ക്ഷേമ പെൻഷൻ വർധനയില്ല; അനർഹരെ ഒഴിവാക്കുമെന്ന് പ്രഖ്യാപനം

തിരുവനന്തപുരം: ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ച മൂന്നാം ബജറ്റിലും ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല. സംസ്ഥാനത്ത് 62 ലക്ഷം പേര്‍ക്കു 1600 രൂപ നിരക്കില്‍ പെന്‍ഷന്‍ നല്‍കുന്നുണ്ടെന്നും ഇതു തുടരുമെന്നുമാണ് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി പറഞ്ഞത്. അനര്‍ഹരെ പെന്‍ഷന്‍ വാങ്ങുന്നവരില്‍നിന്ന് ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു.

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ രൂപീകരിച്ച കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡ് നടത്തുന്ന താല്‍ക്കാലിക കടമെടുപ്പ് സര്‍ക്കാരിന്റെ പൊതു കടമായി കേന്ദ്ര സര്‍ക്കാര്‍ കണക്കാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇത് സര്‍ക്കാരിന്റെ അനുവദനീയ കടമെടുപ്പു പരിധിയില്‍ കുറവു വരുത്തുന്നുണ്ട്. ഇത്തരമൊരു നടപടിയിലൂടെ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ പദ്ധതി തകര്‍ക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നതെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി.

കേരളത്തിലെ സാധാരണക്കാരെ സഹായിക്കുന്ന ഈ പദ്ധതി ജനങ്ങളുടെ പിന്തുണയോടെ സര്‍ക്കാര്‍ മുന്നോട്ടുകൊണ്ടുപോവും. അനര്‍ഹരെ ഒഴിവാക്കി സാമൂഹ്യ ക്ഷേമ പദ്ധതി വിപുലീകരിക്കുകയും ദുരുപയോഗം തടയുകയും ചെയ്യേണ്ടതുണ്ടെന്ന് മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 50.66 ലക്ഷം പേര്‍ക്കാണ് പ്രതിമാസം 1600 രൂപ നിരക്കില്‍ സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്. സ്വന്തമായി വരുമാനമില്ലാത്ത ക്ഷേമ നിധി ബോര്‍ഡുകളിലെ 6.73 ലക്ഷം അംഗങ്ങള്‍ക്കും സര്‍ക്കാര്‍ പെന്‍ഷന്‍ നല്‍കുന്നുണ്ട്. വരുമാനമുള്ള ക്ഷേമനിധി ബോര്‍ഡുകള്‍ വഴി 4.28 ലക്ഷം പേര്‍ക്കും ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.

Top