പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരളത്തിന് ഐഎസ്എല്ലില്‍ സമനില

ഗുവാഹത്തി: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ പ്ലേ ഓഫ് പ്രതീക്ഷകള്‍ അസ്തമിച്ച കേരള ബ്ലാസ്റ്റേഴ്‌സിന് ഐഎസ്എല്ലില്‍ വീണ്ടും സമനില. സീസണിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആറാം സമനിലയാണിത്. 16 മത്സരങ്ങളില്‍നിന്ന് മൂന്ന് ജയവും ഏഴു തോല്‍വിയുമുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോള്‍ എട്ടാം സ്ഥാനത്താണ്. 13 കളികളില്‍നിന്ന് മൂന്ന് ജയം മാത്രമുള്ള നോര്‍ത്ത് ഈസ്റ്റ് ഒന്‍പതാം സ്ഥാനത്തും

സെറ്റ് പീസുകള്‍ പലതു ലഭിച്ചെങ്കിലും അവയൊന്നും മുതലാക്കാന്‍ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചില്ല. 45ാം മിനിറ്റില്‍ സിഡോ എടുത്ത ഫ്രീകിക്കില്‍ മുസ്തഫ ഞിങ്ങിന്റെ ഹെഡര്‍ നോര്‍ത്ത് ഈസ്റ്റ് ഗോളി സുഭാശിഷ് റോയ് തട്ടിയകറ്റി. ഗ്രൗണ്ടിലെ പരുക്കന്‍ പ്രകടനത്തിന്റെ പേരില്‍ നോര്‍ത്ത് ഈസ്റ്റിന്റെ മൂന്ന് താരങ്ങള്‍ക്ക് ആദ്യ പകുതിയില്‍ യെല്ലോ കാര്‍ഡ് കിട്ടി.

ബ്ലാസ്റ്റേഴ്‌സ് താരം ഓഗ്‌ബെച്ചെയ്ക്കും ഫൗളിന്റെ പേരില്‍ യെല്ലോ കാര്‍ഡ് കാണേണ്ടിവന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍തന്നെ നോര്‍ത്ത് ഈസ്റ്റിന്റെ ശക്തമായ ആക്രമണം ബ്ലാസ്റ്റേഴ്‌സ് ബോക്‌സിലേക്കെത്തി. നിഖില്‍ കദത്തിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോളി ബിലാല്‍ തടയുകയായിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ആദ്യ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടും ഇതായിരുന്നു. 53ാം മിനിറ്റില്‍ ഫ്രീകിക്കില്‍നിന്ന് ബ്ലാസ്റ്റേഴ്‌സ് നടത്തിയ ഗോള്‍ ശ്രമം നോര്‍ത്ത് ഈസ്റ്റ് ഗോളി തടഞ്ഞിട്ടു. രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിനായി രാഹുല്‍ കെ.പിയും മുഹമ്മദ് റാഫിയും ഇറങ്ങിയെങ്കിലും ഗുവാഹത്തിയില്‍ ഗോള്‍ മാത്രം പിറന്നില്ല.

Top