കേരളത്തില്‍ ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്

കൊച്ചി: കേരളത്തിലെ 14 ജില്ലകളിലും ഫുട്‌ബോള്‍ സ്‌കൂളുകള്‍ തുറക്കാന്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ്.

കേരള ഫുട്‌ബോള്‍ അസോസിയേഷനുമായി ചേര്‍ന്ന് വിദഗ്ദ്ധരായ പരിശീലകരുടെ കീഴില്‍ 25 സ്‌കൂളുകളാണ് വിവിധ ജില്ലകളിലായി ഒരുങ്ങുന്നത്.

ഇതോടനുബന്ധിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബാള്‍ സ്‌കൂളിന്റെ ലോഗോ പ്രകാശനം അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഐ മേത്തറും ബ്ലാസ്റ്റേഴ്‌സ് സി.ഇ.ഒ വരുണ്‍ ത്രിപുരാനേനിയും ചേര്‍ന്ന് നിര്‍വഹിച്ചു.

മികച്ച സ്‌കൂളുകള്‍ക്കായി സംസ്ഥാന തലത്തിലും ലീഗ് സംഘടിപ്പിക്കും. എല്ലാ പ്രായ വിഭാഗത്തില്‍ നിന്ന് മികച്ച ടീമിനെയും മികച്ച കളിക്കാരനെയും തിരഞ്ഞെടുക്കും.

ലീഗ് മത്സരങ്ങളില്‍ മികവു തെളിയിക്കുന്നവരെ കൂടുതല്‍ മികച്ച പരിശീലനത്തിനായി ഡെവലപ്‌മെന്റ് കേന്ദ്രങ്ങളിലേക്ക് മാറ്റും.

ബ്ലാസ്റ്റേഴ്‌സ് അടുത്തിടെ നിയമിച്ച ടെക്‌നിക്കല്‍ ഡയറക്ടര്‍ താംങ്‌ബോയ് സിങ്‌തോയുടെ മേല്‍നോട്ടത്തിലായിരിക്കും മികവുള്ള താരങ്ങളുടെ തിരഞ്ഞെടുപ്പ്.

ഇതിനായി ഈ വര്‍ഷം തന്നെ അഞ്ചു ഡെവലപ്‌മെന്റ് കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും സി.ഇ.ഒ വരുണ്‍ ത്രിപുരാനേനി പറഞ്ഞു. ഫുട്‌ബോള്‍ സ്‌കൂളുകളിലേക്കുള്ള രജിസ്‌ട്രേഷന്‍ ശനിയാഴ്ച ആരംഭിക്കും.

Top