ക്ഷേമ പദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുമെന്ന് പ്രതീക്ഷയേകി സംസ്ഥാന ബജറ്റ് ഇന്ന്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ഇന്ന് ധനമന്ത്രി നിയമസഭയില്‍ അവതരിപ്പിക്കും. രാവിലെ 9 മണിക്കാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയില്‍ വലിയ വളര്‍ച്ചയുണ്ടായെന്ന് സംസ്ഥാന ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നു. ഇന്നത്തെ ബജറ്റില്‍ തൊഴില്‍ സബ്‌സിഡി പ്രഖ്യാപനവും ക്ഷേമ പെന്‍ഷനില്‍ 100 രൂപ വര്‍ധനയും പ്രതീക്ഷിക്കാം.

2018-19ല്‍ കേരളത്തിന്റെ വളര്‍ച്ച 7.5 % വര്‍ധിച്ചു. സാമ്പത്തിക പ്രതിസന്ധിക്കിടയിലും പിശുക്കു കാട്ടാത്ത ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കുന്നതാകും ഇത്തവണത്തെ പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റെന്ന് സൂചന. 5 ലക്ഷത്തോളം അനര്‍ഹരെ ഒഴിവാക്കിയതു വഴി ലാഭിക്കുന്ന പണം കൊണ്ട് ക്ഷേമ പെന്‍ഷന്‍ തുക 100 രൂപ വര്‍ധിപ്പിക്കും. ഒന്നും രണ്ടും പ്രളയകാലങ്ങള്‍ക്ക് ശേഷവും കേന്ദ്രത്തില്‍ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്. കേന്ദ്രനികുതിവിഹിതത്തില്‍ കുറവുണ്ടായെങ്കിലും ക്ഷേമപദ്ധതികള്‍ക്ക് ഊന്നല്‍ നല്‍കണമെന്നാണ് സര്‍ക്കാര്‍ തീരുമാനം.

സംസ്ഥാനത്തിന്റെ കാര്‍ഷികവളര്‍ച്ച താഴേക്കെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പറയുന്നത്. പ്രളയം, നാണ്യവിളകളുടെ തകര്‍ച്ച എന്നിവയാണ് കാര്‍ഷികമേഖലക്ക് തിരിച്ചടിയായത്. തെങ്ങ് കൃഷിയുടെ കാര്യത്തില്‍ ആന്ധ്രക്കും തമിഴ്‌നാടിനും പശ്ചിമബംഗാളിനും കര്‍ണാടകത്തിനും താഴെയാണ് കേരളം. ഇതരസംസ്ഥാനങ്ങളില്‍ നിന്നുള്ള അരിക്കും പച്ചക്കറിക്കും പഴവര്‍ഗങ്ങള്‍ക്കും വില കൂടിയത് സംസ്ഥാനത്ത് വിലക്കയറ്റത്തിന് കാരണമായെന്നും സാമ്പത്തിക അവലോക റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

20,000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബിക്കു കീഴില്‍ അടുത്ത സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കും. കടലാസു രഹിത നിയമസഭാ പദ്ധതിയുടെ (ഇ-സഭ) ഭാഗമായി ബജറ്റ് വായനയ്ക്കായി മന്ത്രിക്കു മുന്നിലെ ഡിജിറ്റല്‍ സ്‌ക്രീനിലും പ്രസംഗം തെളിയുമെങ്കിലും അദ്ദേഹം കടലാസില്‍ നോക്കി വായിക്കുമെന്നാണു സൂചന. എഴുത്തുകാരുടെയും സാമൂഹിക പരിഷ്‌കര്‍ത്താക്കളുടെയും വാക്കുകള്‍ മുന്‍പ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയ മന്ത്രി, പൗരത്വ നിയമ ഭേദഗതിയുടെ പശ്ചാത്തലത്തില്‍ ഇക്കുറി ഭരണഘടനയുടെ ഭാഗങ്ങള്‍ ഉദ്ധരിച്ചേക്കും. ബജറ്റ് പ്രസംഗത്തിന്റെ കവര്‍ പേജായി ഗാന്ധിജി വെടിയേറ്റു കിടക്കുന്ന ചിത്രമാണു തിരഞ്ഞെടുത്തിരിക്കുന്നത് എന്നാണ് വിവരം.

Top