ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴിന് നാളെ കിരീടപ്പോരാട്ടം

ഫട്ടോര്‍ഡ: ഐഎസ്എല്ലില്‍ കേരള ബ്ലാസ്‌റ്റേഴിന് നാളെ കിരീടപ്പോരാട്ടം. ഹൈദരാബാദ് എഫ്‌സിയാണ് എതിരാളികള്‍. ഗോവയില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. മൂന്നാം ഫൈനല്‍ കളിക്കുന്ന ബ്ലാസ്‌റ്റേഴ്‌സും ആദ്യ ഫൈനലിന് ഇറങ്ങുന്ന ഹൈദരാബാദും ലക്ഷ്യമിടുന്നത് കന്നിക്കിരീടമാണ്. ബ്ലാസ്‌റ്റേഴ്‌സ് സെമിയില്‍ ജംഷഡ്പൂരിനെയും ഹൈദരാബാദ്, എടികെ മോഹന്‍ ബഗാനെയുമാണ് തോല്‍പിച്ചത്.

ഐഎസ്എല്‍ ഫൈനലില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് മഞ്ഞ ജഴ്‌സി ഇടാനാവില്ല. ലീഗ് ഘട്ടത്തില്‍ കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ ഹൈദരാബാദിന് ഹോം ജേഴ്‌സിയായ മഞ്ഞ ജഴ്‌സി ധരിക്കാം. എങ്കിലും ഗാലറിയില്‍ മഞ്ഞപ്പടയെത്തുക ബ്ലാസ്‌റ്റേഴ്‌സിന്റെ ഹോം ജഴ്‌സിയായ മഞ്ഞയണിഞ്ഞാവാനാണ് സാധ്യത. ഗാലറി മഞ്ഞയില്‍ കുളിച്ചുനില്‍ക്കുമ്പോള്‍ കളത്തില്‍ കറുപ്പില്‍ നീലവരകളുള്ള ജഴ്‌സി ധരിച്ചാവും ബ്ലാസ്‌റ്റേഴ്‌സ് താരങ്ങളെത്തുക.

ഫൈനലിന്റെ ടിക്കറ്റിനായി പൊരിഞ്ഞ പോരാട്ടമായിരുന്നു മഞ്ഞപ്പട ആരാധകര്‍ തമ്മില്‍. 18,000 പേരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്‌റ്റേഡിയത്തിലെ മുഴുവന്‍ ടിക്കറ്റും വില്‍പനയ്ക്ക് വച്ചിരുന്നു. സംഘാടകര്‍ മുഴുവന്‍ കാണികളെയും പ്രവേശിപ്പിക്കുമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെങ്കിലും ആരോഗ്യവകുപ്പിലെ വിദഗ്ദ സമിതി അംഗങ്ങള്‍ എതിര്‍ത്തതാണ് അനിശ്ചിതത്വത്തിലേക്ക് കാര്യങ്ങളെത്തിച്ചത്. പരമാവധി 75 ശതമാനം ആവാമെന്നായിരുന്നു നിര്‍ദ്ദേശം. ഗോവ മെഡിക്കല്‍ കോളേജില്‍ ചേര്‍ന്ന വിദഗ്ദ സമിതി യോഗം ഒടുവില്‍ 100 ശതമാനത്തിന് സമ്മതം മൂളുകയായിരുന്നു.

Top