ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് നാളെയിറങ്ങും; ചെന്നൈയിൻ എഫ്സിയാണ് എതിരാളി

കൊച്ചി: നാളെ രാത്രി എട്ടിന് കൊച്ചിയില്‍ നടക്കുന്ന കളിയില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിൻ എഫ്സിയെ നേരിടും. ഏഴ് കളിയില്‍ അഞ്ച് ജയവും ഒന്ന് വീതം തോല്‍വിയും സമനിലയുമായി 16 പോയിന്റുമായി രണ്ടാമതാണ് ഇപ്പോള്‍ ബ്ലാസ്റ്റേഴ്സ്. ഏഴ് പോയിന്റ് മാത്രമുള്ള ചെന്നൈയിന്‍ ഏഴാം സ്ഥാനത്താണ്. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ഒപ്പത്തിനൊപ്പമാണ് ബ്ലാസ്റ്റേഴ്സും ചെന്നൈയിനും. 20 കളിയില്‍ ആറ് വീതം കളികളില്‍ ജയിച്ചപ്പോള്‍ 8 എണ്ണം സമനിലയിലായി.

അതേസമയം, ബ്ലാസ്റ്റേഴ്സില്‍ അംഗമാവുകയെന്നത് വലിയ ഉത്തരവാദിത്തമാണെന്ന് കോച്ച് ഇവാന്‍ വുകോമനോവിച്ച് വ്യക്തമാക്കി. ആരാധകരുടെ പിന്തുണയാണ് ബ്ലാസ്റ്റേഴ്സിന്റെ കുരത്തെന്നും വുകോമനോവിച്ച് പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകള്‍… ”ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധക പിന്തുണയുള്ള ഫുട്ബോള്‍ ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. ഹോം ഗ്രൗണ്ടിലും എതിരാളികളുടെ ഗ്രൗണ്ടിലും ഇത്രയേറെ പിന്തുണ കിട്ടുന്ന മറ്റൊരു ടീമില്ല. ഇതുകൊണ്ടുതന്നെ ടീം ആരാധകരോട് എപ്പോഴും കടപ്പെട്ടിരിക്കുന്നു. അവര്‍ക്കായി മികച്ച പ്രകടനം നടത്താന്‍ പരിശ്രമിക്കുന്നുണ്ട്.” കോച്ച് വ്യക്തമാക്കി.

ടീമിന്റെ ലക്ഷ്യത്തെ കുറിച്ചും അദ്ദേഹം സംസാരിച്ചു. ”കളിമികവിനൊപ്പം വ്യക്തിത്വ വികസനവും പരിശീലനത്തിലൂടെ പകര്‍ന്ന് നല്‍കുന്നു. മികച്ച താരങ്ങളെ കണ്ടെത്തുകയും വളര്‍ത്തിയെടുക്കുകയുമാണ് ടീമിന്റെ ലക്ഷ്യം.” അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സ് ഹൈദാരാബാദ് എഫ്സിയെ എതിരില്ലാത്ത ഒരു ഗോല്‍ന് തോല്‍പ്പിച്ചിരുന്നു. ആദ്യ പകുതിയില്‍ 41-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയെടുത്ത കോര്‍ണര്‍ കിക്കില്‍ നിന്ന് മിലോസ് ഡ്രിന്‍സിച്ചാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയഗോള്‍ നേടിയത്. ഗോള്‍ പോസ്റ്റിന് മുന്നില്‍ വന്‍മതിലായി നിന്ന സച്ചിന്‍ സുരേഷിന്റെ മിന്നും സേവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം സാധ്യമാക്കിയത്.

Top