സാധാരണക്കാരന്റെ മേഖലയ്ക്കും സര്‍ക്കാര്‍ കൈത്താങ്ങ്; കയര്‍ ഉത്പാദനത്തിന് കോടികള്‍

തിരുവനന്തപുരം: കേരളത്തിലെ സാധാരണക്കാരുടെ തൊഴിലിനും പ്രാധാന്യം കൊടുത്ത് 2020ലെ കേരളാ ബജറ്റ്. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള കയര്‍ ഉത്പാദനം 40,000 ടണ്ണായി ഉയര്‍ത്തുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. അതേസമയം 2015-16 സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തില്‍ നിന്നുള്ള കയറിന്റെ ഉത്പാദനം 10,000 ടണ്ണില്‍ താഴെയായിരിന്നു എന്നാല്‍ 2020-21ല്‍ ഇത് 40,000 ടണ്ണായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.

കയര്‍ ഉത്പാദനത്തിന് ആവശ്യമായ ചകിരി കേരളത്തില്‍ തന്നെ ഉത്പാദിപ്പിക്കും. ഇങ്ങനെ ഉത്പാദിപ്പിക്കുന്ന കയര്‍ പരമ്പരാഗത ഉത്പന്നങ്ങളായോ, കയര്‍ ഭൂവസ്ത്രമായോ മാറുമെന്നും അദ്ദേഹം വ്യക്തമാക്കി.

കയര്‍ മേഖലയുടെ വികസനത്തിനായുള്ള പ്രഖ്യാപനങ്ങള്‍;

1. പ്ലാസ്റ്റിക്കിന് പകരം കയറിന്റെ ഷീറ്റ് നിര്‍മിക്കാനുള്ള ഫാക്ടറി ആരംഭിക്കും.

2. കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തില്‍ കെകോ ലോഗ് ഫാക്ടറി, റബ്ബറൈസ്ഡ് മാറ്റ്‌സ് ഫാക്ടറി, യന്ത്രവത്കൃത കയര്‍ ഭൂവസ്ത്ര നിര്‍മാണ ഫാക്ടറി എന്നിവ ആരംഭിക്കും.

3. കയര്‍ ഭൂവസ്ത്രങ്ങള്‍ വിതരണം ചെയ്യുന്നതിനായി യുവ എഞ്ചിനീയര്‍മാരുടെ 25 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും.

4. ഡച്ച് പ്ലാന്റിന്‍ എന്ന ബഹുരാഷ്ട്ര കമ്പനി വാളയാറില്‍ ചകിരിച്ചോര്‍ പ്രോസസിങ് ഫാക്ടറി ആരംഭിക്കും.

5. മിനിമം കൂലി ഉറപ്പുവരുത്തുന്ന നിരക്കില്‍ സര്‍ക്കാര്‍ സംഭരിക്കുകയും സംബ്‌സിഡി നിരക്കില്‍ വിപണനം നടത്തുകയും ചെയ്യും.

6. കയര്‍പിരി സംഘങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം 2020-21ല്‍ 50,000 കോടിയായി ഉയര്‍ത്തും.

7. യന്തവത്കൃത മേഖലയിലെ തൊഴിലാളികള്‍ക്ക് 600 രൂപ വേതനം ഉറപ്പാക്കും.

8. 112 കോടിയുടെ പദ്ധതികള്‍ ഈ മേഖലയ്ക്ക് വകയിരുത്തിയിട്ടുണ്ട്. ഇതിനുപുറമെ 130 കോടിയുടെ പദ്ധതികള്‍ എന്‍സിഡിസി സഹായത്തോടെ നടപ്പിലാക്കും.

9. കയര്‍ ക്ലസ്റ്ററുകള്‍ ആരംഭിക്കാന്‍ കയര്‍ ബോര്‍ഡിന് 50 കോടി രൂപ അനുവദിക്കും.

10. ഉത്പാദകരുടെ കുടിശ്ശി ഒറ്റത്തവണ തീര്‍പ്പാക്കാനും സംഘങ്ങളുടെ ജില്ലാ ബാങ്കുകളിലുള്ള വായ്പാ കുടിശ്ശിക തീര്‍പ്പാക്കുന്നതിനും ജീവനക്കാരുടെ ഗ്രാറ്റുവിറ്റി, പെന്‍ഷന്‍ ഫണ്ട്, വൈദ്യുതി കുടിശ്ശിക എന്നിവയ്ക്കായി 25 കോടി അധികമായി വകയിരുത്തും.

Top