കേരളാ ബജറ്റില്‍ വലിയ സ്ഥാനം പിടിച്ച് കിഫ്ബി; വിമര്‍ശിച്ചവരുടെ കണ്ണ് തള്ളുന്ന നേട്ടം!

തിരുവനന്തപുരം: കേരളാ ബജറ്റ് അവതരണത്തില്‍ കിഫ്ബി വാനോളം പുകഴ്ത്തി ധനമന്ത്രി തോമസ് ഐസക്. കിഫ്ബി കേരളത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയെന്നാണ് അദ്ദേഹം ബജറ്റവതരണത്തിനിടെ ചൂണ്ടിക്കാട്ടിയത്. കിഫ്ബി സംസ്ഥാനത്തിന്റെ വികസനത്തെ സ്വാധീനിച്ചത് എണ്ണി പറഞ്ഞാണ് അദ്ദേഹം ബജറ്റ് അവതരിപ്പിച്ചത്.

2016കാലത്ത് കേരളം വളരെ സാമ്പത്തിക മാന്ദ്യം നേരിട്ടിരുന്നു. ആ സമയത്താണ് കേന്ദ്ര സര്‍ക്കാര്‍ നോട്ടുനിരോധനം പോലുള്ള ഭ്രാന്തന്‍ നടപടി കൊണ്ടു വന്നത്. ഇത് രാജ്യത്തെ വളരെയധികം ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന് ഈ മാന്ദ്യം അതിജീവിക്കാന്‍ 2016-17 ബഡ്ജറ്റില്‍ മാന്ദ്യ വിരുദ്ധ പാക്കേജ് പ്രഖ്യാപിച്ചു.

സാമ്പത്തിക മാന്ദ്യം മറികടക്കാനാണ് കിഫ്ബി വഴി 50,000 കോടി രൂപ വായ്പയെടുത്ത് കേരളത്തില്‍ മുതല്‍ മുടക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. അതിനുള്ള നിയമം സഭയില്‍ പാസാക്കിയത് ഏക കണ്ഠമായാണ്. എന്നാല്‍ ഈ പദ്ധതിയെ പലരും വിമര്‍ശിച്ചു. സങ്കീര്‍ണതയേറിയ പദ്ധതി ദിവാസ്വപ്നമായി മാറുമെന്നാണ് പലരും കുറ്റപ്പെടുത്തിയത്. എന്നാല്‍ ഇന്ന് കൂടുതല്‍ കിഫ്ബി പ്രൊജക്ടുകള്‍ ലഭിക്കുന്നതിന് വേണ്ടി എല്ലാവരും മത്സരിക്കുകയാണ്. 675 പ്രൊജക്ടുകളിലായി 35268 കോടി പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി.

‘പുതുതായി വ്യവസായ പാര്‍ക്കുകള്‍ക്ക് സ്ഥലമേറ്റെടുക്കുന്നതിനായി 14,275 കോടി രൂപയുടെയും ദേശീയ പാതയ്ക്ക് സ്ഥലമേറ്റെടുക്കുന്നതിന് 5324 കോടി രൂപയുടെയും പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കിയിട്ടുണ്ട്. ഇങ്ങനെ കിഫ്ബി അംഗീകാരം നല്‍കിയ പദ്ധതികളുടെ അടങ്കല്‍ 54678 കോടി രൂപയാണ് ഇവയില്‍ 13617 കോടി പദ്ധതികള്‍ ടെന്‍ഡര്‍ വിളിച്ച് കഴിഞ്ഞു. 4500 കോടിയുടെ പ്രവര്‍ത്തനം പൂര്‍ത്തീകരിച്ചു.’- തോമസ് ഐസക്ക് വിലയിരുത്തി.

2020-21ല്‍ കിഫ്ബിയില്‍ നിന്ന് 20,000 കോടി രൂപ ചെലവുവരും എന്നാണ് പ്രതീക്ഷിക്കുന്നത്. അതുനല്‍കുന്നതിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top