കേരളാ ബ്ലാസ്റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഇന്ന് കൊമ്പുകോര്‍ക്കും; തിലക് മൈതാനിയില്‍ തീപാറും

.എസ്.എല്ലില്‍ വിജയം തുടരാന്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഈസ്റ്റ് ബംഗാള്‍ എഫ്.സിയെ നേരിടും. രാത്രി ഏഴരയ്ക്ക് തിലക് മൈതാനിയിലാണ് മത്സരം.

ഒരിക്കല്‍ കൂടി എഴുതിത്തള്ളലിന്റെ വക്കിലെത്തിയ ബ്ലാസ്റ്റേഴ്‌സ് കരുത്തരായ ഒഡീഷയ്‌ക്കെതിരായ വിജയം കരസ്ഥമാക്കിയതോടെ ജയിക്കാനാകുമെന്ന ടീമിന്റെ വിശ്വാസവും ആരാധകരുടെ പ്രതീക്ഷയും ഇരട്ടിയായി.

ഈസ്റ്റ് ബംഗാളിനെതിരെ നിലവിലെ ഫോമില്‍ ബ്ലാസ്റ്റേഴ്‌സിന് തന്നെയാണ് മുന്‍തൂക്കം. ഉറുഗ്വെ താരം അഡ്രിയാണ്‍ ലൂണയാണ് ബ്ലാസ്റ്റേഴ്‌സ് മുന്നേറ്റങ്ങളുടെ കുന്തമുന. സ്‌ട്രൈക്കര്‍ അല്‍വാരോ വാസ്വസും മിന്നും ഫോമിലാണ്. സഹലും വിന്‍സന്റ് ബാരറ്റോയും കൂടി അവസരത്തിനൊത്ത് ഉയര്‍ന്നാല്‍ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് അനായാസം ജയിക്കാം.

പ്രതിരോധനിരയുടെ ഒത്തിണക്കവും കൊമ്പന്മാര്‍ക്ക് തുണയാകും. ഗോള്‍ വലയ്ക്ക് കീഴില്‍ ആല്‍ബിനോ ഗോമസ് ഇല്ലാത്തത് തിരിച്ചടിയാണ്. യുവ ഗോള്‍കീപ്പര്‍ പ്രഭാസുഖാന്‍ ഗില്ലാകും പകരം ഗോള്‍കീപ്പറാവുക.

അഞ്ച് മത്സരം കഴിഞ്ഞിട്ടും വിജയമറയാത്ത ഈസ്റ്റ് ബംഗാളിനും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. അതിനാല്‍ തന്നെ തിലക് മൈതാനില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.

Top