രണ്ടു ലക്ഷം വരെ വിലയുള്ള ബൈക്കുകൾക്കു വില ഉയരും

തിരുവനന്തപുരം: പുതുതായി വാങ്ങുന്ന രണ്ടു ലക്ഷം രൂപ വരെ വിലയുള്ള മോട്ടോര്‍ സൈക്കിളുകളുടെ ഒറ്റത്തവണ നികുതി രണ്ടു ശതമാനം ഉയര്‍ത്തി. ഇതുവഴി 92 കോടി രൂപയുടെ അധിക വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു.

സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന കാറുകള്‍ ഉള്‍പ്പെടെയുള്ള പ്രൈവറ്റ് സര്‍വീസ് വാഹനങ്ങളുടെ നികുതിയില്‍ വര്‍ധന വരുത്തി. അഞ്ചു ലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് വര്‍ധന. അഞ്ചു മുതല്‍ പതിനഞ്ചു ലക്ഷം വരെയുള്ളവയ്ക്ക് രണ്ടു ശതമാനവും 15 മുതല്‍ മുകളിലുള്ളവയ്ക്ക് ഒരു ശതമാനവുമാണ് നികുതി കൂടുക. 340 കോടി രൂപയാണ് ഇതുവഴി അധികമായി പ്രതീക്ഷിക്കുന്നത്.

പുതുതായി വാങ്ങുന്ന ഇലക്ട്രിക് മോട്ടോര്‍ ക്യാബ്, ഇലക്ട്രിക് ടൂറിസ്റ്റ് മോട്ടോര്‍ ക്യാപ് എന്നിവയുടെ നികുതി, ഇലക്ട്രിക് സ്വകാര്യ വാഹനങ്ങളുടെ നികുതിക്കു തുല്യമായി പരിഷ്‌കരിച്ചു. നേരത്തെ 6 മുതല്‍ 20 ശതമാനം വരെ ഈടാക്കിയിരുന്ന നികുതി ഇതോടെ അഞ്ചു ശമതാനമായി കുറയും. ഇവയ്ക്ക് ആദ്യ അഞ്ചു വര്‍ഷത്തേക്ക് നല്‍കിയിരുന്ന 50 ശതമാനം നികുതി ഇളവ് ഒഴിവാക്കി.

സ്റ്റേജ് ക്യാരേജ്, കോണ്‍ട്രാക്റ്റ് ക്യാരേജ് വാഹനങ്ങളുടെ നികുതിയില്‍ പത്തു ശതമാനം കുറവു വരുത്തി.

മോട്ടോര്‍ വാഹന വകുപ്പില്‍ നികുതി കുടിശ്ശിക അടയ്ക്കുന്നതിന് നിലവിലുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി തുടരും.

Top