ഐ എസ് എല്‍ ഓഹരികള്‍ കൈമാറിയെന്ന്‌ സച്ചിന്‍ ടെണ്ടുല്‍ക്കര്‍

കൊച്ചി : കേരള ബ്ലാസ്റ്റേഴ്‌സിലെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബ്ലാസ്റ്റേഴ്‌സ് ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും, ടീം ഇനിയും മുന്നേറുമെന്നും സച്ചിന്‍ പറഞ്ഞു. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്‌സിനൊപ്പമുണ്ടാകുമെന്നും സച്ചിന്‍ കൂട്ടിച്ചേര്‍ത്തു.

20 ശതമാനം ഓഹരികളാണു സച്ചിന്റെ കൈവശമുണ്ടായിരുന്നത്. വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ യൂസഫ് അലി കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്ബ് ഉടമകളായ ബ്ലാസ്റ്റേഴ്‌സ് സ്‌പോര്‍ട് പ്രൈവറ്റ് ലിമിറ്ററിനെ ഏറ്റെടുത്തതായാണു റിപ്പോര്‍ട്ട്. ഗോള്‍ ഡോട്ട്‌കോമാണ് ഇതു സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്.

ലുലു ഗ്രൂപ്പ് ടീമിനെ ഏറ്റെടുക്കുന്നതുമായ ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കാന്‍ കഴിയില്ലെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ വരുണ്‍ ത്രിപുരനേനി പറഞ്ഞു. ഐഎസ്എലിന്റെ ആദ്യ സീസണ്‍ മുതല്‍ സച്ചിന്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ഒപ്പമുണ്ട്. അന്ന് പ്രസാദ് വി. പോട്ട്‌ലുരിയും സച്ചിനും ചേര്‍ന്നാണ് ടീം വാങ്ങിയത്.

Top