ്പിച്ചു

തിരുവനന്തപുരം: ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിച്ചെന്ന് ബജറ്റ് പ്രഖ്യാപനം. ഇതില്‍നിന്നു പ്രതീക്ഷിക്കുന്നത് 200 കോടിരൂപയുടെ വരുമാനമാണെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. വന്‍കിട പ്രോജക്ടുകള്‍ നടപ്പിലാക്കുമ്പോള്‍, ചുറ്റുപാടുള്ള ഭൂമിയില്‍ ഗണ്യമായ വിലവര്‍ധനയുണ്ടാകും. അതുകൊണ്ട് വന്‍കിട പ്രോജക്ടുകള്‍ക്ക് സമീപം നോട്ടിഫൈ ചെയ്യന്ന ഭൂമിക്ക് വിജ്ഞാപനം ചെയ്യപ്പെട്ട ന്യായവിലയേക്കാള്‍ മുപ്പതു ശതമാനം വരെ വില പുതുക്കി നിശ്ചയിക്കുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി. ഇതുവഴി അമ്പതുകോടി രൂപയുടെ അധികവരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലൊക്കേഷന്‍ മാപ്പിന് 200 രൂപയായി ഫീസ് വര്‍ധിപ്പിച്ചു. ഭൂമിയുടെ പോക്കുവരവിനും നിരക്ക് കൂട്ടി. ഫീസ് സ്ലാബ് പുതുക്കിയിട്ടുണ്ട്.

കെട്ടിട നികുതി വര്‍ധിപ്പിച്ചു.3000–5000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 5000 രൂപ നികുതി. 5000–7500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 7500 രൂപ നികുതി. 7500–10000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് 10000 രൂപ നികുതി. 10000 ചതുരശ്ര അടിക്കുമേല്‍ 12500 രൂപ നികുതി.

വന്‍കിട പദ്ധതികള്‍ക്കടുത്തുള്ള ഭൂമിയുടെ ന്യായവില 30 ശതമാനം കൂട്ടി. തണ്ടപ്പേര്‍ പകര്‍പ്പെടുക്കുന്നതിന് ഫീസ് 100 രൂപയാക്കി. ആഡംബര നികുതി കൂട്ടി. ഇതിലൂടെ 16 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായി മന്ത്രി കൂട്ടിച്ചേര്‍ത്തു.

Top