ഈ ബജറ്റില്‍ ഇടുക്കിയും വികസിക്കും; 1000 കോടിയുടെ പാക്കേജ്

തിരുവനന്തപുരം: കൃഷി, മണ്ണ്, ജലം എന്നിവയുടെ സംരക്ഷണത്തിനും പരിപാലനത്തിനുമായി സംസ്ഥാന ബജറ്റ് 2020-21 ല്‍ ഇടുക്കി ജില്ലയ്ക്കായി വകയിരുത്തിയിരിക്കുന്നത് 1000 കോടി രൂപയാണ്. കിഫ്ബിയില്‍ നിന്നാണ് 1000 കോടി രൂപയുടെ പ്രവര്‍ത്തനത്തിന് അനുമതി നല്‍കിയിരിക്കുന്നത്.

പാരിസ്ഥിതിക സന്തുലിതാവസ്ഥ ഉറപ്പുവരുത്തി തേയില, കുരുമുളക്, ഏലം തുടങ്ങിയ സുഗന്ധവിളകളുടെയും ചക്ക പോലുള്ളവയുടെ ഉല്‍പാദനവും ഉല്‍പാദനക്ഷമതയും ഉയര്‍ത്തുന്നതിനും ഉല്‍പ്പന്നങ്ങളുടെ മൂല്യവര്‍ധനവും ലക്ഷ്യമാക്കി കൊണ്ടുള്ള വികസനതന്ത്രമാണ് ഇടുക്കിക്ക് അടിസ്ഥാനപരമായി വേണ്ടതെന്ന് ബജറ്റ് അവതരിപ്പിച്ച് കൊണ്ട് ധനമന്ത്രി പറഞ്ഞു.


ബജറ്റിലെ ഇടുക്കിയുടെ വികസനം ഇങ്ങനെ

1.കൃഷിക്കും ജനജീവിതത്തിനും ഉതകുന്ന പ്രദേശമായ ഇടുക്കിയെ നിലനിര്‍ത്തുന്നതാണ് പ്രധാനം.

2.ഭൂവിനിയോഗം സംബന്ധിച്ച അഭിപ്രായ സംയമനം താഴെതട്ടില്‍ നിന്ന് ഉയര്‍ന്നു വരണം.

3.കൃഷി ഭൂമിയിലെ നഷ്ടപ്പെട്ട പോഷകമൂലകങ്ങളും ജൈവ വംശങ്ങളും വീണ്ടെടുക്കുന്നതിനും മണ്ണ് പരിശോധന നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കും.

4.ജൈവ കൃഷിയിലേക്ക് നീങ്ങേണ്ടതുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ സമഗ്ര ഭൂവിനിമയ ജല പങ്കാളിത്തം നടപ്പാക്കും. ഇത്തരം പരിപാടിക്ക് വേണ്ടി റീബില്‍ഡ് കേരളയില്‍ നിന്ന് 200 കോടി രൂപ ലഭ്യമാക്കും.

6.സ്‌പൈസസ് പാര്‍ക്കിന്റെ മാംഗോ പാര്‍ക്ക് നിര്‍മാണം ഊര്‍ജിതപ്പെടുത്തും.

7.വട്ടവടയിലെ ശീതകാലവിളകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.

8.കേരളത്തിലെ പ്ലാന്റേഷനുകളുടെ അഭിവൃദ്ധിക്കായി ഒരു പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിക്കും. തോട്ടം തൊഴിലാളികളുടെ പാര്‍പ്പിട പദ്ധതി ലൈഫ് മിഷന്റെ ഭാഗമാക്കും. ടൂറിസം ക്ലസ്റ്ററുകളും സെര്‍ക്യൂട്ടുകളും ആവിഷ്‌കരിക്കും. ഫാം ടൂറിസത്തിനായിരിക്കും മുന്‍ഗണന.

9.വിദ്യാഭ്യാസ മേഖലയക്ക് 100 കോടി, കുടിവെള്ളത്തിന് 80 കോടി, ആരോഗ്യത്തിന് 70 കോടി, സ്പോര്‍ട്സിന് 40കോടി, പൊതുമരാമത്തിന് 100 കോടി.

10.ഇടുക്കിയില്‍ എയര്‍സ്ട്രീപ്പ് സ്ഥാപിക്കും.

11.മെഡിക്കല്‍ കോളേജ് നിര്‍മാണം ഊര്‍ജിതമാക്കും

12.പ്രാദേശിക ഡിസാസ്റ്റര്‍ മാനേജ്മെന്റ് പ്ലാന്റ്, ശുചിത്വജലസംരക്ഷണ പരിപാടി, മരം നടീല്‍ ക്യാമ്പയിന്‍ ഇവയുമായി കൂട്ടിയിണക്കിയുള്ള പരിപാടിപ്രവര്‍ത്തനങ്ങള്‍ക്ക് പത്ത് കോടി രൂപ അധികമായി അനുവദിക്കും

13.722 കോടിയുടെ പൊതുമരാമത്ത് റോഡുകളും പാലങ്ങളുമാണ് ഇപ്പോള്‍ നിര്‍മാണത്തിലുള്ളത്. 228 കോടിയുടെ ബോഡിമട്ട്- മൂന്നാര്‍ ദേശീയപാത നിര്‍മാണം നടക്കുകയാണ്.

14.മൂന്നാര്‍ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ രണ്ടാം ഘട്ടം. ഇടുക്കി ഡാമിനോട് ചേര്‍ന്ന ടൂറിസം വകുപ്പിന്റെ അമിസോണിലെ ടൂറിസം കേന്ദ്രം, ഹൈഡല്‍ ടൂറിസം, എന്നിവയാണ് പ്രധാന പ്രവര്‍ത്തനങ്ങള്‍.

ഇടുക്കി, വയനാട്,കുട്ടനാട്‌ പാക്കേജുകള്‍ക്കായി ഏപ്രിലില്‍ പ്രത്യേക അവലോകന യോഗം നടത്തുമെന്നും ബജറ്റ് അവതരണത്തിനിടെ തോമസ് ഐസക് പറഞ്ഞു.

Top