ഭാഗ്യക്കുറിയുടെ സമ്മാന വിഹിതം വില്‍പ്പന വരുമാനത്തിന്റെ 1.5 ശതമാനം വര്‍ധിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ സമ്മാനവിഹിതം വില്‍പ്പന വരുമാനത്തിന്റെ 1.5 ശതമാനം കൂടി വര്‍ധിപ്പിക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ഇതോടെ പ്രതിവാര ഭാഗ്യക്കുറികള്‍ക്ക് 11,000 സമ്മാനങ്ങള്‍ കൂടിയുണ്ടാകും. കേരള സംസ്ഥാന ഭാഗ്യക്കുറികളുടെ സമ്മാനങ്ങള്‍ക്കുള്ള വിഹിതം ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ 40 ശതമാനമായിരുന്നു. ഇതിപ്പോള്‍ 58.5 ശതമാനമാണെന്നും അദ്ദേഹം പറഞ്ഞു.

100 രൂപയുടെ സമ്മാനങ്ങള്‍ നല്‍കുന്ന ഏജന്റ്സ് പ്രൈസ് 10 രൂപയില്‍ നിന്ന് 20 രൂപയാക്കും. മറ്റെല്ലാ സമ്മാനങ്ങളിലുമുള്ള ഏജന്റ്സ് പ്രൈസും 12 ശതമാനമായി വര്‍ധിപ്പിക്കുന്നു. എല്ലാ സ്ലാബിലുമുള്ള ഡിസ്‌കൗണ്ട് അര ശതമാനം വീതം വര്‍ധിപ്പിക്കുന്നു. ക്ഷേമനിധി അംഗങ്ങളായ ഭാഗ്യക്കുറി വില്‍പ്പനക്കാര്‍ക്ക് ഭവന നിര്‍മാണ സഹായം നല്‍കുന്നതിനു വേണ്ടി ലൈഫ് ബമ്പര്‍ ഭാഗ്യക്കുറി നടത്തും. അടുത്ത മാര്‍ച്ചില്‍ നറുക്കെടുപ്പ് ഉണ്ടാകും.

ഏജന്റ് മരിക്കുന്ന സാഹചര്യമുണ്ടായാല്‍ നോമിനിക്ക് ടിക്കറ്റ് സംരക്ഷിച്ച് നല്‍കും. ഇതിന് ആവശ്യമായ ചട്ടഭേദഗതി കൊണ്ടുവരും. ബാങ്ക് ഗാരന്റിയില്‍ ഏജന്റുമാര്‍ക്ക് ബമ്പര്‍ ടിക്കറ്റ് നല്‍കും. ജി.എസ്.ടി. ഓണ്‍ലൈനില്‍ അടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും മന്ത്രി പറഞ്ഞു.

കേരളീയരെ കൊള്ളയടിക്കന്‍ ഇടനിലക്കാര്‍ മുഖാന്തരമുള്ള അന്യസംസ്ഥാന ഭാഗ്യക്കുറികളെ അനുവദിക്കില്ല. സംസ്ഥാന ജി.എസ്.ടി. ചട്ടങ്ങളിലെ വ്യവസ്ഥകള്‍ കര്‍ശനമായി നടപ്പാക്കുമെന്നും തോമസ് ഐസക്ക് വ്യക്തമാക്കി.

Top