ഐഎസ്എല്‍ ഫുട്ബോളില്‍ ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും

കൊല്‍ക്കത്ത: ഐഎസ്എല്‍ ഫുട്ബോളില്‍ ജൈത്രയാത്ര തുടരാന്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങും. നിലവിലെ ചാംപ്യന്മാരായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റസാണ് എതിരാളികള്‍. രാത്രി എട്ടിന് ബഗാന്റെ തട്ടകത്തിലാണ് മത്സരം. മുംബൈ സിറ്റിയെ തോല്‍പിച്ച ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനം ലക്ഷ്യമിട്ടാണ് ഇറങ്ങുന്നത്. ഈവര്‍ഷം ബ്ലാസ്റ്റേഴ്സിന്റെ അവസാനമത്സരമാണിത്. ഐഎസ്എല്ലിലെ ചിരവൈരികളാണ് നേര്‍ക്കുനേര്‍ വരുന്നത്.

ആദ്യ ഏഴ് മത്സരങ്ങളില്‍ തോല്‍വി അറിയാതെ മുന്നേറിയിരുന്ന ബഗാന് തുടരെ രണ്ട് കളികളില്‍ കാലിടറി. മുംബൈയോട് എവേഗ്രൗണ്ടിലും സ്വന്തം തട്ടകത്തില്‍ ഗോവയോടും. ഇനിയൊരു തോല്‍വി ചാംപ്യന്മാര്‍ക്ക് ചിന്തിക്കാനാവില്ല. ബ്ലാസ്റ്റേഴ്സിന്റെ മുന്‍ താരം സഹല്‍ അബ്ദുള്‍ സമദാണ് ബഗാന്റെ മധ്യനിരയുടെ കരുത്ത്. ഹ്യൂഗോ ബോമസ്, അനിരുധ് ഥാപ്പ, ദിമിത്രി പെട്രാറ്റോസ്,ജേസണ്‍ കമ്മിങ്സ് എന്നിവര്‍ കൂടി ചേരുന്പോള്‍ ചാംപ്യന്മാര്‍ കരുത്തരാകും.ഇതുവരെ മുഖാമുഖം വന്ന ആറില്‍ അഞ്ചിലും ജയിച്ചെന്ന റെക്കോര്‍ഡും ബഗാനുണ്ട്. ഒരു മത്സരം സമനിലയില്‍ ആക്കാനായത് മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ആശ്വസിക്കാനുള്ളത്. ബഗാന്‍ 17 ഗോളടിച്ചപ്പോള്‍, ബ്ലാസ്റ്റേഴ്സിന് വലയിലെത്തിക്കാനായത് 9 എണ്ണം മാത്രം.

വിജയക്കുതിപ്പ് തുടര്‍ന്ന് പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനം നേടാനാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ശ്രമം. ഹാട്രിക് തോല്‍വി ഒഴിവാക്കാനാണ് ബഗാന്‍ ഇറങ്ങുന്നത്. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വാശിയേറിയ പോരാട്ടം കാണുമെന്ന് ഉറപ്പ്. സീസണിലെ എട്ടാമത്തെയും എവേ ഗ്രൗണ്ടിലെ മൂന്നാം ജയവും ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സിന്റെ വരവ്. കൊച്ചിയില്‍ മുംബൈ തകര്‍ത്തതിന്റെ ത്രില്ലിലാണ്ഇവാന്‍ വുകോമിനോവിച്ചും കൂട്ടരും. അതേ ആവേശം കളത്തില്‍ കാട്ടാനായാല്‍ മോഹന്‍ ബഗാനെതിരെ ഇതുവരെ ജയിച്ചിട്ടില്ലെന്ന നാണക്കേടും മഞ്ഞപ്പടയ്ക്ക് മാറ്റിയെടുക്കാം. ടീമില്‍ ഒരു മാറ്റത്തിന് സാധ്യത. പരിക്കേറ്റ വിബിന്‍ മോഹന് പകരം മുഹമ്മദ് അസര്‍ ആദ്യ ഇലവനില്‍ എത്തിയേക്കും. ലൂണയുടെ അഭാവത്തില്‍ മുംബൈക്കെതിരെ ഗോളും അസിസ്റ്റുമായി തിളങ്ങിയ ദിമിത്രിയോസും ക്വാമി പെപ്രയും വീണ്ടും മിന്നിക്കുമെന്ന് കരുതാം. മിലോസ് ഡിന്‍സിച്ച്, ലെസ്‌കോവിച്ച്, പ്രീതം കോട്ടാല്‍ ജോഡിയും മറ്റൊരു ക്ലീന്‍ ഷീറ്റിനായി കോട്ട കെട്ടും.

Top