ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും

സീസണിലെ ആദ്യ ജയം തേടി ബ്ലാസ്റ്റേഴ്സ് ഇന്ന് ഹൈദരാബാദ് എഫ്സിയെ നേരിടും. പോയിൻ്റ് പട്ടികയിൽ ഹൈദരാബാദും ബ്ലാസ്റ്റേഴ്സും യഥാക്രമം 8, 9 സ്ഥാനങ്ങളിൽ നിൽക്കുന്നതിനാൽ ഈ മത്സരത്തിൽ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്. ഇരു ടീമുകളും 6 മത്സരങ്ങൾ വീതമാണ് കളിച്ചത്. ഇതിൽ ഹൈദരാബാദ് രണ്ട് മത്സരങ്ങളിൽ വിജയിക്കുകയും മൂന്ന് മത്സരങ്ങളിൽ സമനിലയും മുംബൈ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ പരാജയപെടുകയും ചെയ്തു. ബ്ലാസ്റ്റേഴ്സ് ആണെങ്കിൽ മൂന്ന് വീതം മത്സരങ്ങളിൽ സമനിലയും തോൽവിയും വഴങ്ങി.യഥാക്രമം 9, 3 പോയിൻ്റുകളാണ് ഹൈദരാബാദ്, ബ്ലാസ്റ്റേഴ്സ് ടീമുകൾക്കുള്ളത്.

ബ്ലാസ്റ്റേഴ്സിൽ ഏറെ പ്രതീക്ഷകളോടെ എത്തിച്ച ഓസീസ് സ്ട്രൈക്കർ ഗാരി ഹൂപ്പർ ആകെ ഈ സീസണിൽ നേടിയത് ഒരേയൊരു ഗോളാണ്. അതും പെനാൽറ്റി. ഹൂപ്പറിൻ്റെ ഗോൾ വരൾച്ചയാണ് വിക്കൂനയുടെ തന്ത്രങ്ങൾ തകർത്തുകളയുന്നത്. ഇതോടൊപ്പം, ആദ്യ മത്സരങ്ങളിൽ ലീതൽ എന്ന് തോന്നിപ്പിച്ച പ്രതിരോധ നിരയുടെ കെട്ടുറപ്പില്ലായ്മയും ബ്ലാസ്റ്റേഴ്സിനു തിരിച്ചടിയാവുന്നുണ്ട്. പ്രതിരോധ താരങ്ങളും ഗോൾ കീപ്പറും ചെറിയ തെറ്റുകൾ വരുത്തുന്നുണ്ട്.

പ്രതിരോധപ്പൂട്ട് പൊളിക്കാൻ കഴിയുന്നില്ല എന്നതും വിക്കൂനയുടെ തലവേദനയാണ്. 6 മത്സരങ്ങളിൽ നിന്ന് വെറും 54 ഷോട്ടുകളാണ് ബ്ലാസ്റ്റേഴ്സ് താരങ്ങൾക്ക് ഉതിർക്കാനായത്. ചാൻസുകൾ ക്രിയേറ്റ് ചെയ്യാനും താരങ്ങൾക്ക് കഴിയുന്നില്ല. മികച്ച മധ്യനിര, മുന്നേറ്റ താരങ്ങൾ ഉണ്ടെങ്കിലും ദുർബലമായ പ്രതിരോധമാണ് ഹൈദരാബാദിൻ്റെ പ്രശ്നം. ഇന്ത്യൻ യുവതാരങ്ങളൊക്കെ മികച്ച രീതിയിൽ കളിക്കുന്നുണ്ട്. അവസാന മൂന്ന് മത്സരങ്ങളിൽ അവരുടെ പ്രതിരോധം ഉലയുന്ന കാഴ്ചയാണ് കാണുന്നത്. ടീം ഇതുവരെ വഴങ്ങിയ 6 ഗോളുകളിൽ അഞ്ചും അവസാന മൂന്ന് മത്സരങ്ങളിലാണ്.

Top