സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം

സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വിജയത്തുടക്കം. ഗ്രൂപ്പ് ബിയില്‍ ഐലീഗ് ക്ലബ് ഷില്ലോങ് ലജോങിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്‌സിനായി ക്വാമെ പെപ്ര ഇരട്ട ഗോളുകള്‍ നേടിയപ്പോള്‍ മുഹമ്മദ് ഐമന്‍ ഒരു ഗോള്‍ നേടി. റെനാന്‍ പൗളീഞ്ഞോ ഷില്ലോങ് ലജോങിന്റെ ആശ്വാസ ഗോള്‍ നേടി.

15ആം മിനിട്ടില്‍ ഡയമന്റക്കോസ് നല്‍കിയ ഒരു ത്രൂ ബോളില്‍ നിന്ന് ക്വാമെ പെപ്ര ബ്ലാസ്റ്റേഴ്‌സിന് ലീഡ് സമ്മാനിച്ചു. 26ആം മിനിട്ടില്‍ പ്രബീര്‍ ദാസിന്റെ ക്രോസില്‍ നിന്ന് പെപ്ര ലീഡ് ഇരട്ടിയാക്കി. മൂന്ന് മിനിട്ടുകള്‍ക്കുള്ളില്‍ ഷില്ലോങ് ലജോങ് ഒരു ഗോള്‍ തിരിച്ചടിച്ചു. പെനാല്‍റ്റിയിലൂടെയായിരുന്നു റെനാന്‍ പൗളീഞ്ഞോയുടെ ഗോള്‍. 46ആം മിനിട്ടില്‍ ഡൈസുകെ സകായുടെ ക്രോസില്‍ നിന്ന് ഐമന്‍ ബ്ലാസ്റ്റേഴ്‌സ് സീനിയര്‍ ടീമിലെ ആദ്യ ഗോള്‍ നേടി. തുടര്‍ന്നും പൊസിഷന്‍ ഫുട്‌ബോളുമായി നിറഞ്ഞുകളിച്ച ബ്ലാസ്റ്റേഴ്‌സ് ഷില്ലോങ് ലജോങിനെ വെള്ളം കുടിപ്പിച്ചു. രണ്ടാം പകുതിയുടെ അവസാനത്തിലാണ് ഷില്ലോങ് ലജോങ് നിറഞ്ഞുകളിച്ചത്. അവര്‍ ഒരു ഗോള്‍ കൂടി തിരിച്ചടിക്കാന്‍ കിണഞ്ഞുശ്രമിച്ചെങ്കിലും ബ്ലാസ്റ്റേഴ്‌സ് പ്രതിരോധം വഴങ്ങിയില്ല.

Top