213 റണ്‍സ് വിജയക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് മോശം തുടക്കം

മുംബൈ: സയിദ് മുഷ്താഖ് അലി ടി20യില്‍ ഡൽഹിക്കെതിരെ 213 റണ്‍സ് വിജയക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടി. ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 58-2 എന്ന നിലയിലാണ് കേരളം. റോബിന്‍ ഉത്തപ്പയും(28*) സച്ചിന്‍ ബേബിയുമാണ്(14*) ക്രീസില്‍. കഴിഞ്ഞ മത്സരത്തില്‍ 54 പന്തില്‍ 137 റണ്‍സുമായി തിളങ്ങിയ മുഹമ്മദ് അസ്‌ഹറുദ്ദീനെ ആദ്യ ഓവറില്‍ കേരളത്തിന് നഷ്‌ടമായി. പേസര്‍ ഇശാന്ത് ശര്‍മ്മയുടെ മൂന്നാം പന്തില്‍ പുറത്താകുമ്പോള്‍ അസ്‌ഹറുദ്ദീന്‍ അക്കൗണ്ട് തുറന്നിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ സഞ്ജു 10 പന്തില്‍ 16 എടുത്ത് പ്രദീപ് സാങ്‌വാന്റെ റിട്ടേണ്‍ ക്യാച്ചില്‍ മടങ്ങുകയായിരുന്നു.

ഓപ്പണര്‍ ശിഖര്‍ ധവാന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് ഡൽഹി 20 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 212 റണ്‍സ് അടിച്ചുകൂട്ടിയത്. 48 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറുമടക്കമാണ് ധവാന്‍ 77 റണ്‍സ് നേടിയത്. ഒരറ്റത്ത് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെടുമ്പോഴും റണ്‍റേറ്റ് കൂട്ടിയത് ധവാന്റെ ഇന്നിംഗ്‌സാണ്. അവസാന ഓവറുകളില്‍ ലളിത് യാദവ് (25 പന്തില്‍ 52) കത്തിക്കയറിയപ്പോള്‍ ഡൽഹിയുടെ സ്‌കോര്‍ 200 കടന്നു. ലളിതിനൊപ്പം അനുജ് റാവത്ത് (10 പന്തില്‍ 27) പുറത്താവാതെ നിന്നു. ഇരുവരും 56 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

Top