ബ്ലാസ്‌റ്റേഴ്‌സിനോട് കളിച്ചിട്ടില്ലെന്ന് ബാങ്കോക്ക് എഫ് സി, ആരോടാണ് കളിച്ചതെന്ന് ആരാധകര്‍?

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രീ സീസണ്‍ മത്സരം വിവാദത്തില്‍. തായ്‌ലന്‍ഡില്‍ പ്രീ സീസണ്‍ പര്യടനത്തിന് പോയ കേരള ബ്ലാസ്‌റ്റേഴ്‌സ് അവിടെ കളിച്ച മത്സരമാണ് വിവാദത്തിലായത്. ബാങ്കോക്ക് എഫ് സിക്കെതിരെയായിരുന്നു മത്സരം നടന്നത്. ഒന്നിനെതിരെ നാല് ഗോളിന് ബ്ലാസ്‌റ്റേഴ്‌സ് വിജയിക്കുകയും ചെയ്തു.

എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ് തങ്ങള്‍ക്കെതിരെ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ബാങ്കോക്ക് എഫ് സി. ഔദ്യോഗിക എഫ് ബി അക്കൗണ്ട് വഴിയാണ് ബാങ്കോക്ക് എഫ് സി ഇക്കാര്യം ആരാധകരുമായി പങ്കു വെച്ചത്. ബാങ്കോക്ക് എഫ് സിയെ തോല്‍പ്പിച്ചെന്ന് പറഞ്ഞുള്ള കേരള ബ്ലാസ്റ്റേഴ്‌സിന്റെ സോഷ്യല്‍ മീഡിയയിലെ പോസ്റ്റും,ലോഗോയും നീക്കം ചെയ്യണമെന്നും ബാങ്കോക്ക് എഫ് സി ആവശ്യപ്പെട്ടു.

1

എഫ് സി ബാങ്കോക്ക് എന്ന ടീമും തായ്‌ലന്‍ഡിലുണ്ട്. അവര്‍ക്കെതിരേയും ബ്ലാസ്‌റ്റേഴ്‌സ് കളിച്ചിട്ടില്ലെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ബ്ലാസ്‌റ്റേഴ്‌സിന്റെ എതിര്‍ ടീമില്‍ കളിക്കുന്ന താരമിട്ടിരിക്കുന്ന ജഴ്‌സിയിലെ ലോഗോ ബാങ്കോക്കിലെ ഒരു യൂണിവേഴ്‌സിറ്റി ടീമിന്റേതാണെന്ന് ആരാധകര്‍ കണ്ടെത്തി.

2

ബാങ്കോക്ക് തോന്‍ബുരി യൂണിവേഴ്‌സിറ്റിയാണ് ബ്ലാസ്റ്റേഴ്‌സിനോട് ഏറ്റുമുട്ടിയതെന്ന് ആരാധകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ബ്ലാസ്‌റ്റേഴ്‌സ് ഈ യൂണിവേഴ്‌സിറ്റി ടീമിനെതിരെയാണ് മത്സരിച്ചതെന്ന് ബാങ്കോക്ക് എഫ് സിയും പിന്നീട് സ്ഥീരികരിച്ചു.

3

മത്സരം നടക്കുന്നതിന് മുമ്പ് ഇത്തരത്തില്‍ ഒരു മത്സരം ഉള്ളത് കേരള ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. സംഭവം വിവാദമായതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ബാങ്കോക്ക് എഫ് സിയുടെ ലോഗോയുള്ള പോസ്റ്റുകളെല്ലാം നീക്കം ചെയ്തു.

Top