ഐസോള്‍: കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ മിഡ്ഫീല്‍ഡര്‍ ഫ്രെഡ്ഡി ലാല്ലാവ്മാവ്മയ്ക്ക് ബൈക്കപകടത്തില്‍ പരിക്കേറ്റു. ജന്മനാടായ മിസോറാമില്‍ വെച്ചാണ് അപകടമുണ്ടായത്.ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ഫ്രെഡ്ഡിക്ക് പരിക്കേറ്റത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയായിരിക്കുകയാണ്. മറ്റൊരു ഡിഫന്‍സീവ് മിഡ്ഫീല്‍ഡറായ ജീക്സണ്‍ സിങ് മുംബൈ സിറ്റിക്കെതിരായ മത്സരത്തില്‍ തോളെല്ലിന് പരിക്കേറ്റ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ്.
ജീക്സണിന് പകരം വരുംമത്സരങ്ങളില്‍ ഫ്രെഡ്ഡിയെയായിരുന്നു ആശ്രയിക്കാനിരുന്നത്. ഡിഫന്‍ഡര്‍മാരായ ക്രൊയേഷ്യന്‍ താരം മാര്‍ക്കോ ലെസ്‌കോവിച്ചും എബാന്‍ ഡോലിങ്ങും നേരത്തെ തന്നെ പരിക്കേറ്റ് വിശ്രമത്തിലാണ്. ഐ.എസ്.എല്ലില്‍ ആറു കളികളില്‍ നാലും ജയിച്ച് പതിമൂന്ന് പോയിന്റുമായി എഫ്.സി.ഗോയ്ക്ക് പിറകില്‍ രണ്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍.ചുമലിനും താടിയെല്ലിനുമാണ് കാര്യമായി പരിക്കേറ്റത്. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായ താരം വിശ്രമത്തിലാണ്. പഞ്ചാബ് എഫ്സിയില്‍ നിന്ന് ഈ വര്‍ഷമാണ് ഇരുപത്തിയൊന്നുകാരനായ ഫ്രെഡ്ഡി ബ്ലാസ്റ്റേഴ്സിലെത്തിയത്. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍.