പ്ലേ ഓഫിലേക്ക് യോഗ്യത നേടി കേരള ബ്ലാസ്റ്റേഴ്‌സ്

മഡ്‌ഗാവ്: ആരാധകരുടെ പ്രതീക്ഷ വെറുതെയായില്ല, ഐഎസ്എല്‍ ഒന്‍പതാം സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍. ചെന്നൈയിനോട് എഫ്‌സി ഗോവ തോറ്റതോടെയാണ് ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചത്. ഒന്നിനെതിരെ രണ്ട് ഗോളിനാണ് ചെന്നൈയിന്റെ ജയം. പരിശീലകന്‍ ഇവാന്‍ വുകോമനോവിച്ചിന് കീഴില്‍ തുടര്‍ച്ചയായ രണ്ടാം സീസണിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫില്‍ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സിനൊപ്പം ബെംഗളൂരു എഫ്‌സിയും പ്ലേ ഓഫ് ഉറപ്പിച്ചു. മുംബൈ സിറ്റി എഫ്‌സി, ഹൈദരാബാദ് എഫ്‌സി ടീമുകള്‍ നേരത്തെ തന്നെ പ്ലേ ഓഫിന് യോഗ്യരായിരുന്നു.

സീസണിലെ 19 മത്സരങ്ങളില്‍ 46 പോയിന്റുമായി മുംബൈ സിറ്റി നേരത്തെ തന്നെ ലീഗ് ഷീല്‍ഡ് സ്വന്തമാക്കിയിരുന്നു. 18 കളിയില്‍ 39 പോയിന്റാണ് രണ്ടാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്കുള്ളത്. ഇത്രതന്നെ മത്സരങ്ങളില്‍ 31 പോയിന്റാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ നില്‍ക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സിനും ബെംഗളൂരു എഫ്‌സിക്കും സമ്പാദ്യം. അവശേഷിക്കുന്ന രണ്ട് പ്ലേ ഓഫ് സ്ഥാനങ്ങളിലേക്ക് എടികെ മോഹന്‍ ബഗാനും എഫ്‌സി ഗോവയും ഒഡിഷ എഫ്‌സിയും തമ്മിലാണ് ഇനി കടുത്ത മത്സരം. എടികെയ്‌ക്ക് 18 കളികളില്‍ 28 ഉം ഗോവയ്ക്ക് 19 മത്സരങ്ങളില്‍ 27 ഉം ഒഡിഷയ്ക്ക് 18 കളിയില്‍ 27 ഉം പോയിന്‍റുകളാണ് നിലവിലുള്ളത്.

ഐഎസ്എല്ലില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്-ഒഡിഷ, ഹൈദരാബാദ്-ജംഷഡ്‌പൂര്‍, എടികെ മോഹന്‍ ബഗാന്‍-കേരള ബ്ലാസ്റ്റേഴ്‌സ്, മുംബൈ സിറ്റി-ഈസ്റ്റ് ബംഗാള്‍, ഒഡിഷ-ജംഷഡ്‌പൂര്‍, ബെംഗളൂരു-ഗോവ, ചെന്നൈയിന്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്, ഈസ്റ്റ് ബംഗാള്‍-എടികെ മോഹന്‍ ബഗാന്‍, കേരള ബ്ലാസ്റ്റേഴ്‌സ്-ഹൈദരാബാദ് എന്നീ മത്സരങ്ങളാണ് സീസണില്‍ അവശേഷിക്കുന്നത്. ബ്ലാസ്റ്റേഴ്‌സ് 18ന് എടികെയെയും 26ന് ഹൈദരാബാദിനേയും നേരിടും.

Top