ഗാലറി നിറഞ്ഞ ആരാധകരെ സാക്ഷിയാക്കി വീണ്ടും ബ്ലാ​സ്റ്റേ​ഴ്സ് തോറ്റു പു​റ​ത്തേ​ക്ക്

കൊച്ചി : കൊച്ചിയുടെ സ്വന്തം ടീം കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്എല്‍ പ്ലേ ഓഫ് കാണാതെ പുറത്തേക്ക്. എതിരില്ലാത്ത ഒരു ഗോളിനു പൂന സിറ്റിയോട് പരാജയപ്പെട്ട ബ്ലാസ്റ്റേഴ്‌സിന്റെ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു.

നിരാശാജനകമായ പ്രകടനമാണ് ബ്ലാസ്റ്റേഴ്‌സ് നടത്തിയത്. ഇനിയുള്ള ഏഴുകളികളും ജയിച്ചാലും പോയിന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്‌സിനു ആദ്യ നാലിലേക്ക് എത്താനാവില്ല. പതിനൊന്നു കളികളില്‍ ഒരു ജയവും നാല് തോല്‍വിയും ആറു സമനിലയുമായാണ് ബ്ലാസ്റ്റേഴ്‌സ് പിന്തള്ളപ്പെട്ടിരിക്കുന്നത്.

കളിയുടെ 20 ാം മിനിട്ടിലായിരുന്നു ആഷിഖ് ബോക്‌സിലേക്ക് പന്ത് നീട്ടിയത്. ബോക്‌സിന്റെ ഇടതുപാര്‍ശ്വത്തിലൂടെ മുന്നേറിയ ആഷിഖ് മുന്നോട്ട് ഓടിക്കയറിയ മാഴ്‌സിലീഞ്ഞോയ്ക്കു പന്ത് നല്‍കി. കാലില്‍ പന്ത് കുരുക്കി ബോക്‌സില്‍ കയറിയ ബ്രസീലിയന്‍ ഇടത്തേക്കാലില്‍ ബുള്ളറ്റ് പായിച്ചു. ഒപ്പമോടിയ അനസിന്റെ കാലില്‍ തട്ടി ഉയര്‍ന്ന പന്ത് ഗോളി ധീരജ് സിംഗിനെ കടന്ന് വലയിലേക്ക്.

അവസാന നിമിഷങ്ങളില്‍ സി.കെ വിനീതിന്റെ ഷോട്ടും സന്ദേശ് ജിങ്കാന്റെ ഹെഡ്ഡറും സമനിലയെങ്കിലും കൊണ്ടുവരുമെന്ന പ്രതീക്ഷ നല്‍കി. അതും നടന്നില്ല.

ഐഎസ്എല്‍ സീസണുകളില്‍ ഇതുവരെ ഇരുടീമുകളും ഇതിനുമുമ്പ് ഒമ്പത് തവണയാണ് ഏറ്റുമുട്ടിയത്. അഞ്ചു പ്രാവശ്യം ബ്ലാസ്റ്റേഴ്‌സ് ജയിച്ചപ്പോള്‍ ഒരു തവണയേ പൂന ജയിച്ചിട്ടുള്ളൂ. കൊച്ചി സ്റ്റേഡിയത്തില്‍ ഇതിനുമുമ്പ് നാലുതവണ ഏറ്റുമുട്ടിയപ്പോള്‍ മൂന്നുതവണയും ബ്ലാസ്റ്റേഴ്‌സിനായിരുന്നു ജയം.

Top